അയണ്‍മാന്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ... കമലയ്ക്കായി അണിനിരന്ന് സൂപ്പര്‍ താരങ്ങള്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് പിന്തുണയുമായി മാർവലിന്റെ 'അവഞ്ചേഴ്‌സ്' താരങ്ങൾ. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള താരങ്ങൾ കമലക്ക് പിന്തുണ അറിയിച്ച് എത്തിയത്.
മാർവൽ യൂണിവേഴ്സിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള റോബർട്ട് ഡൗണി ജൂനിയർ (അയൺ മാൻ), ക്രിസ് ഇവാൻസ് (ക്യാപ്റ്റൻ അമേരിക്ക), സ്കാർലറ്റ് ജോഹാൻസൺ (ബ്ലാക്ക് വിഡോ), മാർക്ക് റുഫലോ (ഹൾക്ക്), പോൾ ബെറ്റനി (വിഷൻ), ദനായി ഗുരിര (ഒകോയ്), ഡോൺ ചീഡിൽ ( വാർ മെഷീൻ) എന്നിവരാണ് കമല ഹാരിസിന് വേണ്ടി രംഗത്ത് വന്ന താരങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരങ്ങൾ നടത്തിയ വീഡിയോ കാൾ വഴിയുള്ള ഒത്തുചേരലിലാണ് താരങ്ങൾ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചത്. ഈ വീഡിയോ കോളിന്റെ ഭാഗങ്ങൾ പിന്നീട് റോബർട്ട് ഡൗണി ജൂനിയർ ഇൻസ്റാഗ്രാമിലൂടെ പങ്കിടുകയായിരുന്നു.
കമലയെ പിന്തുണക്കാനായി ഒരു മുദ്രാവാക്യം തയ്യാറാക്കാൻ ശ്രമിക്കുന്ന താരങ്ങളെ വിഡിയോയിൽ കാണാം. "ഈ തിരഞ്ഞെടുപ്പിൽ നമ്മൾ ഒരുമിച്ചു മുന്നോട്ട് വന്ന് വോട്ട് തേടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ദനായി ഗുരിര വീഡിയോയിൽ പറയുന്നു. "കമല ഫോർ എവർ" എന്നതാണ് തന്റെ മുദ്രാവാക്യമായി ദനായി നിർദേശിക്കുന്നത്. ദനായി വേഷമിട്ട 'ബ്ലാക്ക് പാന്തർ' എന്ന ചിത്രത്തിലെ 'വക്കാണ്ട ഫോർ എവർ' എന്ന പ്രശസ്തമായ വരികളോട് സാമ്യമുള്ളതാണ് ഇത്.
സമാനമായി അഭിനേതാക്കൾ സ്വന്തം സിനിമയിൽ നിന്നോ അല്ലെങ്കിൽ മറ്റ് മാർവൽ സിനിമകളിൽ നിന്നോ ഉള്ള വിവിധ ശൈലികൾ കമലക്കായി മുദ്രാവാക്യം തയ്യാറാകാൻ നിർദേശിച്ചിട്ടുണ്ട്. ഒടുവിൽ "ഞാൻ കമല ഹാരിസ്, ഞാൻ ജനാധിപത്യത്തിന് വേണ്ടി ഇറങ്ങുന്നു," എന്ന മുദ്രാവാക്യം ഉറപ്പിക്കുകയായിരുന്നു.
'അസംബിൾ ഫോർ ഡെമോക്രസി' എന്ന ഹസ്താഗോടെയാണ് റോബർട്ട് ഡൗണി ജൂനിയർ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിൽ ക്യാപ്റ്റൻ അമേരിക്ക പറയുന്ന 'അവഞ്ചേഴ്‌സ് അസംബിൾ' എന്ന വാചകത്തോട് സാമ്യമുള്ളതാണിത്. വോട്ട് എന്ന ഹാഷ്ടാഗിനൊപ്പം കമല ഹാരിസിനെയും റണ്ണിംഗ് മെറ്റ് ടിം വാൾസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
എക്‌സിൽ ഈ വീഡിയോ പങ്കിട്ടുകൊണ്ട് ദ്ധതി 2025, സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾ, കാലാവസ്ഥാ വ്യതിയാനം, LGBTQIA+ അവകാശങ്ങൾ, പൊതു വിദ്യാഭ്യാസം, വിദ്യാർത്ഥി കടാശ്വാസം, താങ്ങാനാവുന്ന പരിചരണ നിയമം, സാമൂഹിക സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് ഇത് അത്യാവശ്യമാണെന്ന് തന്റെ ഫോളോവെഴ്സിനെ ഓർമപ്പെടുത്തി.
നേരത്തെയും നിരവധി സെലിബ്രിറ്റികൾ കമലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ജെന്നിഫർ ആനിസ്റ്റൺ, ടെയ്‌ലർ സ്വിഫ്റ്റ് , ലിയോനാർഡോ ഡി കാപ്രിയോ, ബിയോൺസ്, അർനോൾഡ് ഷ്വാർസെനെഗർ, സാറാ ജെസീക്ക പാർക്കർ, എമിനെം, ആൻഡി കോഹൻ, മഡോണ, ബെൻ സ്റ്റില്ലർ, ജെന്നിഫർ ലോറൻസ് തുടങ്ങിയ ഹോളിവുഡിലെ പ്രമുഖരാണ് കമലക്ക് വോട്ട് ചെയ്യുമെന്നറിയിച്ചത്.