'മമ്മുക്ക ചോദിച്ചു, എന്തിനാണ് ബ്ലാക്ക് ആൻഡ് വൈറ്റ്?'|RIGHT NOW | INTERVIEW
കാര്യമായി പ്രമോഷൻ ഇല്ലാതെയായിരുന്നു ഭ്രമയുഗം തീയറ്ററുകളിൽ എത്തിയത്. ചിത്രം ഇറങ്ങിയ ശേഷം മതി പ്രമോഷൻ എന്നതായിരുന്നു തീരുമാനം. സിനിമയുടെ ഫസ്റ്റ് ലുക്ക്, ടീസറിനും പോസ്റ്ററിനും ലഭിച്ച സ്വീകാര്യതയാണ് അണിയറ പ്രവർത്തകരെ ഇങ്ങനെ ചിന്തിപ്പിച്ചത്. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ സ്പോയിലർ ആകുമെന്നതും തീരുമാനത്തെ സ്വാധീനിച്ചിരുന്നു. തീയറ്ററുകളില്‍ ഏറെ നിരൂപക പ്രശംസകള്‍ നേടി ഭ്രമയുഗം മുന്നേറുമ്പോള്‍ ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ 'ദ ഫോര്‍ത്തുമായി' പങ്കുവയ്ക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ, അഭിനേതാക്കളായ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യര്‍ എന്നിവർ.
സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക എന്തിനാണെന്ന് ചോദിച്ചിരുന്നതായി രാഹുല്‍ സദാശിവന്‍ പറഞ്ഞു. "ബ്ലാക്ക് ആൻഡ് വൈറ്റ് വേണമെന്നായിരുന്നു ആദ്യം തൊട്ടേ ഉള്ള ആഗ്രഹം. മമ്മൂക്കയോട് പറഞ്ഞപ്പോൾ എന്തിനാണ് ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന് അദ്ദേഹവും ചോദിച്ചിരുന്നു. ഇതാണ് ചിത്രത്തിന് കൂടുതൽ യോജിക്കുക എന്ന് മനസിലാക്കിയതോടെ മമ്മൂക്കയും സമ്മതിച്ചു. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഷൂട്ട് ചെയ്തതോടെ കൂടുതൽ ആത്മവിശ്വാസമായി" - രാഹുല്‍ പറഞ്ഞു.
സിനിമയുടെ ചർച്ചകൾ പുരോഗമിക്കുമ്പോൾ രാഹുൽ സദാശിവൻ്റെ അസിസ്റ്റൻ്റ് ആയിരുന്നു സിദ്ധാർത്ഥിൻ്റെ പേര് പറയുന്നത്. നല്ല കഥാപാത്രങ്ങൾ ലഭിക്കാറില്ലായിരുന്നു, ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രം ലഭിച്ചു അത് നന്നായി ചെയ്യാൻ പറ്റി ഇനി കൂടുതൽ വേഷങ്ങൾ ചെയ്യണം എന്ന് സിദ്ധാർത്ഥ് ഭരതന്‍ പറഞ്ഞു.
സംവിധായകൻ എഴുതിയതനുസരിച്ച് അഭിനയിക്കുക എന്നതാണ് ഏതൊരു അഭിനേതാവിൻ്റെയും ആഗ്രഹം അത് നല്ല രീതിയിൽ വന്നു, ഇപ്പൊൾ ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ സന്തോഷം തരുന്നുണ്ടെന്ന് അർജുൻ അശോകൻ വ്യക്തമാക്കി. സംഗീതം നിർവഹിച്ച ക്രിസ്റ്റോ സേവ്യറിനും നല്ല അനുഭവം ആയിരുന്നു 'ഭ്രമയുഗം' നല്‍കിയത്. കാര്യമായ റഫറൻസുകൾ ഭ്രമയുഗത്തിനായി നൽകിയിരുന്നില്ല, അതാണ് കൂടുതൽ രസമായിട്ട് വന്നതെന്ന് തോന്നുന്നതെന്ന് ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.