'വടിവേലു നിങ്ങളെ ചിരിപ്പിച്ചിട്ടുണ്ടാകാം,  മാമന്നനില്‍ അത് പ്രതീക്ഷിക്കരുത്': മാരി സെല്‍വരാജ്

'വടിവേലു നിങ്ങളെ ചിരിപ്പിച്ചിട്ടുണ്ടാകാം, മാമന്നനില്‍ അത് പ്രതീക്ഷിക്കരുത്': മാരി സെല്‍വരാജ്

സിനിമാ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്
Updated on
2 min read

പരിയേറും പെരുമാള്‍, കര്‍ണന്‍. രണ്ട് സിനിമകള്‍, ചര്‍ച്ച ചെയ്ത രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്. പതിവ് തമിഴ് സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ആഖ്യാന രീതിയാണ് മാരിസെല്‍വരാജിനെ വ്യത്യസ്തനാക്കുന്നത്. സിനിമ മേഖല അധികം കടന്നു ചെല്ലാത്ത സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാരിസെല്‍വരാജ് ക്യമാറ തന്റെ തിരിച്ചു. ഇത്തരം പ്രതീക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് മാരിസെല്‍വരാജിന്റെ മാമന്നന്നും പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

'ചില സിനിമകള്‍ നമ്മളില്‍ ഒരുപാട് സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്റെ ജീവിതം തമിഴ് സമൂഹമായും അവിടുത്തെ ജനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്

മാമന്നന്‍ തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കുമ്പോള്‍ സിനിമയെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിക്കുകയാണ് മാരിസെല്‍വരാജ്. സിനിമാ എക്‌സ്പ്രസ്സിന് നല്‍കിയ ഒരഭിമുഖത്തിലാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. കൊമേഡിയനായി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുള്ള വടിവേലുവിന്റെ തിരിച്ചുവരവാണ് മാമന്നനെ വ്യത്യസ്തമാക്കുന്ന മറ്റൊരു വിഷയം. ഇതുവരെ കണ്ടു ശീലിച്ച വടിവേലു ആകില്ല മാമന്നനിലെന്നാണ് മാരി സെല്‍വരാജ് പറഞ്ഞുവയ്ക്കുന്നത്.

സിനിമയോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറിയത് പേരന്‍പ് സിനിമയുടെ സംവിധായകന്‍ റാമിനൊപ്പമുള്ള പ്രവര്‍ത്തനമാണ് എന്നും മാരി സെല്‍വരാജ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 'റാമിനൊപ്പമുള്ള പ്രവര്‍ത്തനം സിനിമ, സാഹിത്യം, സമൂഹം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെല്ലാം മാറ്റം വരുത്തി. അല്ലായിരുന്നെങ്കില്‍ വാണിജ്യ സിനിമയെ ശ്രദ്ധിക്കുന്ന ഒരാളായി മാറിയേനേ. ചില സിനിമകള്‍ നമ്മളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. എന്റെ ജീവിതം തമിഴ് സമൂഹമായും ജനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടാകുന്നത് ചില സിനിമകള്‍ കണ്ടതിന് ശേഷമാണ്. കലയുടെ വിജയം എത്ര പേര്‍ സിനിമ കണ്ടു എന്നതിലല്ല, മറിച്ച് എത്ര പേരുടെയുള്ളിൽ സിനിമ കണ്ട് മാറ്റങ്ങള്‍ സംഭവിച്ചു എന്നതാണ്'.

'എന്റെ അച്ഛനുമായി നിരവധി സാമ്യതകളുള്ള കഥാപാത്രമാണ് മാമന്നലിലെ വടിവേലുവിന്റേത്. അച്ഛനുമായി താരതമ്യപ്പെടുത്തിയാണ് ആ കഥാപാത്രത്തെ ഒരുക്കിയത്. എന്റെ രണ്ട് സിനിമയിലും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യം പറയാതെ ഒരു സിനിമ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല'. മാരി വ്യക്തമാക്കി.

പരിയേറും പെരുമാളിലും ഈ സംഭവങ്ങളുടെ അലയൊലികള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും

'സുഹൃത്തുക്കളും സമൂഹവുമായും അധികം ഇടപഴകാത്ത കുട്ടിക്കാലത്ത് അച്ഛനും അമ്മയുമാണ് എന്നെ ചേര്‍ത്ത് നിര്‍ത്തിയത്. തെരുക്കൂത്ത് കലാകാരനായിരുന്ന അച്ഛനോട് എന്താണ് മറ്റ് അച്ഛനമ്മാരെപ്പോലെയാകാത്തത് എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. അതിനെയെല്ലാം സൗമ്യമായി നേരിട്ട അവര്‍ ഞാന്‍ വിചാരിക്കുന്നതിനേക്കാള്‍ ധൈര്യശാലികളായിരുന്നു എന്ന് ബോധ്യപ്പെടുത്തി. പരിയേറും പെരുമാളിലും ഈ സംഭവങ്ങളുടെ അലയൊലികള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും'.

മാമന്നിലും ഒരുപാട് കഷ്ടപ്പെടുന്ന ഒരാളായി തന്നെയാണ് വടിവേലുവിനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ പ്രേക്ഷകര്‍ അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് ഞാന്‍ മാറ്റം വരുത്തിയിരിക്കുന്നത്

'വടിവേലു ചെയ്ത കോമഡി കഥാപാത്രങ്ങള്‍ പരിശോധിക്കുക. അദ്ദേഹം കഷ്ടപ്പെടുന്നു, കരയുന്നു, തല്ലുകൊള്ളുന്നു, അവഗണിക്കപ്പെടുന്നു, ഒറ്റപ്പെടുത്തുന്നു. ഇതിനോടൊക്കെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാം നമ്മെ ചിരിപ്പിച്ചു. എന്നാല്‍ , നമ്മളിലൊരാളായ സാധാരണക്കാരനായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഞാനും അദ്ദേഹത്തെ കണ്ട് ചിരിച്ചിട്ടുണ്ട്. മാമന്നിലും ഒരുപാട് കഷ്ടപ്പെടുന്ന ഒരാളായി തന്നെയാണ് വടിവേലുവിനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ പ്രേക്ഷകര്‍ അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് ഞാന്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഒരിക്കലും മാമന്നനിലെ വടിവേലുവിനെ കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ സാധിക്കില്ല'. മാരി സെല്‍വരാജ് പറഞ്ഞു. വടിവേലുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമായി കരുതെന്നും മാരിസെല്‍വരാജ് കൂട്ടിചേര്‍ത്തു.

മാമന്നനും ഇത്തരത്തില്‍ പന്നികളെപ്പറ്റിയുള്ള ഒരു കഥയാണ്

മാമന്നനില്‍ ഉദയനിധി സ്റ്റാലിന്‍ പന്നിയെ പിടിച്ച് നില്‍ക്കുന്ന രംഗത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാരി സെല്‍വരാജ് വിശദീകരിക്കുന്നുണ്ട്. 'നമ്മുടെ സമൂഹത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട ജീവി പന്നിയാണ്. എന്റെ കുടുംബം പന്നികളെ വളര്‍ത്തിയിരുന്നു. പന്നികളെ വളര്‍ത്തുന്നവര്‍ എന്ന രീതിയില്‍ പിന്നീട് സമൂഹം ഞങ്ങളെ മുദ്രകുത്തുന്നു എന്ന തിരിച്ചറിവ് വേദന മാത്രമാണ് നല്‍കിയത്. ആ വേദനയിലാണ് ഞാന്‍ വളര്‍ന്നത്. നിങ്ങളുമായി സഹവസിക്കുന്ന മൃഗങ്ങളുമായി സമൂഹം നിങ്ങളെ കൂട്ടിച്ചേര്‍ത്ത് വിലയിരുത്താന്‍ തുടങ്ങും'. മാരി കൂട്ടിചേർത്തു.

പന്നി ഒരു വന്യജീവിയാണ്. പല ജീവികളെയും മനുഷ്യന്‍ തങ്ങളുടെ ‍ ആവശ്യങ്ങള്‍ക്കായി മെരുക്കിയെടുക്കയും അതിന്റെ പ്രയോജനം കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് അതിനെ അപമാനിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് എന്റെ സിനിമയില്‍ മൃഗങ്ങളെ ചിത്രികരിക്കുന്നത്. പരിയേറും പെരുമാളിലെ നായയും കര്‍ണനിലെ കഴുതയും അതിന്റെ ഉദാഹരണങ്ങളാണ്. മാമന്നനും ഇത്തരത്തില്‍ പന്നികളെപ്പറ്റിയുള്ള ഒരു കഥയാണ്'. മാരി സെല്‍വരാജ് പറഞ്ഞു.

logo
The Fourth
www.thefourthnews.in