നല്ല സിനിമകളിൽ പ്രതിഫലമില്ലെങ്കിലും അഭിനയിക്കും: മമ്മൂട്ടി

നല്ല സിനിമകളിൽ പ്രതിഫലമില്ലെങ്കിലും അഭിനയിക്കും: മമ്മൂട്ടി

ജനുവരി 19നാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ തീയേറ്റർ റിലീസ്
Updated on
1 min read

പ്രതിഫലമില്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാകുമെന്ന് മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കത്തിന്റെ തീയേറ്റർ റിലീസിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഭൂതക്കണ്ണാടിയും തനിയാവർത്തനവും പോലെ സൈക്കിക് കഥാപാത്രമാണോ നൻപകൽ നേരത്ത് മയക്കത്തിൽ എന്ന ചോദ്യത്തിന് ഉത്തരമായാണ്, തന്റെ അടങ്ങാത്ത അഭിനയ മോഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ജനുവരി 19നാണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ്.

“ഭൂതക്കണ്ണാടിയും തനിയാവർത്തനവും മെന്റൽ ഹെൽത്ത് സിനിമകളെന്ന് പറയാൻ കഴിയില്ല. ആ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരായത് കൊണ്ട് നമുക്ക് അങ്ങനെ തോന്നുന്നതാണ്. നൻപകൽ നേരത്ത് മയക്കത്തിലേത് അങ്ങനെയൊരു കഥാപാത്രമല്ല. അയാൾ ഒരു സൈക്കിക് വ്യക്തിയല്ല. അതിനെല്ലാം അപ്പുറത്തേക്കുള്ള ലോകമാണ് ഈ സിനിമ. ഈ കഥാപാത്രത്തെ ഭൂതക്കണ്ണാടിയും തനിയാവർത്തനവും വച്ച് താരതമ്യം ചെയ്യാനാകില്ല", മമ്മൂട്ടി പറഞ്ഞു.

"എന്നിലെ നടനെ ഞാൻ ഇല്ലായ്മ ചെയ്യില്ല. കിട്ടുന്ന അവസരങ്ങളൊന്നും ഉപേക്ഷിക്കാറില്ല. സാധ്യതകളൊന്നും തള്ളിക്കളയില്ല. ഒന്നും കിട്ടിയില്ലെങ്കിലും അഭിനയിക്കാൻ തയാറാണ്. എനിക്ക് ഏറ്റവും സന്തോഷം തോന്നുന്നത് ഈ ജോലി ചെയ്യുമ്പോഴാണ്, പൈസ കിട്ടുമ്പോഴല്ല'', അദ്ദേഹം വ്യക്തമാക്കി.

ഒരു രാത്രി മുതൽ പിറ്റേന്ന് വൈകിട്ട് വരെയുള്ള കഥയാണ് നൻപകൽ നേരത്ത് മയക്കം പറയുന്നത്. ആ ഒന്നര മണിക്കൂറും സുന്ദരമാണെന്ന് മമ്മൂട്ടി പറയുന്നു. “ഒരു ഷർട്ടും മുണ്ടും ഒരു തോർത്തും മാത്രമുടുത്തുകൊണ്ടാണ് ആ സിനിമയിൽ ഉടനീളം എന്റെ കഥാപാത്രം. ആ ഒന്നര മണിക്കൂറിനുള്ളിൽ ആ കഥയും കഥാപാത്രവും കഥാപരിസരവുമൊക്കെ നമുക്ക് മനസ്സിലാക്കാനാവും”, അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത വന്നതുമുതൽ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു. ഐഎഫ്എഫ്കെ പ്രദര്‍ശനത്തില്‍ ചിത്രത്തിന് അനുഭവപ്പെട്ട തിരക്കും അതിന്റെ പ്രതിഫലനമായിരുന്നു.

logo
The Fourth
www.thefourthnews.in