'നിങ്ങളൊരു മനുഷ്യനാണെങ്കില്‍ മണിപ്പൂര്‍ ഫയല്‍സ് നിര്‍മിക്കൂ'; വിവേക് അഗ്നിഹോത്രിയെ വെല്ലുവിളിച്ച് ട്വിറ്റര്‍ ഉപയോക്താവ്
കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന വിവേക് അഗ്നി ഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് വ്യാപകമായി വിമർശനങ്ങള്‍ നേരിട്ട ചിത്രമാണ്. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണെന്നായിരുന്നു പ്രധാന വിമർശനം. വിവേകിന്റെ പുതിയ 'പ്രൊജക്ട് ദ കാശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്' എന്ന ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. സീഫൈവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇപ്പോഴിതാ വിവേക് അഗ്നി ഹോത്രിയുടെ ട്വീറ്റിന് ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂര്‍ ഫയല്‍സ് സിനിമ നിർമിക്കുമോയെന്നാണ് ട്വിറ്റര്‍ ഉപയോക്താവ് ചോദ്യമുയർത്തിയിരിക്കുന്നത്. ''നിങ്ങളൊരു മനുഷ്യനാണെങ്കില്‍ സമയം ഒട്ടും പാഴാക്കാതെ മണിപ്പൂര്‍ ഫയല്‍സ് എന്ന ചിത്രം നിര്‍മിക്കൂ ''എന്നായിരുന്നു വെല്ലുവിളി. വാന്‍ഡെറര്‍ അലി എന്നയാളുടേതാണ് ട്വീറ്റ്.
മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിച്ചതും ലൈംഗികാതിക്രമത്തിനിരയാക്കിയതിന്റെയും വീഡിയ കഴിഞ്ഞ ദിവസം പ്രചരിച്ചതോടെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മണിപ്പൂർ ഫയല്‍സ് നിർമിക്കാമോയെന്ന ചോദ്യം. മെയ് 4 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ രണ്ട് മാസത്തിനിപ്പുറം ജൂലൈ 19 നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മണിപ്പൂരില്‍ കഴിഞ്ഞ മേയ് മാസമാദ്യമാണ് വംശീയ കലാപം ആരംഭിക്കുന്നത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 6000 ത്തോളം കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഔദ്യോഗിക കണക്കുള്‍ പ്രകാരം ഇതുവരെ 125 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2022ല്‍ 200 കോടി ക്ലബില്‍ കയറിയ സിനിമയാണ് ദി കാശ്മീര്‍ ഫയല്‍സ്. ന്യൂനപക്ഷ വിഭാഗങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനവുമായി നിരവധി രാഷ്ട്രീയ പാർട്ടികളും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.