മേഗൻ മാർക്കിൾ ഹോളിവുഡിലേക്ക് മടങ്ങി എത്തുമോ? ആകാംക്ഷയിൽ ആരാധകർ
മേഗന് മാര്‍ക്കിള്‍ അഭിനയലോകത്തേയ്ക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡയാന രാജകുമാരിയുമായി ശക്തമായ സാദൃശ്യമുള്ള ഒരു വേഷത്തിനായാണ് മേഗനെ പരിഗണിച്ചതെന്നാണ് സൂചനകൾ. രാജ കുടുംബത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് താര പദവിയുടെ കൊടുമുടിയിലായിരുന്നു മേഗൻ. ഡയാനയുമായി ബന്ധമുള്ള ഒരു വേഷത്തിലൂടെയാണ് മേഗൻ തിരിച്ചുവരവിനൊരുങ്ങുന്നത്.
1992 ലെ ബ്ലോക്ക്ബസ്റ്റർ 'ദ ബോഡിഗാർഡി'ന്റെ തുടർച്ചയിൽ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടായിരിക്കും മേഗൻ എത്തുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. മേഗൻ മാർക്കിള്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരവിന് തയാറെടുക്കുമ്പോൾ അത് തീർച്ചയായും വളരെ പ്രാധാന്യമുള്ളതും ശ്രദ്ധേയമായതുമായ വേഷത്തിലേക്കായിരിക്കും എന്നതിൽ സംശയമില്ല.
'വിറ്റ്‌നി ഹൂസ്റ്റണും കെവിൻ കോസ്റ്റ്‌നറുമാണ് ദ ബോഡിഗാർഡിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചത്. ഡയാന രാജകുമാരിയുടെ ആകസ്മികമായ മരണത്തെത്തുടർന്ന് പ്രോജക്റ്റ് നിർത്തിവയ്ക്കുന്നതിന് മുമ്പ് ഈ റോളിലേക്ക് മേഗനെ പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ബോഡി ഗാർഡിന്റെ തുടർച്ചയിലെ മേഗൻ മാർക്കിളിനെ കാസ്റ്റിംഗിനും ഒരു പ്രതീകാത്മക മൂല്യമുണ്ട്. ഡയാനയും മേഗനും, രണ്ട് സ്ത്രീകളും രാജകീയ പൊതു ജീവിതത്തിന്റെ സങ്കീർണ്ണതകളുമായി പൊരുത്തപ്പെടുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്ത വ്യക്തിത്വങ്ങളാണ്.
ഡയാന രാജകുമാരിയുടെ സ്ഥായിയായ പൈതൃകത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന വേഷമായിരിക്കും മേഗൻ മാർക്കലിന്റെത്. യഥാർത്ഥ സിനിമയിലെ താരമായ കെവിൻ കോസ്റ്റ്നർ, ഡയാനയ്ക്കൊപ്പം അഭിനയിക്കുന്നതിന് നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
നിർഭാഗ്യവശാൽ ഡയാനയുടെ ദാരുണമായ മരണത്തെത്തുടർന്ന് ചിത്രം നടക്കാതെ പോകുകയായിരുന്നു. ദ ബോഡി ഗാർഡിന്റെ തുടർച്ചയെപ്പറ്റിയുള്ള ചർച്ചകൾ സജീവമാകുമ്പോൾ മേഗൻ മാർക്കിൾ അതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിൽ ആരാധകരും സിനിമ പ്രവർത്തകരും ഒരു പോലെ ആകാംക്ഷയിലാണ്.
ഈ തിരിച്ചു വരവ് യാഥാർത്ഥ്യമായാൽ മേഗൻ മാർക്കലിന്റെ അഭിനയ ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നും ഡയാന രാജകുമാരിയുടെ പൈതൃകത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ മേഗന് സാധിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഈ തിരിച്ചു വരവിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ബോഡിഗാർഡിന്റെ തുടർച്ചയിൽ മേഗൻ മാർക്കിൾ ഹോളിവുഡിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ പ്രേക്ഷകരെ ആവേശഭരിതരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.