ചുരികത്തലപ്പുകൊണ്ട് പകരം വീട്ടാൻ മമ്മൂട്ടിയുടെ ചന്തു വീണ്ടും; 'ഒരു വടക്കൻ വീരഗാഥ' 4കെ പതിപ്പ് ഉടൻ തീയേറ്ററുകളിൽ
മമ്മൂട്ടി-എംടി-ഹരിഹരൻ കൂട്ടുകെട്ടിൽ 1989 ൽ പിറന്ന ഇതിഹാസ ചിത്രം ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലേക്ക്. റീറിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ 4കെ പതിപ്പിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മാറ്റിനി നൗ ആണ് ഡോൾബി അറ്റ്മോസ് ഫോർ കെ വേർഷനിൽ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
വടക്കൻ പാട്ടിനെ ആസ്പദമാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇപ്പോഴും പറയപ്പെടുന്ന വേഷമാണ് ചിത്രത്തിലെ ചന്തുച്ചേകവർ.
ചന്തു എന്ന കഥാപാത്രത്തിന് 89ലെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളിൽ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം തന്നെ മികച്ച തിരക്കഥ ( എം.ടി. വാസുദേവൻ നായർ), മികച്ച പ്രൊഡക്ഷൻ ഡിസൈൻ (പി. കൃഷ്ണമൂർത്തി) , മികച്ച വസ്ത്രാലങ്കാരം (നടരാജൻ) എന്നിവയുൾപ്പെടെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്.
മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ബാലൻ കെ നായർ, മാധവി, ഗീത, ചിത്ര,ജോമോൾ, ക്യാപ്റ്റൻ രാജു, ദേവൻ, സഞ്ജയ് മിത്ര തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.
ഹരിഹരന്റെ സംവിധാന മികവും ചടുലമായ സംഭാഷണങ്ങൾക്ക് അകമ്പടിയായി വന്ന അതിമനോഹരമായ പശ്ചാത്തല സംഗീതവും ജയകുമാറും ബോംബെ രവിയും യേശുദാസും ഒരുമിച്ച സംഗീതവുമെല്ലാം ചിത്രത്തിന്റെ മാറ്റുകൂട്ടിയ ഘടകങ്ങളായിരുന്നു. ചിത്രത്തിലെ ദൃശ്യങ്ങൾ കെ രാമചന്ദ്ര ബാബുവിനെ 1989ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഛായാഗ്രാഹകനുളള ബഹുമതിക്ക് അർഹനാക്കി.
4കെ ദൃശ്യമികവോടെ ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലെത്തുമ്പോൾ പഴയ ചന്തുച്ചേകവർക്കായി വീണ്ടും കയ്യടിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി ആരാധകർ. 4കെ പതിപ്പിനായി ഒരുക്കിയിരിക്കുന്ന ടീസറിനു മികച്ച അഭിപ്രായമാണ് പേക്ഷകരിൽനിന്നു ലഭിക്കുന്നത്.