മലരും മൗനവും പിന്നെ വിദ്യാസാഗറും

മലരും മൗനവും പിന്നെ വിദ്യാസാഗറും

ഈണങ്ങളൊടുങ്ങാത്ത ഈറത്തണ്ടുമായി സംഗീതലോകത്ത് അവതരിച്ച ഐന്ദ്രജാലികനാണ് വിദ്യാസാഗര്‍
Updated on
3 min read

അനുരാഗവിലോചനനായി അതിലേറെ മോഹിതനായി എന്ന പാട്ടിനൊപ്പം ആദ്യം മനസ്സില്‍ തെളിയുക വിദ്യാസാഗറിന്റെ പ്രസാദാത്മകമായ മുഖമാണ്. വിദ്യാജിയെ മനസ്സില്‍ കണ്ട് എഴുതിയതാകുമോ വയലാര്‍ ശരത് ആ പല്ലവി?

അങ്ങേയറ്റം റൊമാന്റിക്കാണ് വിദ്യാജി. പ്രണയം ജീവിതത്തോടാണെന്ന് മാത്രം. മുപ്പത് വര്‍ഷം മുന്‍പ് ആദ്യം കണ്ടപ്പോഴുമുണ്ടായിരുന്നു സദാ പുഞ്ചിരിക്കുന്ന ആ കണ്ണുകളില്‍ പ്രണയത്തിളക്കം. കൊച്ചിയില്‍ ശനിയാഴ്ച അരങ്ങേറുന്ന മെഗാ മ്യൂസിക് ഷോയ്ക്ക് മുന്നോടിയായി മാധ്യമങ്ങളുമായി ഇടതടവില്ലാതെ സംസാരിക്കുന്ന വിദ്യാജിയെ കഴിഞ്ഞ ദിവസം കൗതുകത്തോടെ നോക്കിയിരുന്നപ്പോള്‍ അതേ തിളക്കം വീണ്ടും കണ്ടു; ഒപ്പം പഴയൊരീണം മൂളി മനസ്സ്: 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി, പ്രേമം ചുണ്ടില്‍ രാഗം നല്‍കി, രാഗം മൂളാന്‍ ഈണം നല്‍കി, ഈണം തേടും ഈറത്തണ്ടില്‍ കാറ്റിന്‍ കൈകള്‍ താളം തട്ടി....'

മലയാളിക്ക് എന്നെന്നും മൂളിനടക്കാന്‍ ഈശ്വരന്‍ കനിഞ്ഞുനല്കിയ ഈണമല്ലേ വിദ്യാസാഗര്‍? ഈണങ്ങളൊടുങ്ങാത്ത ഈറത്തണ്ടുമായി സംഗീതലോകത്ത് അവതരിച്ച ഐന്ദ്രജാലികന്‍

ശരിയല്ലേ? മലയാളിക്ക് എന്നെന്നും മൂളിനടക്കാന്‍ ഈശ്വരന്‍ കനിഞ്ഞുനല്കിയ ഈണമല്ലേ വിദ്യാസാഗര്‍? ഈണങ്ങളൊടുങ്ങാത്ത ഈറത്തണ്ടുമായി സംഗീതലോകത്ത് അവതരിച്ച ഐന്ദ്രജാലികന്‍.

നാല്‍പ്പത്തെട്ട് വര്‍ഷം മുന്‍പ് ആദ്യമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ ചെന്നുനിന്നപ്പോള്‍ വാദ്യോപകരണകലയിലെ സകലകലാപ്രതിഭയായ രാമചന്ദ്ര റാവുവിന്റെ മകന് വയസ്സ് പന്ത്രണ്ട്. എ വി എം ആര്‍ ആര്‍ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ് സെഷനില്‍ ഒപ്പം വാദ്യോപകരണങ്ങള്‍ വായിക്കുന്നവരെല്ലാം അതിപ്രഗത്ഭര്‍. മഹാരഥന്മാരുടെ ആ കൂട്ടത്തില്‍ വൈബ്രോഫോണുമായി ഒതുങ്ങിയിരുന്ന ഏകാകിയായ കുട്ടി ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയിലെ മെലഡിയുടെ രാജകുമാരനായി വളരുമെന്ന് ആരെങ്കിലും സങ്കല്പിച്ചിരിക്കുമോ?

മലരും മൗനവും പിന്നെ വിദ്യാസാഗറും
പാട്ടുകാരനാകാൻ മോഹിച്ച ജോൺ എബ്രഹാം

ശങ്കര്‍ ഗണേഷിന്റെ പാട്ടിനാണ് ആദ്യം വൈബ്രോഫോണ്‍ വായിച്ചത്. ഗായിക വാണിജയറാം. പിന്നാലെ അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. ഭരണി സ്റ്റുഡിയോയില്‍ ദേവരാജന്‍ മാഷിന്റെ പാട്ടിന്റെ പിന്നണിയില്‍ ട്യൂബുലര്‍ ബെല്‍ വായിച്ചുകൊണ്ടായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. സന്തൂറും വൈബ്രോഫോണും സൈലഫോണും ഹാര്‍പ്പും ഗിറ്റാറുമുള്‍പ്പെടെ പത്ത് ഉപകാരണങ്ങളെങ്കിലും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു ആ ചെറുപ്രായത്തിലേ വിദ്യ.''വര്‍ഷങ്ങളായി സിനിമാലോകത്ത് സജീവമായിരുന്ന അച്ഛനോട് എല്ലാവര്‍ക്കും സ്‌നേഹമായിരുന്നു. ആ സ്‌നേഹത്തിന്റെ ഒരംശം അവരെനിക്കും നല്‍കി,'' വിനയപൂര്‍വം വിദ്യാസാഗര്‍ പറയും.

സംഗീതപ്രേമികള്‍ മുഴുവന്‍ വിദ്യാജിക്ക് ആ സ്‌നേഹം പകര്‍ന്നു നല്‍കി എന്നതല്ലേ സത്യം?

1990 കളുടെ മധ്യത്തിലാണ്. ചെന്നൈ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോയുടെ മുറ്റത്ത് ചിരിച്ചും കളിപറഞ്ഞും നിന്ന സുന്ദരനായ ചെറുപ്പക്കാരനെ അടുത്തു വിളിച്ചുവരുത്തി മാധവേട്ടന്‍ പറഞ്ഞു: ''അറിയില്ലേ? എ ആര്‍ റഹ്‌മാന് ഭീഷണിയാകാന്‍ പോകുന്ന മ്യൂസിക് ഡയറക്ടര്‍ ആണ്.''

തെല്ലു ലജ്ജ കലര്‍ന്ന പുഞ്ചിരിയോടെ, ''ഏയ് അങ്ങനെയൊന്നുമില്ല, ജീവിച്ചു പൊക്കോട്ടെ,'' എന്ന് പറയാതെ പറഞ്ഞുകൊണ്ട് എനിക്കുനേരെ കൈനീട്ടിയ യുവാവിന്റെ പേര് വിദ്യാസാഗര്‍. സൗമ്യമധുരമായ ആ ചിരിയില്‍ നിന്നായിരുന്നു സംഗീതയാത്രയിലെ ഏറ്റവും അമൂല്യ സൗഹൃദങ്ങളിലൊന്നിന്റെ തുടക്കം. അടുത്ത ബന്ധുവും മാഗ്‌നസൗണ്ട് ഓഡിയോ കാസറ്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായിരുന്ന മാധവദാസ് എന്ന മാധവേട്ടന് നന്ദി. ഇന്ന് നമുക്കൊപ്പമില്ല അദ്ദേഹം.

മലരും മൗനവും പിന്നെ വിദ്യാസാഗറും
മോഹൻലാലിന്റെ അഭിനയം, ഉണ്ണിയുടെ പാട്ട്, പ്രേംനസീറിന്റെ കണ്ണട

'കര്‍ണ' എന്ന സിനിമയിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ട് അധികമായിരുന്നില്ല. അടുത്ത പടമായ 'പശുംപൊന്നി'ന്റെ ജോലികളുമായി സ്റ്റുഡിയോയില്‍ എത്തിയതാണ് വിദ്യ. 'പൂമണ'ത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയിട്ട് വര്‍ഷം അഞ്ചായെങ്കിലും തെന്നിന്ത്യന്‍ സിനിമയുടെ ക്രീമിലെയറില്‍ ഇടം നേടിയിട്ടില്ല അന്നദ്ദേഹം. എങ്കിലും ചെയ്ത പാട്ടുകളിലെല്ലാമുണ്ടായിരുന്നു സവിശേഷമായ ആ വിദ്യാസ്പര്‍ശം.

മീഡിയ ആര്‍ട്ടിസ്റ്റിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലൊന്നില്‍ ചാരിനിന്നുകൊണ്ട് അന്ന് വിദ്യ സംസാരിച്ചതേറെയും 'കര്‍ണ'യിലെ പാട്ടിനെക്കുറിച്ചാണ്. സിനിമാജീവിതത്തില്‍ തനിക്കൊരു ബ്രേക്ക് ആകുമെന്ന് വിദ്യ പ്രതീക്ഷിച്ചിരുന്ന പാട്ട്. 'മലരേ മൗനമാ വേദമാ, മലര്‍കള്‍ പേശുമാ..' ഓര്‍മയില്‍നിന്ന് ആ പാട്ടിന്റെ പല്ലവി വിദ്യ മൂളിത്തന്നപ്പോള്‍ അത്ഭുതത്തോടെ പരസ്പരം നോക്കി ഞങ്ങള്‍-മാധവേട്ടനും ഞാനും. ''ദിസ് ഈസ് എ ഷുവര്‍ ഹിറ്റ്, വിദ്യ,'' മാധവേട്ടന്‍ പറഞ്ഞു.

അതേ ചെന്നൈ യാത്രയില്‍ ജാനകിയമ്മയെ അവരുടെ വീട്ടില്‍ ചെന്ന് കണ്ടപ്പോഴും 'കര്‍ണ'യിലെ പാട്ടായിരുന്നു ചര്‍ച്ചാവിഷയം. ''നല്ലൊരു മെലഡി പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമായാണ് ഞാന്‍ എന്റെ ഭാഗം തീര്‍ത്ത് തിരിച്ചുപോന്നത്. പക്ഷേ ബാലുവിന്റെ ശബ്ദത്തോടു കൂടി പാട്ട് പൂര്‍ണരൂപത്തില്‍ കേട്ടപ്പോള്‍, വിശ്വസിക്കാനായില്ല. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു മലരേ മൗനമാ. അടുത്തൊരു ദിവസം അര്‍ജുന്‍ പൂച്ചെണ്ടുമായി എന്നെ ഇവിടെ വന്നുകണ്ടപ്പോഴും അത്ഭുതമായിരുന്നു.അപൂര്‍വമായേ ഇത്തരം പാട്ടുകള്‍ പാടാന്‍ ഭാഗ്യം ലഭിക്കാറുള്ളൂ.'' ഒന്നുകൂടി പറഞ്ഞു ജാനകിയമ്മ. ''വിദ്യയും ബാലുവും എന്നെ ശരിക്ക് മനസ്സിലാക്കിയവര്‍. എന്റെ ആലാപനത്തിന് ഏറ്റവും ഇണങ്ങുന്ന ഭാവം ഏതെന്ന് വിദ്യക്കറിയാം. എന്റെ ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട ഭാവം ഏതെന്ന് ബാലുവിനും. ഞങ്ങള്‍ തമ്മിലുള്ള ഈ കെമിസ്ട്രി തന്നെയാവണം ഒരുമിച്ചുനിന്നു പാടാതിരുന്നിട്ടും 'മലരേ മൗനമാ'യെ ഒന്നാന്തരമൊരു യുഗ്മഗാനമാക്കി മാറ്റിയത്.''

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഹൃദയത്തെ പ്രണയസുരഭിലമാക്കിയ പാട്ടുകള്‍ ഭൂരിഭാഗവും വിദ്യയുടെ ഈണങ്ങളായിരുന്നു

'കര്‍ണ' പുറത്തിറങ്ങിയത് 1995 ഏപ്രിലില്‍. സൂപ്പര്‍ ഹിറ്റായിരുന്നു പടവും പാട്ടും. ''എന്റെ സംഗീതജീവിതത്തില്‍ വഴിത്തിരിവായി മാറിയ പാട്ടാണ് മലരേ മൗനമാ,'' വിദ്യ പറയും. ''ആ ഒരൊറ്റ പാട്ടിന്റെ പേരില്‍ നെതര്‍ലന്‍ഡ്‌സിലെ ഒരു എഫ് എം റേഡിയോ സ്റ്റേഷന്‍ എന്നെ അക്കാലത്ത് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനിപ്പുറവും ആ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നവരെ കണ്ടുമുട്ടുമ്പോള്‍ സന്തോഷം തോന്നും.''

പിന്നീട് എത്രയെത്ര സമാഗമങ്ങള്‍; സ്‌നേഹക്കൂട്ടായ്മകള്‍, സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍ ..... ''ഞാന്‍ കണ്ട ഏറ്റവും റൊമാന്റിക് ആയ സംഗീത സംവിധായകനാണ് വിദ്യ,'' ഞാന്‍ പറയും. ''നിങ്ങളുടെ അത്ര വരില്ല,''ചിരിച്ചുകൊണ്ട് വിദ്യയുടെ സ്ഥിരം മറുപടി.

പക്ഷേ ഞാന്‍ പറഞ്ഞതാണ് സത്യം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഹൃദയത്തെ പ്രണയസുരഭിലമാക്കിയ പാട്ടുകള്‍ ഭൂരിഭാഗവും വിദ്യയുടെ ഈണങ്ങളായിരുന്നു: ആരോ വിരല്‍ നീട്ടി, പിന്നെയും പിന്നെയും, ഒരു രാത്രി കൂടി വിടവാങ്ങവേ, വരമഞ്ഞളാടിയ, മറന്നിട്ടുമെന്തിനോ, ആരാരും കാണാതെ, ആരൊരാള്‍ പുലര്‍മഴയില്‍, കാത്തിരിപ്പൂ കണ്മണി, എത്രയോ ജന്മമായ്, നിലാമലരേ... തമിഴിലാണെങ്കില്‍ നീ കാറ്റ് ഞാന്‍ മരം, പൊയ് സൊല്ല കൂടാത കാതലി, അന്‍പേ അന്‍പേ, കൊഞ്ചനേരം, മൗനമേ പാര്‍വയായ്, കാട്രിന്‍ മൊഴിയേ...

മൗനാനുരാഗത്തിന്‍ ലോലഭാവവുമായി നമ്മുടെ സംഗീതമനസ്സുകളെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു വിദ്യാസാഗര്‍; പിന്നേയും പിന്നേയും.

മലരും മൗനവും പിന്നെ വിദ്യാസാഗറും
വൈറലായ സ്വാമിസംഗീതം
logo
The Fourth
www.thefourthnews.in