സമയമെടുത്ത് എഴുതിയ 'ചെന്തീപ്പൊരി ചിന്തണ ചോലകള്‍'; ഭ്രമയുഗത്തിലെ പാട്ടെഴുത്ത് അവിചാരിതം: ദിന്‍ നാഥ് പുത്തഞ്ചേരി

സമയമെടുത്ത് എഴുതിയ 'ചെന്തീപ്പൊരി ചിന്തണ ചോലകള്‍'; ഭ്രമയുഗത്തിലെ പാട്ടെഴുത്ത് അവിചാരിതം: ദിന്‍ നാഥ് പുത്തഞ്ചേരി

സിനിമാജീവിതത്തെക്കുറിച്ചും പാട്ടെഴുത്തിനെക്കുറിച്ചും ദിന്‍ നാഥ് പുത്തഞ്ചേരി ദ ഫോര്‍ത്തുമായി സംസാരിക്കുന്നു.
Published on

ഭ്രമയുഗം തീയേറ്ററുകളില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കും അതിലൊരു പങ്കുണ്ട്, സിനിമയുടെ മൂഡിനനുസരിച്ച് ഭക്തിയും ഭയവും നിഗൂഢതയുമെല്ലാം നിറഞ്ഞ മൂന്ന് ഗാനങ്ങളുടെ വരികളെഴുതിയത് ദിന്‍ നാഥ് പുത്തഞ്ചേരിയായിരുന്നു. മലയാള ഗാനശാഖയിലെ അനശ്വര എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ ഇളയമകനായ ദിന്‍ നാഥ് ഭ്രമയുഗത്തിന്റെ സഹസംവിധായകരില്‍ ഒരാള്‍ കൂടിയാണ്.

2012 ലാണ് ദിന്‍ നാഥ് ആദ്യമായി സിനിമയ്ക്കു പാട്ടെഴുതുന്നത്. പിന്നീട് അടുത്ത സുഹൃത്തുക്കളില്‍ ചിലരുടെ സിനിമയിലും പാട്ടുകളെഴുതി. അച്ഛന്റെ പേര് ഉപയോഗിച്ച് അവസരങ്ങള്‍ ചോദിച്ചുവാങ്ങരുതെന്ന് ദിന്‍ നാഥിന് എന്നും നിര്‍ബന്ധമുണ്ടായിരുന്നു. അച്ഛന്‍ ഉണ്ടാക്കിയ പേര് നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണെന്നാണ് അതേക്കുറിച്ച് ദിന്‍ നാഥ് പറയുന്നത്.

അന്‍വര്‍ റഷീദ്, ഷാഹി കബീര്‍, രാഹുല്‍ സദാശിവന്‍ തുടങ്ങിയ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച ദിന്‍ നാഥ് പുത്തഞ്ചേരി തന്റെ സിനിമാജീവിതത്തെക്കുറിച്ചും പാട്ടെഴുത്തിനെക്കുറിച്ചും ദ ഫോര്‍ത്തുമായി സംസാരിക്കുന്നു.

അച്ഛന്റെ ആരാധന, പേരിന്റെ കൗതുകം

ദിന്‍ നാഥ് എന്നപേരിന്റെ രഹസ്യം ഒരിക്കല്‍ അച്ഛന്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലപ്പോഴും ദിന്‍ നാഥ് എന്ന പേര് കൂട്ടുകാരെല്ലാവരും ബിന്‍ലാദന്‍ എന്നൊക്കെ വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. അങ്ങനെ സഹികെട്ട് പേരിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതിന്റെ അര്‍ഥവും പേര് വന്ന വഴിയും പറഞ്ഞുതന്നത്. ദിന്‍ നാഥ് അഥവാ ദിനത്തിന്റെ നാഥന്‍ - സൂര്യന്‍ എന്നാണ് പേരിന്റെ അര്‍ഥം.

ഗായിക ലതാമങ്കേഷ്‌കറിന്റെ കടുത്ത ആരാധകനായിരുന്നു അച്ഛന്‍. അവരുടെ അച്ഛന്റെ പേരായ ദീനനാഥ് മങ്കേഷ്‌ക്കറിന്റെ പേരില്‍നിന്നാണ് ദിന്‍ നാഥ് പുത്തഞ്ചേരി എന്ന പേര് അച്ഛന്‍ കണ്ടെത്തുന്നത്.

സിനിമയിലേക്കുള്ള വരവ്

മുമ്പ് ആകാശവാണിയിലേക്കും മറ്റും ഞാന്‍ പാട്ടുകളെഴുതി അയയ്ക്കാറുണ്ടായിരുന്നു. ഈ സമയത്താണ് ചേട്ടന്‍ ജിതിന്റെ സുഹൃത്തായ അനീഷ് ഉപാസന 'മാറ്റിനി' എന്ന സിനിമ ആരംഭിക്കുന്നത്. ചേട്ടന്‍ ആ സിനിമയില്‍ സംവിധാനസഹായി കൂടിയായിരുന്നു. അനീഷ് ഉപാസന പറഞ്ഞതുപ്രകാരമാണ് ആ സിനിമയില്‍ ഒരു പാട്ടെഴുതിയത്. കാവ്യമാധവനായിരുന്നു ആലപിച്ചത്.

ഒരിക്കലും അച്ഛന്റെ പേര് പറഞ്ഞ് അവസരം ചോദിച്ചുവാങ്ങാന്‍ ശ്രമിക്കാറില്ല. സിനിമയില്‍ പാട്ടെഴുതിയതെല്ലാം സുഹൃത്തുക്കളായ സംവിധായകര്‍ക്ക് വേണ്ടിയാണ്. പഠിച്ച് ഒരു ജോലി വേണം, അതിനുശേഷം മാത്രമേ എന്തിനും ഇറങ്ങി തിരിക്കാവൂയെന്നായിരുന്നു അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നത്. അതുപോലെ തന്നെയാണ് ഞാന്‍ ചെയ്തതും. പഠനം കഴിഞ്ഞ ശേഷം ക്ലബ്ബ് എഫ് എമ്മില്‍ കണ്ടന്റ് റൈറ്റാറായി ജോലി ചെയ്തു. ശേഷമാണ് സുഹൃത്തായ രധിന്‍ രാധാകൃഷ്ണന് അവസരം ലഭിച്ച അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സി'ലേക്ക് വിളിക്കുന്നത്. ഈ സിനിമയിലാണ് ആദ്യമായി സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കു ശേഷമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ് ഞാനെന്ന് അന്‍വര്‍ ഇക്കയോട് പറയുന്നത്. അതിനും മുമ്പ് ഞാനും അന്‍വർ ഇക്കയും തമ്മില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ആ ദിന്‍ നാഥാണ് ഈ ദിന്‍ നാഥെന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് അന്‍വര്‍ ഇക്ക തിരിച്ചറിഞ്ഞതെന്നു മാത്രം.

'ഞാന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ്'

ട്രാന്‍സ് സിനിമയ്ക്കും മുമ്പ് 'മണിയറയിലെ ജിന്ന്' എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ അന്‍വര്‍ ഇക്ക ഒരുങ്ങിയിരുന്നു, രഘുനാഥ് പാലേരിയായിന്നു ആ ചിത്രം എഴുതാനിരുന്നത്. പാലേരി സാര്‍ അന്‍വര്‍ ഇക്കയോട് എന്നെക്കൊണ്ട് എഴുതിക്കണമെന്നെല്ലാം പറഞ്ഞിരുന്നു. അതിനുശേഷം പലപ്പോഴും അന്‍വര്‍ക്കയോട് ഞാന്‍ ഫോണിലൂടെ സംസാരിക്കുകയും ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അറിയിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും നേരിട്ട് കണ്ടിരുന്നില്ല.

ട്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞതോടെ സെറ്റില്‍ പരിചയക്കാരായ പലരും വന്നു. അപ്പോള്‍ രധിനാണ് പറയുന്നത് ''എടാ ഇനിയെങ്കിലും നീ നിന്നെ അന്‍വറിക്കയുടെ അടുത്ത് പരിചയപ്പെടുത്തണം അല്ലെങ്കില്‍ മോശമാണ് എന്ന്.'' അങ്ങനെ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷം നടന്ന ദിവസമാണ് അന്‍വര്‍ ഇക്കയോട് ഞാന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്നുപറഞ്ഞ് പരിചയപ്പെടുത്തിയത്.

''എടാ മോനെ നിന്നെ എനിക്ക് അറിയാലോ,'' എന്നായിരുന്നു അന്‍വര്‍ ഇക്ക ആദ്യം പറഞ്ഞത്. പിന്നീട് അന്‍വര്‍ ഇക്ക വഴിയാണ് 'ഇലവീഴാ പൂഞ്ചിറ'യിലേക്ക് ഷാഹി കബീറിലേക്കും 'ഭൂതകാല'ത്തിനുവേണ്ടി രാഹുല്‍ ചേട്ടനിലേക്കും ഞാന്‍ എത്തുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലം പേടി, ലൊക്കേഷനില്‍ തമാശ

ഭൂതകാലത്തില്‍ ആയാലും ഭ്രമയുഗത്തില്‍ ആയാലും ഡെഡിക്കേറ്റായി പൂര്‍ണമായി ഇറങ്ങുന്ന രാഹുലേട്ടനെയാണ് ഞാന്‍ കണ്ടത്. സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാനാണെങ്കിലും ഷോട്ട് ഡിവിഷനായാലും പൂര്‍ണമായി നീക്കിവെക്കും. നല്ല ഔട്ട് കിട്ടാന്‍ എത്രവേണമെങ്കിലും കഷ്ടപ്പെടാന്‍ രാഹുലേട്ടന്‍ തയ്യാറാണ്. അങ്ങനെയൊരു അവസ്ഥയില്‍ നമുക്കും ഓടിനടന്ന് പണിയെടുക്കാന്‍ തോന്നും. ഭൂതകാലവും ഭ്രമയുഗവും പേടിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രങ്ങളായിരുന്നെങ്കിലും ലൊക്കേഷന്‍ തമാശകള്‍ നിറഞ്ഞതായിരുന്നു. പുറകിലൂടെ പോയി ആളുകളെ പേടിപ്പിക്കുക, തമാശകള്‍ പറയുക അങ്ങനെ... പക്ഷേ ഷോട്ടിന്റെ സമയമാകുമ്പോള്‍ എല്ലാവരും വളരെ സീരിയസായി അതില്‍ മാത്രം ഫോക്കസ് ചെയ്യും. ഇലവീഴാപൂഞ്ചിറയുടെ സമയത്ത് എനിക്ക് ചെറിയ പരുക്ക് പറ്റിയിരുന്നു.

യാദൃച്ഛികമായി ഭ്രമയുഗത്തിലേക്ക്

ഇനി സിനിമയില്‍ എഴുത്തുമായി നില്‍ക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രാഹുലേട്ടന്‍ ഭ്രമയുഗത്തിലേക്ക് വിളിക്കുന്നത്. ആദ്യം ഞാന്‍ പരുക്കിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞെങ്കിലും നീ വാ നമുക്ക് സെറ്റാക്കാമെന്നായിരുന്നു മറുപടി. അങ്ങനെ ഭ്രമയുഗത്തിലെത്തി. കംപ്ലീറ്റ് സിനിമ എന്ന് പറയാവുന്ന ടീം ആയിരുന്നു അവിടെ. എല്ലാവര്‍ക്കും സ്‌ക്രിപ്റ്റ് പൂര്‍ണമായും അറിയാം. ഓരോ സീനിനും എന്താണ് വേണ്ടതെന്ന് അറിയാം. അവിടേക്കാണ് ക്രിസ്‌റ്റോ എത്തുന്നത്. സംഗീതസംവിധായകന്‍ എന്നതിലുപരി ഈ ടീമിലെ മുഴുവന്‍ സമയ അംഗം എന്ന് വേണമെങ്കില്‍ ക്രിസ്റ്റോയെ പറയാം. ചിത്രത്തില്‍ പാട്ട് എഴുതുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ ഓരോ ആളുകളുടെ പേരുകള്‍ പറയുന്നുണ്ടായിരുന്നു, അങ്ങനെ പലരുടെ പേരും ചര്‍ച്ച ചെയ്തു. ഇടയ്ക്ക് സിനിമയുടെ ടെസ്റ്റ് ഷൂട്ട് ചെയ്തപ്പോള്‍ പാട്ട് ആവശ്യമായി വന്നു. ഈ സമയത്താണ് ഞാനും ടീമിലുണ്ടായിരുന്ന അമ്മുവും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് പറയുന്നത്. ആ പാട്ട് എഴുതി കേട്ടപ്പോള്‍ രാഹുലേട്ടന് ഇഷ്ടമായി. അങ്ങനെയാണ് ഭ്രമയുഗത്തില്‍ ഞാന്‍ മൂന്ന് പാട്ടുകളും അമ്മു ഒരു പാട്ടും എഴുതുന്നത്.

തമ്പായെ.. ആദിത്യനും, ആത്മവിശ്വാസം കൂട്ടിയ പാട്ടെഴുത്ത്

'പൂമണിമാളിക...' എന്ന ഗാനം എഴുതുന്നത് അമ്മുവാണ്. 'ആദിത്യന്‍ ഇല്ലാതെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ ആദ്യമായി ഭ്രമയുഗത്തിനുവേണ്ടി എഴുതുന്നത്. പിന്നീട് 'തമ്പായെ...' എന്ന ഗാനം എഴുതിയപ്പോഴാണ് എനിക്ക് പാട്ടെഴുത്തില്‍ പൂര്‍ണമായി ആത്മവിശ്വാസമുണ്ടായത്. ക്രിസ്റ്റോയുമായി നല്ല സൗഹൃദമായതോടെ പാട്ടാണോ ട്യൂണാണോ ആദ്യമുണ്ടായതെന്ന് പറയാന്‍ കഴിയാത്ത തരത്തില്‍ പാട്ടുകള്‍ ഓരോന്നും ഉണ്ടാവുകയായിരുന്നു.

പാട്ട് തയ്യാറാക്കി രാഹുലേട്ടന് അയച്ചുകൊടുത്തു. പിന്നീട് നിര്‍ദേശമനുസരിച്ച് സ്റ്റുഡിയോയിലേത്തിയപ്പോള്‍ ഡയറക്ഷന്‍ ടീം മുഴുവന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് അറിയാവുന്നത് കൊണ്ടുതന്നെ പാട്ടെഴുതാനും എളുപ്പമായി. ദൈവത്തിനെ പുകഴ്ത്തുന്ന പാട്ടാണ് തമ്പായിയെ എന്ന ഗാനം... കുഞ്ഞുങ്ങളോട് 'തമ്പായെ' പ്രാര്‍ഥിക്ക് എന്നൊക്കെ പറയാറുണ്ട്. സിനിമ കണ്ടവര്‍ക്ക് ഈ ഗാനം സിനിമയില്‍ ഉപയോഗിച്ച രംഗത്തെക്കുറിച്ച് ഓര്‍മയുണ്ടാകും.

ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയത് 'ചെന്തീപ്പൊരി ചിന്തണ ചോലകള്‍... ചെന്താരകള്‍ ചോക്കണതോ...മദയാനകള്‍ മ്ലാവ് കരിമ്പുലി...കലി വാഴണ കാനനമോ' എന്ന പാട്ടാണ്. സ്‌ക്രിപ്റ്റും ഈ ലൊക്കേഷനുമെല്ലാം അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പാട്ടെഴുതാന്‍ കഴിഞ്ഞത്. വരികള്‍ എഴുതിയശേഷം അത് ടി ഡി രാമകൃഷ്ണന്‍ സാറിന് അയയ്ക്കുമായിരുന്നു. അദ്ദേഹമായിരുന്നു ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയത്. അദ്ദേഹവും വരികളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല.

അച്ഛന്‍ വഴിവെട്ടിയ വായനാലോകം, സുഹൃത്തുക്കളുടെ അഭിനന്ദനം

അച്ഛനാണ് വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത്, കോഴിക്കോട് മഹാറാണിയില്‍ സിനിമയുടെ എഴുത്തുകള്‍ക്കും മറ്റുമായി പോകുമ്പോള്‍ അച്ഛന്റെയൊപ്പം ഞാനും പോകും. അച്ഛന് മുറുക്കാന്‍ എടുത്തുകൊടുക്കുക, മരുന്നുകള്‍ എടുത്തുകൊടുക്കുക ഇതൊക്കെയായിരുന്നു എന്റെ ജോലികള്‍. അവിടെനിന്ന് ബോറടിക്കുമ്പോള്‍ അച്ഛന്‍ വായിക്കാന്‍ പുസ്തകങ്ങള്‍ തരും. ബോറടിക്കുമ്പോള്‍ സ്വാഭാവികമായി വായിച്ചു പോകുമല്ലോ, അങ്ങനെയാണ് ഞാന്‍ വായനയുടെ ലോകത്തേക്ക് എത്തുന്നത്. അച്ഛന്‍ അത് ബോധപൂര്‍വം ചെയ്തതായിരുന്നോ അതോ ശല്യം ഒഴിവാക്കാന്‍ ചെയ്തതായിരുന്നോ എന്നൊന്നും അറിയില്ല. പക്ഷേ അതാണ് എന്നെ വായനക്കാരനാക്കിയത്.

പക്ഷേ ഒരിക്കല്‍പ്പോലും എഴുത്തിന്‍റെ ലോകത്തേക്ക് ഞാന്‍ എത്തുമെന്ന് കരുതിയിരുന്നില്ല. അച്ഛന്റെ സഹോദരിയുടെ മകന്‍ ദീപക് റാം പാട്ടെഴുത്തുകാരനാണ്. എഴുത്തിന്റെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ വരാനും മറ്റും പ്രചോദനമായത് ദീപക് ചേട്ടനാണ്.

അച്ഛനെ തേടിയെത്തുന്നവര്‍, എന്റെയും സുഹൃത്തുക്കള്‍

ഫെബ്രുവരി പത്തിനാണ് അച്ഛന്റെ ഓര്‍മദിനം. എല്ലാ വര്‍ഷവും ആ ദിവസമാകുമ്പോള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആളുകള്‍ വീട്ടിലേക്ക് വരും. പലരെയും പരിചയമൊന്നും ഉണ്ടാവില്ല. 20-27 വയസ് പ്രായം മാത്രമുള്ളവരാണ് അധികവും. അങ്ങനെ അവരൊക്കെ നമ്മുടെ സുഹൃത്തുക്കളായി മാറി. എത്രയൊക്കെ പറഞ്ഞാലും ഇവരൊക്കെ അച്ഛനുമായിട്ടാണ് നമ്മളെ താരതമ്യം ചെയ്യുക. ഭ്രമയുഗത്തിലെ പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ ഇവരില്‍ പലരും വിളിച്ച് അഭിനന്ദിച്ചുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. അവര്‍ക്കെല്ലാം സന്തോഷമായി. പാട്ടിനെക്കുറിച്ച് അമ്മയോട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ലെങ്കിലും അമ്മയ്ക്കും ഞാന്‍ പാട്ടെഴുതുന്നതും ആളുകള്‍ പറയുന്നതുമൊക്കെ സന്തോഷമായിട്ടുണ്ട്.

സ്വപ്‌നം സിനിമ തന്നെ

ഭാവിയിലും സിനിമയില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം. എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ഭാര്യ ദീപികയുടെ പിന്തുണയാണ്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്കു പോകാമെന്ന് തീരുമാനിച്ചപ്പോഴും ഇപ്പോഴുമെല്ലാം ദീപിക തരുന്ന പിന്തുണ വളരെ വലുതാണ്. ഭ്രമയുഗത്തിലെ ടീം പ്രത്യേകിച്ച് ഡയറക്ഷന്‍ ടീം തന്ന പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയും ഒത്തൊരുമ എല്ലാവരും തമ്മിലുണ്ടായിരുന്നു.

പലരും സിനിമയെക്കുറിച്ചും സിനിമയിലെ ആളുകളെക്കുറിച്ചും മോശം കാര്യങ്ങളും പറയാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ എനിക്ക് നല്ല അനുഭവങ്ങളും നല്ല ആളുകളെയും മാത്രമാണ് കിട്ടിയിട്ടുള്ളത്. ഒന്ന് രണ്ട് സിനിമകള്‍ ചര്‍ച്ചയിലുണ്ട്. ആദ്യം ഒരു സിനിമ എഴുതണമെന്നും പിന്നീട് സംവിധാനത്തിലേക്ക് കടക്കണമെന്നുമാണ് ആഗ്രഹം.

logo
The Fourth
www.thefourthnews.in