നോവലിനോട് നീതി പുലർത്താനായോ എന്ന് ഉറപ്പില്ല;
പൊന്നിയിൻ സെൽവൻ വെബ് സിരീസ് ആക്കാത്തതിന് കാരണമുണ്ട്: മണിരത്നം

നോവലിനോട് നീതി പുലർത്താനായോ എന്ന് ഉറപ്പില്ല; പൊന്നിയിൻ സെൽവൻ വെബ് സിരീസ് ആക്കാത്തതിന് കാരണമുണ്ട്: മണിരത്നം

നോവലിന്റെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്
Updated on
1 min read

കൽകി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മണിരത്നം ഒരുക്കിയ ചിത്രങ്ങളാണ് പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും. എന്നാൽ നോവലിലെ പ്രമേയം സിനിമയിൽ ഒതുക്കേണ്ടതല്ലെന്നും വെബ് സീരിസിനുള്ള കഥയുണ്ടെന്നുമുള്ള അഭിപ്രായം ആദ്യഭാഗം റിലീസായ സമയം മുതലുണ്ട്. എന്നാൽ എന്തുകൊണ്ടാണ് പൊന്നിയിൽ സെൽവൻ വെബ് സിരീസാക്കാതെ, സിനിമയാക്കി എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ മണിരത്നം

ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അത്രമേൽ യോജിച്ച അഭിനേതാക്കളെ കണ്ടെത്താനായി എന്നതാണ് പി എസ് ചിത്രങ്ങളുടെ വിജയം . അവരാകട്ടെ സിനിമയിൽ തിരക്കുള്ളവരും. അതുകൊണ്ട് തന്നെ ഏറെ സമയം ആവശ്യമുള്ള വെബ് സീരിസ് ഈ താരങ്ങളെ വച്ച് ചിത്രീകരിക്കാനാകില്ല. സിനിമയ്ക്ക് മൂന്ന് മണിക്കൂർ മാത്രമേ ആവശ്യമുള്ളു, എന്നാൽ വെബ് സിരീസ് ആകുമ്പോൾ നിരവധി എപ്പിസോഡുകൾ ആവശ്യമാണ്. അതിന് ദീർഘകാല ഷെഡ്യൂൾ ആവശ്യമായി വരും. അത്രയും നാൾ സമയം തരാൻ താരങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് വെബ് സിരീസിനെ കുറിച്ച് ആലോചിക്കാത്തതെന്ന് മണിരത്നം പറഞ്ഞു

വെബ് സിരീസ് ആകുമ്പോൾ കുറച്ച് കൂടി ആഴത്തിൽ പ്രമേയത്തെ ഉൾക്കൊള്ളാനാകുമായിരുന്നു. എന്നാൽ അഞ്ച് ഭാഗങ്ങളുള്ള നോവലിന്റെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും നോവലിനോട് നീതി പുലർത്താനായോ എന്ന് ഉറപ്പില്ലെന്നും മണിരത്നം വിശദീകരിക്കുന്നു . ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് മണിരത്നത്തിന്റെ പ്രതികരണം

പൊന്നിയിൻ സെൽവൻ 2 ഈ മാസം 28 ന് തീയേറ്ററുകളിലെത്തും. ഐശ്വര്യ റായ്, വിക്രം, ജയം രവി , തൃഷ, ഐശ്വര്യ ലക്ഷ്മി, കാർത്തി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്

logo
The Fourth
www.thefourthnews.in