ആരാധകരെ ഇളക്കിമറിച്ച് മമ്മൂട്ടി ചിത്രം ടർബോ; പൂരപ്പറമ്പായി തീയറ്ററുകള്‍
റെക്കോഡ് പ്രീറിലീസ് ബുക്കിങ്ങുകളുമായി ഇന്ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ടർബോയ്ക്ക് ആരാധകരുടെ വമ്പൻ വരവേൽപ്പ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 3.25 കോടി രൂപയുടെ ടിക്കറ്റുകൾ റിലീസിന് മുമ്പ് തന്നെ വിറ്റഴിച്ചിരുന്നു. മലയാളത്തിൽ ആക്ഷൻ സിനിമകളുടെ കുത്തുഴുക്കുള്ള ഈ സമയത്ത് മമ്മൂട്ടിയുടെ ഒരു ആക്ഷൻ പടം ആരാധകരുടെ സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
പ്രീറിലീസിൽ റെക്കോർഡ് ടിക്കറ്റ് വില്പന നടന്ന ഹിറ്റ് സിനിമകളായ ദുൽഖർ സൽമാൻ നായകനായ 'കിംഗ് ഓഫ് കൊത്ത', പൃഥ്വിരാജ് നായകനായ 'ആടുജീവിതം' എന്നിവയ്‌ക്കൊപ്പം പട്ടികയിൽ മുകളിൽ തന്നെയുണ്ട് ടർബോ.
1524 ഷോകളാണ് റിലീസ് ദവസത്തിൽ ടർബോയ്ക്കുള്ളത്. റിലീസിന് മുമ്പുതന്നെ 47 ശതമാനം സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടത്, സിനിമകാണാൻ പ്രേക്ഷകർ വലിയ തോതിൽ കാത്തിരിക്കുന്നതായാണ് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് അന്വർത്ഥമാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ജനം നെഞ്ചേറ്റിയതിനു ശേഷംവീണ്ടും ഒരു മമ്മൂട്ടി ഹിറ്റ് ടർബോ ജോസിലൂടെ ഇത്തവണയുണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മമ്മൂട്ടിയുടെ വലിയ സിനിമയെന്ന തരത്തിൽ രണ്ടാമത്തെ പ്രധാന റിലീസായി കണക്കാക്കുന്ന ടർബോയ്ക്ക് വേറെയുമുണ്ട് പ്രത്യേകതകൾ. കന്നഡ സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച, 'ഗരുഡ ഗമന വൃഷഭ വാഹന' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്നത് സിനിമയുടെ വലിയ ആകർഷണമാണ്. വെട്രിവേൽ ഷണ്മുഖ സുന്ദരം എന്ന വില്ലൻ കഥാപാത്രമായാണ് രാജ് ബി ഷെട്ടിയെത്തുന്നത്. സിനിമയിൽ നായികയായെത്തുന്നത് 'പാച്ചുവും അത്ഭുത വിളക്കും' എന്ന സിനിമയിലുൾപ്പെടെ പ്രധാനവേഷം കൈകാര്യം ചെയ്ത അഞ്ജന ജയപ്രകാശാണ്.
ഇടുക്കിയിലെ ജീപ്പ് ഡ്രൈവറായ ടർബോ ജോസിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ചില പ്രശ്നങ്ങളുണ്ടാവുകയും ജോസിന് കഥയുടെ ഒരു ഘട്ടത്തിൽ ചെന്നൈയിലേക്ക് മാറി നിൽക്കേണ്ടി വരികയും ചെയ്യുകയാണ്. ജോസ് അഞ്ജന ചെയ്യുന്ന ഇന്ദുലേഖ എന്ന കഥാപത്രവുമായും തന്റെ സഹോദരൻ ജെറിയുമായും ഏറെ അടുപ്പമുള്ള ആളാണ്. നാട് വിട്ടു പോകേണ്ടിവരുന്നതും ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.