കെഎസ്എഫ്ഡിസിയുടെ രണ്ടാമത്തെ സിനിമ വരുന്നു; ഡിവോഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ് കോർപ്പറേഷന്റെ (KSFDC) വനിതാ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമായ ഡിവോഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററിലെത്തുക. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച മിനി നാടക രംഗത്തും സജീവ പ്രവത്തകയായിരുന്നു. മിനി ഐ.ജിയുടെ ആദ്യ സിനിമയാണ് ഡിവോഴ്സ്. വ്യത്യസ്ത സാഹചര്യങ്ങളിലായി ഡിവോഴ്സിലൂടെ കടന്നു പോകുന്ന ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ഷിബ്ല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്തുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാന്വലാണ്. സ്മിത അമ്പുവിന്റെ ഗാനങ്ങൾക്ക് സച്ചിൻ ബാബുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
2019ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെഎസ്എഫ്ഡിസി പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി നവസംവിധായകരിൽ നിന്നും തിരക്കഥകൾ ക്ഷണിച്ചിരുന്നു. 60ഓളം തിരക്കഥകളിൽ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നൽകിയത്. താരാ രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ ആണ് കെഎസ്എഫ്ഡിസി പദ്ധതിയിൽ പുറത്ത് വന്ന ആദ്യ സിനിമ.
നേരത്തെ കെഎസ്എഫ്ഡിസിയ്ക്കെതിരെ വിമർശനവുമായി മിനി രംഗത്ത് വന്നിരുന്നു. താൻ സംവിധാനം ചെയ്ത സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കുന്നത് കെഎസ്എഫ്ഡിസി മനഃപൂർവം വൈകിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. നിഷിദ്ധോ എന്ന ചിത്രത്തിന് മുൻപ് തന്നെ തന്റെ ചിത്രം പൂർത്തിയായിരുന്നു. എന്നാല്‍ നിഷിദ്ധോ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്ത സിനിമ നിഷിദ്ധോയാണ് എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അവർ വിമർശിച്ചിരുന്നു. തന്റെ സിനിമയാണ് ആദ്യം പൂർത്തിയാക്കുകയും സെൻസർ ചെയ്യുകയും ചെയ്തത്. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്ത് സിനിമയെ അവഗണിക്കുകയാണെന്നായിരുന്നു മിനിയുടെ ആരോപണം. എന്നാൽ, മിനി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ എൻ മായ വ്യക്തമാക്കിയിരുന്നു.