മമ്മൂട്ടിയുടെ ആദ്യഗാനം ജോർജ് ചിത്രത്തിൽ

മമ്മൂട്ടിയുടെ ആദ്യഗാനം ജോർജ് ചിത്രത്തിൽ

മമ്മുട്ടിക്ക് ആ ഭാഗ്യം കൈവന്നു; "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ'' എന്ന പാട്ടിലൂടെ
Updated on
2 min read

എല്ലാ നടന്മാർക്കും കിട്ടുന്ന ഭാഗ്യമല്ല അത്. വെള്ളിത്തിരയിൽ പാടി അഭിനയിച്ച ആദ്യഗാനം തന്നെ കാലാതിവർത്തിയായിത്തീരുക എന്ന സുവർണ്ണസൗഭാഗ്യം.മമ്മുട്ടിക്ക് ആ ഭാഗ്യം കൈവന്നു; "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ'' എന്ന പാട്ടിലൂടെ. സിനിമയിൽ മമ്മുട്ടി ആദ്യമായി ചുണ്ടനക്കി മലയാളികൾ കണ്ടത് മുല്ലനേഴി എഴുതി എം ബി ശ്രീനിവാസൻ സ്വരപ്പെടുത്തിയ "മേള''യിലെ ഈ യേശുദാസ് ഗാനത്തിനൊപ്പമാണ്.

മമ്മൂട്ടിയുടെ ആദ്യഗാനം ജോർജ് ചിത്രത്തിൽ
അനശ്വരഗാനങ്ങൾ നാം കേട്ടത് ജോർജ് ചിത്രങ്ങളിൽ

സിനിമയിൽ പാട്ട് അനിവാര്യമാണെന്ന വിശ്വാസക്കാരനല്ല സംവിധായകൻ കെ ജി ജോർജ്ജ്. സിനിമാസംഗീതമെന്നാൽ പശ്ചാത്തല സംഗീതമാണെന്ന ഉത്തമബോധ്യവുമുണ്ട്. കഥയുടെ ഗൗരവം നല്ലൊരളവോളം ചോർത്തിക്കളയാനേ പാട്ട് ഉപകരിക്കൂ എന്നറിഞ്ഞിട്ടും പലപ്പോഴും തന്റെ നിലപാടിൽ അയവ് വരുത്തേണ്ടി വന്നു അദ്ദേഹത്തിന്. അപ്പോഴും സ്വന്തം സിനിമയിലെ പാട്ടുകൾ കഴിയുന്നതും പശ്ചാത്തലഗാനങ്ങളായി ഉപയോഗിക്കാനാണ് ജോർജ്ജ് ശ്രദ്ധിച്ചത്. "മേള''യിലെ പാട്ട് അതിനൊരു അപവാദമായിരുന്നു. മമ്മൂട്ടിയുടെ വിജയൻ എന്ന കഥാപാത്രത്തിന്റെ ആത്മഗീതമാണ് ഈ ഗാനം. ഏറ്റവുമടുത്ത സുഹൃത്തിനാൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വ്യഥയുമായി ശൂന്യമായ സർക്കസ് കൂടാരത്തിൽ ഇരുന്നുകൊണ്ടും നടന്നുകൊണ്ടും മമ്മുട്ടി പാടുന്ന ഗാനം.

ഇന്ന് കാണുമ്പോൾ തികച്ചും നാടകീയമായി തോന്നും അതിന്റെ ചിത്രീകരണം. സിനിമയുടെ രൂപഭദ്രതയോട് തെല്ലും ചേർന്നുനിൽക്കാത്ത രംഗം. പക്ഷേ ലളിതമായ കുറച്ചു വരികളിലൂടെ ആ പാട്ടിൽ മുല്ലനേഴി ആവിഷ്കരിച്ച ജീവിതയാഥാർഥ്യങ്ങളുടെ തീവ്രത ഇന്നും മനസ്സിനെ പിന്തുടരുന്നു. സ്വന്തം സിനിമകളിലെ പാട്ടുകളിൽ ജോർജ്ജിന് ഏറ്റവും പ്രിയപ്പെട്ടവയിലൊന്നായി അത് മാറിയത് സ്വാഭാവികം.

മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടുപോകുന്ന അപൂർവം സന്ദർഭങ്ങളിൽ ചുണ്ടുകൾ നിശ്ശബ്ദമായി മൂളിപ്പോകാറുണ്ട് ഈ ഗാനം. നമ്മൾ ഒരിക്കലും സങ്കൽപ്പിക്കുക പോലും ചെയ്യാത്ത ഇരുണ്ട ആകാശങ്ങളിലൂടെ ചരട് പൊട്ടിയ പട്ടം പോലെ പറക്കുന്ന മനസ്സിന്റെ ചിത്രം എത്ര യഥാതഥമായാണ് മുല്ലനേഴി മാഷ് വരച്ചിട്ടിരിക്കുന്നത് എന്ന് തോന്നും അപ്പോൾ. ചിന്തയുടെ വഴികൾ എത്ര വിചിത്രം, എത്ര നിഗൂഢം...!

"മോഹമേ നിൻ ആരോഹണങ്ങളിൽ ആരിലും രോമാഞ്ചങ്ങൾ, അവരോഹണങ്ങളിൽ ചിറകുകൾ എരിയുന്ന ആത്മാവിൻ വേദനകൾ'' എന്ന വരികൾക്ക് എം ബി എസ് നൽകിയ ഈണം ഇന്നും അജ്ഞാതമായ ഒരു വേദന നിറയ്ക്കുന്നു മനസ്സിൽ. യേശുദാസിന്റെ ശബ്ദത്തിലെ നിശബ്ദ ഗദ്ഗദവും. കടിഞ്ഞാണില്ലാതെ, കാലുകളില്ലാതെ തളിരും തണലും തേടി അലയുന്ന മനുഷ്യമനസ്സിനെ അതിന്റെ എല്ലാ നിഗൂഢതയോടും കൂടി ഇത്ര ഹൃദയസ്പർശിയായി വരച്ചിട്ട ഗാനങ്ങൾ കുറവായിരിക്കും.

സിനിമയിൽ അര നൂറ്റാണ്ട് തികച്ച മമ്മൂട്ടി പിന്നീടെത്രയോ ഗാനരംഗങ്ങളിൽ അഭിനയിച്ചു; എത്രയോ സുന്ദര ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കി. എങ്കിലും ഈ ആദ്യഗാനത്തിന്റെ വിഷാദമാധുര്യം ഒന്നു വേറെ. ഒരിക്കലും തിരികെ വരാനിടയില്ലാത്ത ഒരു കാലത്തിലേക്ക് വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കുന്നു ആ പാട്ട്... കടിഞ്ഞാണില്ലാത്ത ഏതോ മാന്ത്രികക്കുതിരയെപ്പോലെ അതിന് പിന്നാലെ പായുന്നു മനസ്സ്.

logo
The Fourth
www.thefourthnews.in