ആറാം തവണയും മികച്ച നടനായി മമ്മൂട്ടി, നടി വിൻസി; 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രം, മഹേഷ് നാരായണൻ സംവിധായകൻ

ആറാം തവണയും മികച്ച നടനായി മമ്മൂട്ടി, നടി വിൻസി; 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രം, മഹേഷ് നാരായണൻ സംവിധായകൻ

മൃദുലയും കപിലും ഗായകൻ, എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകൻ
Updated on
2 min read

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. 'അറിയിപ്പ്' എന്ന് ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ 'രേഖ'യിലെ പ്രകടനം വിന്‍സി അലോഷ്യസിനെ മികച്ച നടിയാക്കി.

മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്‌ക്കാര മികവെന്ന് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തി

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇത് ആറാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്‌ക്കാര മികവെന്ന് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തി. പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയമികവിനാണ് വിന്‍സി അലോഷ്യസ് പുരസ്‌കാരം സ്വന്തമാക്കിയത്. അഭിനയത്തിനുള്ള പ്രത്യേക ജ്യൂറി പുരസ്‌കാരം കുഞ്ചാക്കോ ബോബനും (ന്നാ താന്‍ കേസ് കൊട്) അലന്‍സിയറും (അപ്പന്‍ ) പങ്കിട്ടു. ജിജോ ആന്റണി സംവിധാനം ചെയ്ത 'അടിത്തട്ട്' മികച്ച രണ്ടാമത്തെ ചിത്രമായി.

ഏഴ് പുരസ്‌കാരങ്ങളുമായി 'ന്നാ താന്‍ കേസ് കൊട്' ഇത്തവണ മികച്ചു നിന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച നടനുള്ള പ്രത്യേക ജ്യൂറി പുരസ്‌കാരവും ഇതില്‍ ഉള്‍പ്പെടും. ചിത്രത്തിന്‌റെ സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഡോണ്‍ വിന്‍സെന്റും കലാസംവിധാനത്തിനുള്ള പുരസ്‌കാരം ജ്യോതിഷ് ശങ്കറും ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം വിപിന്‍ നായരും സ്വന്തമാക്കി. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പി പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.

ഏഴ് പുരസ്‌കാരങ്ങളുമായി ന്നാ താന്‍ കേസ് കൊട് ഇത്തവണ മികച്ചു നിന്നു
ഏഴ് പുരസ്‌കാരങ്ങളുമായി ന്നാ താന്‍ കേസ് കൊട് ഇത്തവണ മികച്ചു നിന്നു

'സൗദി വെള്ളക്ക'യിലെ അഭിനയത്തിന് ദേവി വര്‍മ്മ മികച്ച സ്വഭാവ നടിയായി. 'പല്ലൊട്ടി 90'sകിഡ്‌സി'ലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചിയും 'വഴക്കി'ലെ അഭിനയത്തിന് തന്മയ സോളും മികച്ച ബാലതാരങ്ങളായി. കമല്‍ കെ എം ആണ് മികച്ച കഥാകൃത്ത് (പട). ജി ആര്‍ ഇന്ദുഗോപന്‌റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്പദമാക്കി 'ഒരു തെക്കന്‍ തല്ല് കേസ്' എഴുതിയ രാജേഷ് കുമാര്‍ ആര്‍ അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

റഫീക്ക് അഹമ്മദാണ് മികച്ച ഗാനരചയിതാവ് . 'വിഡ്ഢികളുടെ മാഷ്' എന്ന ചിത്രത്തിലെ ''തിരമാലയാണു നീ...'' എന്ന ഗാനത്തിനാണ് പുരസ്‌കാരം. 'ആയിഷ', '19ാം നൂറ്റാണ്ട്' എന്നീ ചിത്രങ്ങളിലൂടെ എം ജയചന്ദ്രന്‍ മികച്ച സംഗാത സംവിധായകനായി ( ഗാനങ്ങള്‍ - മയില്‍പ്പീലി ഇളകുന്നു കണ്ണാ..., കറുമ്പനിന്നിങ്ങ്..., ആയിഷ ആയിഷാ...) പല്ലൊട്ടി 90'sകിഡ്‌സിവെ കനവേ മിഴിയിലുണരേ എന്ന ഗാനം ആലപിച്ച കപില്‍ കപിലനാണ് മികച്ച പിന്നണിഗായകന്‍. 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ ''മയില്‍പ്പീലി ഇളകുന്നു കണ്ണാ...'' എന്ന ഗാനം ആലപിച്ച മൃദുല വാര്യര്‍ മികച്ച ഗായികയായി.

പോളി വത്സനും ഷോബി തിലകനുമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പുരസ്‌കാരം. 'ഇല വീഴാ പൂഞ്ചിറ'യിലൂടെ ഷാഹി കബീര്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. പല്ലൊട്ടി 90's കിഡ്‌സ് ആണ് മികച്ച കുട്ടികളുടെ ചിത്രം. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്‌റെ സംവിധായിക ശ്രുതി ശരണ്യം സ്ത്രീ / ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി. 'ഇലവരമ്പി'ന്‌റെ സംവിധായകന്‍ ബിശ്വജിത്ത് എസ് , 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന ചിത്രത്തിന്‌റെ സംവിധായകന്‍ രാരിഷ് എന്നിവര്‍ പ്രത്യേക ജ്യൂറി പരാമര്‍ശത്തിന് അര്‍ഹനായി. സി എസ് വെങ്കിടേശ്വരന്‍ രചിച്ച 'സിനിമയുടെ ഭവനാദേശങ്ങള്‍' മികച്ച ചലച്ചിത്ര ഗ്രന്ഥമായി. മികച്ച ചലച്ചിത്ര ലേഖനം - പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം ( സാബു പ്രവദാസ്).

Attachment
PDF
Declaration - Kerala State Film Awards 2023 (1).pdf
Preview

ഗൗതം ഘോഷ് ചെയര്‍മാനായ എട്ടംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കെ സി നാരായണന്‍ ചെയര്‍മാനായ സമിതി രചനാ വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചു. ആക്ഷൻ കൊറിയോഗ്രഫിക്ക് പുരസ്കാരം ഏർപ്പെടുത്തണം, പുരസ്കാരത്തുക വർധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ ജൂറി മുന്നോട്ടുവച്ചു.

logo
The Fourth
www.thefourthnews.in