ബിടിഎസ് ഇനി റിയൽ ആർമി

ബിടിഎസ് ഇനി റിയൽ ആർമി

ബിടിഎസിലെ മുതിര്‍ന്ന അംഗമായ ജിന്‍ ആകും ഈ മാസം അവസാനത്തോടെ സൈന്യത്തില്‍ ചേരുന്നത്
Updated on
2 min read

ലോകമെമ്പാടുമുള്ള സംഗീത ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ദക്ഷിണ കൊറിയൻ സംഗീത ബാന്റായ ബിടിഎസിലെ അംഗങ്ങൾ അടുത്ത മാസം മുതൽ നിർബന്ധിത സൈനിക സേവനം ആരംഭിക്കും. ബിടിഎസിന്റെ ഏജൻസിയായ ബി​ഗ് ഹിറ്റ് മ്യൂസിക്കാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. ബിടിഎസിലെ മുതിര്‍ന്ന അംഗമായ ജിന്‍ ആകും ഈ മാസം അവസാനത്തോടെ സൈന്യത്തില്‍ ചേരുന്നത്. ജിന്നിന് ഡിസംബറിൽ മുപ്പത് വയസ് തികയും. മറ്റ് അംഗങ്ങളും ഊഴം അനുസരിച്ച് സൈനിക സേവനത്തിന് പോകുമെന്നും ഏജൻസി അറിയിച്ചു.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ള അംഗപരിമിതിയില്ലാത്ത പുരുഷന്മാര്‍ നിര്‍ബന്ധമായും സൈനിക സേവനം നടത്തേണ്ടതുണ്ട്. എന്നാല്‍ നിലവിൽ ആഗോള തലത്തിൽ പ്രശസ്തരായ കായികതാരങ്ങളെയും പരമ്പരാ​ഗത സംഗീതജ്ഞരെയും മറ്റ് കലാകാരന്മാരെയും നിർബന്ധത സേവനത്തില്‍ നിന്ന് ഒഴിവാക്കുന്ന രീതിയുണ്ട്. ഈ വിഭാഗത്തിലേക്ക് ബിടിഎസും വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും. ബിടിഎസിന്റെ സൈനിക സേവനം ലോകമെമ്പാടും ചൂടുള്ള ചർച്ചയായിരുന്നു. സം​ഗീതത്തിലൂടെ രാജ്യത്തിന്റെ യശസ്സുയർത്തിയത് കൊണ്ടും ബിടിഎസ് താരങ്ങളുടെ തിരക്കുള്ള കരിയർ കൊണ്ടും നിർബന്ധിത സേവനത്തിൽ നിന്ന് അവരെ ഒഴിവാക്കണമെന്ന വാദം ഉയർന്നിരുന്നു. സർക്കാർ തലത്തിൽ വർഷങ്ങൾ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.

ബി‌ടി‌എസിന്റെ അംഗങ്ങൾ നിലവിൽ അവരുടെ സൈനിക സേവനം നിറവേറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നെന്ന് പ്രഖ്യാപിക്കുന്നതിൽ ബിഗ്‌ഹിറ്റ് മ്യൂസിക് അഭിമാനിക്കുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ ബിഗ് ഹിറ്റ് മ്യൂസിക്ക് അറിയിച്ചു. രാജ്യത്തിന്റെ ആവശ്യങ്ങൾ മാനിക്കുന്നുവെന്നും ആരോഗ്യമുള്ള ഈ യുവാക്കള്‍ക്ക് അവരുടെ രാജ്യത്തെ ജനങ്ങൾക്കൊപ്പം സേവനം ചെയ്യാനും സാധിക്കുന്ന ഈ നിമിഷം നാഴികക്കല്ലാണെന്നും ബിഗ്‌ഹിറ്റ് മ്യൂസിക് അഭിപ്രായപ്പെട്ടു. സൈനിക സേവനം പൂർത്തിയാക്കി 2025ഓടെ ബിടിഎസിലെ മുഴുവൻ താരങ്ങളും ഒന്നിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഏറെ ആരാധകരുള്ള ബാന്റെന്ന നിലയില്‍ ദക്ഷിണ കൊറിയൻ പാർലമെന്റ് കെ-പോപ്പ് താരങ്ങൾക്ക് ദേശീയ സേവനത്തിനുള്ള ഉയർന്ന പ്രായം 30 ആയി മാറ്റാൻ അനുവദിക്കുന്നതിനുള്ള ബിൽ പാസാക്കിയിരുന്നു. ഇളവ് നീട്ടണമോ എന്നറിയാൻ പൊതു സർവേ വേണമോ എന്ന് പരിശോധിക്കാൻ പ്രതിരോധ മന്ത്രി ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു. എന്നാൽ ബിടിഎസിന്റെ സൈനിക സേവന വിഷയത്തിൽ സർവെയുടെ ഫലത്തെ അടിസ്ഥാനമാക്കി മാത്രം തീരുമാനം എടുക്കില്ല എന്ന പ്രസ്താവനയോടെ പ്രതിരോധ മന്ത്രാലയം ഈ ആശയം നിരസിക്കുകയായിരുന്നു. ഈ വിഷയത്തിൽ പൊതുജനങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. അടുത്തിടെ നടന്ന പൊതു സര്‍വേയില്‍ 61 ശതമാനം ബിടിഎസിന് ഇളവ് നല്‍കുന്നത് പിന്‍താങ്ങിയെങ്കിലും 54 ശതമാനം പേർ ബിടിഎസ് സൈനിക സേവനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തുന്നതിനും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്തയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ബിടിഎസിന് ഇളവ് നല്‍കണമോ എന്നത് ദക്ഷിണ കൊറിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ സംഗീത ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ വിറ്റ നേട്ടം ബിടിഎസിനുണ്ട്. കൂടാതെ നിരവധി അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പോപ് ലോകം അടക്കിവാണ പാശ്ചാത്യ ഗായകന്മാരെയും ബാന്‍റുകളെും പുറംതള്ളി അന്തര്‍ദേശീയ സംഗീത ലോകത്ത് ബിടിഎസ് നേടിയത് വലിയ സ്ഥാനമാണ്. വെംബ്ലി സ്റ്റേഡിയത്തില്‍ ആദ്യ ദിവസം തന്നെ 90 മിനിറ്റിനുളളില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ച ആദ്യ ഏഷ്യക്കാരും ഇംഗ്ലീഷ് സംസാരിക്കാത്ത ഗായകരും ബിടിഎസ് ആണ്.

logo
The Fourth
www.thefourthnews.in