റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ

റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ

സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന് ഇന്ന് 57-ാം പിറന്നാള്‍. റഹ്മാന്‌റെ ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ തുടക്കം ഇടവ ബഷീര്‍ സമ്മാനിച്ച ഗിറ്റാറിലായിരുന്നു
Updated on
2 min read

അല്ലാരഖാ റഹ്‌മാന്‍ എങ്ങനെ മറക്കാനാകും ജീവിതത്തിലാദ്യമായി മീട്ടിയ ഗിറ്റാർ? ആ ഗിറ്റാറിന്റെ തന്ത്രികളിൽ നിന്നാണല്ലോ ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ തുടക്കം. ഇടവ ബഷീർ സമ്മാനിച്ചതായിരുന്നു ആ ഗിറ്റാർ. കൊല്ലത്തിന്റെ മണ്ണിൽ നിന്ന് ഗാനമേളകളുടെ സുൽത്താനായി വളർന്ന പാട്ടുകാരൻ. രണ്ടു വർഷം മുൻപൊരു മെയ് 28 ന്, പാടിക്കൊണ്ടിരിക്കേ ഗാനമേളാവേദിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അദ്ദേഹം.

പാടാൻ അവസരം തേടി ചെന്നൈയിൽ വന്നിറങ്ങിയ കാലം മുതൽ എ ആർ റഹ്‌മാന്റെ (അന്ന് ദിലീപ്) അച്ഛൻ ആർ കെ ശേഖറിനെ അറിയാം ബഷീറിന്. ആധുനിക ഇലക്ട്രോണിക്സ് സംഗീതോപകരണങ്ങളോടുള്ള ഭ്രമമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. തെന്നിന്ത്യൻ സംഗീത ലോകത്തെ ഏറ്റവും തിരക്കേറിയ ഓർക്കസ്ട്ര അറേഞ്ചറാണ് അന്ന് ശേഖർ. ഇടയ്ക്ക് സിംഗപ്പൂരിൽ പോകുമ്പോൾ ഏറ്റവും പുതിയ ഉപകരണങ്ങൾ വാങ്ങാൻ സുഹൃത്തായ ബഷീറിനെ ചട്ടം കെട്ടും ശേഖർ. "12 സ്ട്രിംഗ് ഉള്ള അക്കോസ്റ്റിക് ഗിറ്റാർ യമഹ പുറത്തിറക്കിയ കാലത്ത് അത് സ്വന്തമാക്കാൻ ശേഖർ ആഗ്രഹം പ്രകടിപ്പിച്ചത് ഓർമയുണ്ട്. മകന് വേണ്ടിയാണ്. അന്ന് ആ ഉപകരണം ഇന്ത്യയിൽ എത്തിയിട്ടില്ല." ബഷീറിന്റെ വാക്കുകൾ.

റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ
'പറയാൻ മറന്ന പരിഭവങ്ങൾ'ക്ക് രജത ജൂബിലി

"സിംഗപ്പൂരിൽ നിന്ന് തിരിച്ചുവന്ന ശേഷം ശേഖറിന്റെ വീട്ടിൽ ചെന്ന് ഗിറ്റാർ കൈമാറിയപ്പോൾ, അദ്ദേഹം ആദ്യം ചെയ്തത് അകത്തു നിന്ന് മകൻ ദിലീപിനെ വിളിച്ചു വരുത്തുകയാണ്. ശേഖറിന്റെ ആഗ്രഹപ്രകാരം ഞാൻതന്നെ ഗിറ്റാർ അവന്റെ കയ്യിൽ വച്ചുകൊടുത്തു. എന്തൊരു സന്തോഷമായിരുന്നുവെന്നോ ആ കൊച്ചു മുഖത്ത്. ഓസ്കാർ അവാർഡ്‌ വേദിയിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന എ ആർ റഹ്‌മാനെ ടെലിവിഷനിൽ കണ്ടപ്പോൾ ആദ്യം ഓർമവന്നത് നിഷ്കളങ്കമായ ആ മുഖഭാവമാണ്....'' മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "പാട്ടെഴുത്ത്" പംക്തിക്ക് വേണ്ടി കണ്ടു സംസാരിച്ചപ്പോൾ ബഷീർ പറഞ്ഞു.

ആ ഗിറ്റാറും അത് സമ്മാനിച്ച മനുഷ്യനും ഇപ്പോഴും റഹ്‌മാന്റെ ഓർമകളിൽ ഉണ്ടാവുമോ എന്നറിയാനുള്ള കൗതുകത്തിൽ നിന്നാണ് ലേഖനം വായിച്ച പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക്സ് അദ്ദേഹത്തിന് ഒരു ഇ മെയിൽ സന്ദേശം അയച്ചത്. ഉടൻ വന്നു എ ആർ റഹ്‌മാന്റെ മറുപടി: "തീർച്ചയായും; എല്ലാം ഞാൻ ഓർക്കുന്നു....''

റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ
സുബ്ബലക്ഷ്മി പാടുന്നു; 50 വർഷം മുൻപത്തെ ചിത്രത്തിൽ

നവീന സാങ്കേതികവിദ്യയോടും പാശ്ചാത്യ സംഗീതോപകരണങ്ങളോടുമുള്ള ഭ്രമം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു ബഷീറിന്. ബാപ്പ സിംഗപ്പൂരിൽ ആയിരുന്നതുകൊണ്ട് ഇടയ്ക്കിടെ അവിടെ ചെല്ലും. അത്തരമൊരു യാത്രയിലാണ് കോർഗ് കമ്പനിയുടെ മിനി സിന്തസൈസർ വാങ്ങുന്നത്. "ഇന്ത്യയിൽതന്നെ അന്നൊരു അപൂർവതയാണ് സിന്തസൈസർ. യമഹയുടെ വിശാലമായ ഒരു ഷോറൂമിൽ ചെന്ന് സിന്തസൈസറിനു വേണ്ടി വിലപേശുന്നതിനിടെ കടയുടെ ചുമരിലേക്കൊന്നു നോക്കിപ്പോയി. അവിടെ വലിയൊരു ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു. ആളെ എവിടെയോ കണ്ടു മറന്ന പോലെ. ചോദിച്ചപ്പോൾ കടയിലെ ആൾ പറഞ്ഞു: നിങ്ങളുടെ നാട്ടുകാരനാണ് - ആർ കെ ശേഖർ. ഈ ഷോറൂമിൽ നിന്ന് ആദ്യമായി മിനി സിന്തസൈസർ വാങ്ങിക്കൊണ്ടുപോയത് അദ്ദേഹമാണ്- ഏഷ്യയിൽ തന്നെ നടാടെ. അതിന്റെ ഓർമയ്ക്കായാണ് ശേഖറിന്റെ ഫോട്ടോ ചുമരിൽ തൂക്കാൻ ഞങ്ങൾ തീരുമാനിച്ചത്...''

പിൽക്കാലത്ത് ശേഖറിന്റെ സുഹൃദ് വലയത്തിൽ ചെന്നുപെട്ട നാളുകളിൽ ആ അനുഭവം അദ്ദേഹവുമായി പങ്കുവച്ചിട്ടുണ്ട് ബഷീർ. വിനയം കലർന്ന ചിരിയായിരുന്നു മറുപടി. "പ്രതിഭാശാലിയായിരുന്നു. അത്രയും തന്നെ ലാളിത്യമാർന്ന സ്വഭാവക്കാരനും. ശേഖറിന് സംഗീതത്തിൽനിന്ന് നേടാൻ കഴിയാതെ പോയ ഉയരങ്ങൾ മകൻ എ ആർ റഹ്‌മാൻ കീഴടക്കുന്നത്‌ കാണുമ്പോൾ സന്തോഷം തോന്നും..''

റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ
മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം

സിനിമാ നടന്മാരോളം, ഒരു പക്ഷേ അവരെക്കാൾ തിളക്കമാർന്ന താരപരിവേഷം സാധാരണക്കാരായ സംഗീതപ്രേമികൾക്കിടയിൽ ബഷീറിന് ഉണ്ടായിരുന്നു ഒരിക്കൽ. "ഗാനമേള എന്നാൽ ഇടവാ ബഷീറിന്റെ ഗാനമേളയാണ് അക്കാലത്ത്..'' -- കൊല്ലത്തു ജനിച്ചുവളർന്ന പ്രശസ്ത നടൻ മുകേഷ് ഓർക്കുന്നു. "സ്റ്റേജ് മൊത്തം പാശ്ചാത്യ ഉപകരണങ്ങൾ കൊണ്ട് നിറയും. ആകാശരൂപിണി അന്നപൂർണേശ്വരി എന്ന ഗാനം പാടിയാണ് ബഷീർ പരിപാടി തുടങ്ങുക. എന്തൊരു മുഴക്കമായിരുന്നു ആ ശബ്ദത്തിന്! അന്നൊക്കെ ഉത്സവപ്പറമ്പുകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായിരുന്നു ബഷീറിന്റെ ഗാനമേളയും വി സാംബശിവന്റെ കഥാപ്രസംഗവും. ബഷീറിന്റെ ഗാനമേള തന്നെ ഏറ്റവും വലിയ ആകർഷണം. ഗാനമേള കഴിഞ്ഞാൽ ഞാനും കൂട്ടുകാരും സ്ഥലം വിടും.'' (ഇടവാ ബഷീർ - 40 വർഷം സുവനീർ).

റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ
ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം

ഉത്സവവേദികളിൽ ഗാനമേള അവതരിപ്പിക്കാൻ എത്തുന്ന സംഗീതാലയ ട്രൂപ്പിന്റെ വാഹനത്തിനു ചുറ്റും കൗതുകത്തോടെ ചുറ്റിക്കറങ്ങിയിരുന്ന ബാല്യകാലത്തെ കുറിച്ചാണ് സുരേഷ് ഗോപിയുടെ മധുരിക്കുന്ന ഓർമ. "ആരൊക്കെ വന്നിട്ടുണ്ട്, ഏതൊക്കെ സംഗീതോപകണങ്ങളാണ് ഇത്തവണ അവർ അവതരിപ്പിക്കാൻ പോകുന്നത് എന്നൊക്കെ അറിയാൻ വേണ്ടിയുള്ള ആകാംക്ഷയാണ്. മൈക്കിലൂടെ ഓരോ ഉപകരണതിന്റെയും ശബ്ദം കേൾക്കുന്നത് തന്നെ ഒരു ത്രില്ലായിരുന്നു. കാത്തിരിപ്പിന് ഒടുവിൽ അതാ കോട്ടണ്‍ മില്ലിലെ സൈറണ്‍ പോലൊരു ശബ്ദം. ഗാനമേള തുടങ്ങുന്നതറിയിച്ചു കൊണ്ടുള്ള കേളികൊട്ടാണ്. ഉത്സവപ്പറമ്പിലായാലും പെരുന്നാൾ സ്ഥലത്തായാലും മറ്റെല്ലാ ബഹളവും ആ ശബ്ദത്തിൽ അലിഞ്ഞു അപ്രത്യക്ഷമാകും. തൊട്ടു പിന്നാലെ യേശുദാസിനെ ഓർമ്മിപ്പിക്കുന്ന ശബ്ദത്തിൽ ബഷീറിന്റെ ആകാശരൂപിണി ഉയരുകയായി. സ്റ്റേജിൽ നിൽക്കുന്ന ചെറിയ മനുഷ്യനാണ് ഇത്രയും ഗാംഭീര്യമാർന്ന ശബ്ദത്തിൽ പാടുന്നതെന്ന് വിശ്വസിക്കുക പ്രയാസം. ചെറിയൊരു അസൂയയും തോന്നും അപ്പോൾ. സദസ്സിലെ സുന്ദരിമാരെല്ലാം ഗായകനെ നോക്കി സ്വയം മറന്ന് ഇരിക്കുകയല്ലേ? സദസ്സിന്റെ മുൻനിരയിൽ ഇരുന്നു ബഷീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടുണ്ട് അന്നെല്ലാം.''

മരിക്കുവോളം പാടണമെന്നാണ് മോഹമെന്ന് പറയാറുണ്ടായിരുന്നു ഇടവാ ബഷീർ. തനിക്കേറ്റവും പ്രിയപ്പെട്ട ഗായകന്റെ പാട്ട് പാടിക്കൊണ്ട് യാത്രയാകാനും മോഹിച്ചിരിക്കുമോ ബഷീർക്കയുടെ മനസ്സ്? അറിയില്ല. യേശുദാസിന്റെ ഏറെ പ്രിയപ്പെട്ട "മാനാ ഹോ തും'' എന്ന ഗാനം സ്റ്റേജിൽ പാടി നിർത്തവേ ആയിരുന്നു അന്ത്യം. കൊല്ലം മറ്റൊരു സംസ്ഥാന കലോത്സവത്തിന് അരങ്ങൊരുക്കേ, ഈ മണ്ണിൽ നിന്ന് ഗാനമേളയുടെ ചക്രവർത്തിയായി ഉയർന്ന പാട്ടുകാരനെ എങ്ങനെ ഓർക്കാതിരിക്കും?

logo
The Fourth
www.thefourthnews.in