ഡാമും കടലും ഹെലികോപ്റ്ററും വരെ സെറ്റിട്ടു; ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വന്നേനെ- കലാസംവിധായകൻ മോഹൻദാസ്
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിമിഷം, തീയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ച '2018: എവരിവൺ ഇസ് എ ഹീറോ' 2024 ലെ ഓസ്കര്‍ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് ഇന്ത്യയുടെ എന്‍ട്രികളില്‍ ഇടം പിടിച്ചിരിക്കുന്നു. സിനിമ വലിയ വിജയം കൈവരിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സിനിമയുടെ പശ്ചാത്തലം. കാണികളെ അമ്പരിപ്പിച്ച സിനിമയിലെ ഡാമും കടലും ഹെലികോപ്റ്ററും വരെ സെറ്റായിരുന്നു എന്ന വെളിപ്പെടുത്തല്‍ അന്ന് അത്ഭുതത്തോടെയാണ് സിനിമ പ്രേക്ഷകര്‍ നോക്കിക്കണ്ടത്. കരിയറിൽ ഇതുവരെ നേരിടാത്ത വെല്ലുവിളികളും ത്രില്ലിങ് എക്സീപിരിയൻസുമൊക്കെ സമ്മാനിച്ച ചിത്രം എന്നായിരുന്നു കലാസംവിധായകൻ മോഹൻദാസ് 2018 നെ വിശേഷിപ്പിച്ചത്.
'2018: എവരിവൺ ഇസ് എ ഹീറോ' റിലീസിന് പിന്നാലെ കലാസംവിധായകൻ മോഹൻദാസ് ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖം.
മാമാങ്കം, ലൂസിഫർ, അയ്യപ്പനും കോശിയും എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ച മോഹൻദാസാണ് 2018 ന്റെയും ആർട്ട് ഡയറക്ടർ. 2018 എന്ന ചിത്രത്തിന്റെ കരുത്തും വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നും ആ സെറ്റാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ കരിയറിൽ ഇതുവരെ നേരിടാത്ത വെല്ലുവിളികളും ത്രില്ലിങ് എക്സീപിരിയൻസുമൊക്കെ സമ്മാനിച്ച ചിത്രമെന്ന നിലയിലാണ് മോഹൻദാസ് 2018 നെ കാണുന്നത്. അതിന് ചില കാരണങ്ങളുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളുമായി കലാസംവിധായകൻ മോഹൻദാസ്
മലയാളികള്‍ അനുഭവിച്ച് അറിഞ്ഞ പ്രളയം അതേ തീവ്രതയിൽ എങ്ങനെയാണ് റിക്രീയേറ്റ് ചെയ്തത് ?
2020 ലാണ് ജൂഡ് എന്നോട് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതും, ഞങ്ങള്‍ ലൊക്കേഷന്‍ തേടിയിറങ്ങുന്നതും . പാലക്കാട് , തൃശൂര്‍ , ഇടുക്കി , കോട്ടയം , ആലപ്പുഴ , എറണാകുളം, അങ്ങനെ പലയിടത്തും ലൊക്കേഷന്‍ നോക്കി, പുഴയോട് ചേര്‍ന്നുള്ള പത്ത് ഇരുപത്തിയഞ്ച് ഏക്കര്‍, നിരന്ന പ്രദേശമായിരുന്നു വേണ്ടത്. ഇത്രയും സ്ഥലമൊന്നും അങ്ങനെ ആരും വെറുതെ ഇടില്ലല്ലോ, അങ്ങനെ അന്വേഷിച്ച് നടന്ന് ഒടുവില്‍ എന്‌റെ അസോസിയേറ്റ് ആയിരുന്ന ഉണ്ണി വഴിയാണ് വൈക്കത്ത് ഒരു സ്ഥലമുണ്ടെന്ന് അറിയുന്നത്. അതിന്‌റെ ഉടമസ്ഥന്‍ ജൂഡിന്‌റെ സുഹൃത്തായിരുന്നു. വില്ലാ പ്രൊജക്ടിന് വേണ്ടിയിട്ടിരുന്ന സ്ഥലത്ത് 2018 ൽ പ്രളയകാലത്ത് വെള്ളം കയറിയതിനാൽ ആ പ്രോജക്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. അങ്ങനെ ആ സ്ഥലം പോയി കണ്ടു , എനിക്കും ജൂഡിനും ഇഷ്ടപ്പെട്ടു .അങ്ങനെ ഏകദേശം എല്ലാം തീരുമാനമായപ്പോള്‍ കോവിഡ് വന്നു എല്ലാം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പിന്നെ 2022 ലാണ് വീണ്ടും തുടങ്ങുന്നത്.
രണ്ടര ഏക്കറില്‍ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം നിറച്ചാണ് പ്രളയം ഷൂട്ട് ചെയ്തത്. ആകെ നാല് ടാങ്കുകൾ നിർമ്മിച്ചു. ഇതു കൂടാതെ അണ്ടര്‍ വാട്ടര്‍ ടാങ്ക് വേറെ ഉണ്ടാക്കി. 40 ല്‍ അധികം പ്രളയ സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. മെയിൻ ടാങ്കിലാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. വീടുകളും കവലയും ഉൾപ്പെടെ എല്ലാം സെറ്റിട്ടു. 14 വീടുകളാണ് സെറ്റിട്ടത്, രണ്ട് സൈഡും മുന്‍വശമായി ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. അങ്ങനെ 14 വീടുകള്‍ 28 എണ്ണമായി ഉപയോഗിക്കാനായി.
കടലിലെ സീക്വന്‍സ് ...
കടൽ ഒരു ടാങ്കിനുള്ളിലാണ് സെറ്റ് ചെയ്തത്. കടലില്‍ പോയിട്ട് എന്തായാലും ആ സീന്‍ ഷൂട്ട് ചെയ്യാനാകില്ല. അങ്ങനെ ചര്‍ച്ചയ്‌ക്കൊടുവില്‍ കടല്‍ സെറ്റിടാന്‍ എല്ലാവരും കൂടി തീരുമാനിച്ചു. പ്രൊഡക്ഷൻ ടീമും സംവിധായകനും ഉൾപ്പെടെ എല്ലാവരും കൂടെ നിന്നു. യുട്യൂബില്‍ നിന്നും ഹോളിവുഡില്‍ നിന്നുമൊക്കെ റഫറന്‍സ് എടുത്തു. തിരമാലയൊക്കെ എങ്ങനെ റിക്രീയേറ്റ് ചെയ്യാമെന്ന് മനസിലായി. അങ്ങനെ അതും ടാങ്കില്‍ തന്നെ ചിത്രീകരിച്ചു
രണ്ടര ഏക്കറില്‍ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം നിറച്ചാണ് പ്രളയം ഷൂട്ട് ചെയ്തത്
ഡാമും മരങ്ങളും ഹെലികോപ്റ്ററും ...
ഡാമിലോ പരിസരത്തോ പോലും ഒരിക്കലും ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ആദ്യം ഗ്രാഫിക്‌സ് ചെയ്യാമെന്ന് വിചാരിച്ചു. അതിനെക്കാളും പെര്‍ഫെക്ഷന്‍ സെറ്റിന് തന്നെയാകുമെന്ന് തോന്നിയപ്പോഴാണ് സെറ്റിടാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ ടാങ്കിന്റെ ഒരു ഭാഗം ഡാം പോലെ സെറ്റിട്ടു. അതിലേക്ക് മരം കൊണ്ടുവന്ന് ഇടുകയായിരുന്നു. വൈഡ് ഷോട്ടുകള്‍ മാത്രം ഗ്രാഫിക്‌സ് ചെയ്തു.
മൂന്ന് ടണ്‍ വെയിറ്റുള്ള ഹെലികോപ്റ്റര്‍ ക്രെയിനില്‍ തൂക്കിയിട്ടാണ് ചിത്രീകരിച്ചത്. രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ആ സീക്വന്‍സ് എടുത്തത്. നാലുടണ്‍ വരെ കപ്പാസിറ്റിയുള്ള ക്രെയിന്‍ ആണ് ഉപയോഗിച്ചത്.
റിസ്‌ക് എലമെന്റ്സ് ...
തീര്‍ച്ചയായും റിസ്‌ക് ഉണ്ടായിരുന്നു. കാരണം ഹെലികോപ്റ്റര്‍ ക്രെയിനില്‍ തൂക്കിയിടുമ്പോഴൊക്കെ പേടിയുണ്ടായിരുന്നു. എന്തെങ്കിലും ചെറിയ പിഴവുണ്ടായാല്‍ ക്രെയിന്‍ മറിയാനുള്ള സാധ്യതയുണ്ട്. കാരണം അങ്ങനെയുള്ള അപകടങ്ങളൊക്കെ നേരത്തെ നടന്നിട്ടുള്ളതുമാണ്. പോരാത്തതിന് ഹെലികോപ്റ്റര്‍ തൂങ്ങികിടക്കുമ്പോള്‍ തന്നെയാണ് മഴ പെയ്യിക്കുന്നതും. ആളുകള്‍ക്ക് ഒന്നും സംഭവിക്കരുത് എന്നുള്ളതിന് തന്നെയായിരുന്നു മുന്‍ഗണന. എങ്കിലും ഈ സിനിമ ഒരു ത്രില്ലിങ് എക്സ്പീരിയൻസായിരുന്നു
വെറുതെ വെള്ളം കയറിയാല്‍ പോരാ, വെള്ളം കൂടിക്കൂടി വരണം, അതിന്‌റെ ശക്തിയും തീവ്രതയും കൂടണം , അപ്പോള്‍ മാത്രമേ അത് പ്രേക്ഷകനിലേക്കും എത്തൂ. അതിന് ഞങ്ങള്‍ ഒരു ട്രിക്ക് ഉപയോഗിച്ചു
സെറ്റ് പാളിയാല്‍ സിനിമ തന്നെ കൈയില്‍ നിന്ന് പോകുമെന്ന ആശങ്ക ഉണ്ടായില്ല ?
ടാങ്കിന്റെ കാര്യത്തില്‍ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ഒരു സ്ട്രക്ച്ചറല്‍ എഞ്ചീനിയര്‍ ഉള്‍പ്പെടെ രണ്ട് എഞ്ചീനിയര്‍മാര്‍ സിനിമ തീരുന്നവരെ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും എന്തുചെയ്യുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ടായിരുന്നില്ല, എങ്ങനെ ചെയ്യാമെന്ന ആലോചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് എല്ലാ കാര്യങ്ങളും അനുവദിച്ചു തന്ന, കട്ടയ്ക്ക് ഒപ്പം നിന്ന ഒരു പ്രൊഡക്ഷന്‍ ടീം തന്നെയായിരുന്നു കരുത്ത്
റെഫറന്‍സുകള്‍ ...
എന്‌റെ വീട് പാലക്കാടാണ് അതുകൊണ്ട് പ്രളയം നേരിട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ല. പക്ഷെ കവളപ്പാറയിലെ മണ്ണിടിഞ്ഞ സ്ഥലത്ത് പോയി, കടുവയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് കൂട്ടിക്കല്‍ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്, അവിടെയും പോയിരുന്നു. സാഹചര്യമൊക്കെ മനസിലാക്കി, അവിടെയുള്ളവരോട് സംസാരിച്ചിരുന്നു. പ്രളയ സമയത്ത് പലരും എടുത്ത ഫോട്ടോസ്, ദൃശ്യങ്ങൾ, ഇതുകൂടാതെ യൂട്യൂബ്, ഹോളിവുഡ് സിനിമകൾ, അങ്ങനെ പലതരത്തിലുള്ള റഫറന്‍സ് എടുത്തിരുന്നു.
വെല്ലുവിളികള്‍...
സാധാരണ ഒരു സിനിമയ്ക്ക് സെറ്റിട്ടാല്‍ അത് ഫിക്‌സ്ഡ് ആണ്, സിനിമ കഴിഞ്ഞ് മാത്രം പിന്നെ അത് മാറ്റിയാല്‍ മതി. അതില്‍ തന്നെ വരാന്‍ സാധ്യതയുള്ളത്, നിലവിലുള്ള കാലഘട്ടം, മുന്‍പുണ്ടായിരുന്ന കാലം, ചിലപ്പോള്‍ 30 വര്‍ഷം മുന്‍പുണ്ടായിരുന്നത്, ആരും വരാതിരുന്ന ഒരു സ്ഥലം, അതൊക്കെ വളരെ സര്‍വ സാധാരണമായി നമ്മള്‍ ചെയ്ത് വരുന്നതാണ്. അത് ഉള്ള സെറ്റിൽ കളർ ടോണൊക്കെ മാറ്റി നമുക്ക് റെഡി ആക്കി എടുക്കാം.
പക്ഷെ ഒരു ഹൗസിങ് കോളനിയില്‍ വെള്ളം കയറുന്നത് സെറ്റിടുക എന്ന് പറയുന്നത് കുറച്ച് ചലഞ്ചിങ് ആയിട്ടുള്ള പരിപാടി ആണ്, വെറുതെ വെള്ളം കയറിയാല്‍ പോരാ, വെള്ളം കൂടിക്കൂടി വരണം. അതിന്‌റെ ശക്തിയും തീവ്രതയും കൂടണം , അപ്പോള്‍ മാത്രമേ അത് പ്രേക്ഷകനിലേക്കും എത്തൂ. അതിന് ഞങ്ങള്‍ ഒരു ട്രിക്ക് ഉപയോഗിച്ചിരുന്നു. അതുപക്ഷേ പുറത്ത് പറഞ്ഞിട്ടില്ല, പറയാനും ആകില്ല. എന്തായാലും ഞാന്‍ എന്‌റെ കരിയറില്‍ ചെയ്തിട്ടുള്ള ഏറ്റവും ചലഞ്ചിങ് സിനിമയായിരുന്നു 2018. അതില്‍ തര്‍ക്കമില്ല.
മാത്രമല്ല കുറച്ച് യഥാർത്ഥ ദൃശ്യങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അത് മുഴച്ച് നിൽക്കാതെ തോന്നണം. അതിനായി യഥാര്‍ത്ഥ വിഷ്വല്‍ എടുത്തിട്ട് അതുതന്നെ റിക്രീയേറ്റ് ചെയ്ത് സീക്വൻസ് കൂടി ഉൾപ്പെടുത്തി. അതുകൊണ്ടാണ് സാധാരണ പ്രേക്ഷകന് അവ തമ്മില്‍ വലിയ വ്യത്യാസം തോന്നാത്തത് . പക്ഷേ അപ്പോഴും സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായ ആളുകള്‍ക്ക് അതിലുള്ള വ്യത്യാസം മനസിലാകും
ജൂഡ് ആദ്യം ഈ സിനിമയെ പറ്റി പറഞ്ഞപ്പോള്‍ ...
ജൂഡ് കുറേകാലം ഈ സിനിമയുടെ പുറകേ നടന്ന ശേഷമാണ് ആന്‌റോ ജോസഫ് എന്നെ വിളിക്കുന്നത്. അങ്ങനെ ആലുവയിലെ ഫ്‌ളാറ്റില്‍ പോയി സ്‌ക്രിപ്റ്റ് വായിച്ചു. അപ്പോള്‍ തന്നെ എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ ജൂഡിനുണ്ടായിരുന്നു. എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നത് മാത്രമായിരുന്നു ചിന്ത. വലിയ ആശങ്കയോ ആശയക്കുഴപ്പമോ ഒന്നും ഉണ്ടായില്ല. ഇതുകേട്ടപ്പോള്‍ തന്നെ ടാങ്ക് എന്ന കണ്‍സെപ്റ്റ് ആണ് മനസില്‍ വന്നത്. അത് ജൂഡിനും ഇഷ്ടപ്പെട്ടു
പ്രളയ കാലത്ത് ജൂഡിനും സമാന അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു. ജൂഡിന്റെ വീട്ടിൽ വെള്ളം കയറി, വീട്ടിൽ നിന്ന് ഭാര്യ ഉൾപ്പെടെ എല്ലാവരെയും മാറ്റി താമസിപ്പിക്കേണ്ടി വന്നു. ആ അനുഭവത്തിൽ നിന്ന് കൂടിയാണ് ജൂഡിന് ഈ സിനിമയെ കുറിച്ചുള്ള ആലോചന വന്നത്
പ്രയത്‌നം ഫലം കാണുമ്പോള്‍...
സിനിമ വിജയിച്ചതില്‍ വളരെ സന്തോഷം... നല്ല സിനിമകള്‍ക്ക് തീയേറ്ററില്‍ ആളുണ്ടാകും എന്ന് തന്നെയാണ് ഈ സിനിമയുടെ വിജയം തെളിയിക്കുന്നത്. പിന്നെ സിനിമ കണ്ടിട്ട് പ്രിയദര്‍ശന്‍ സാർ വിളിച്ചു. സാറുമായി അടുത്ത ബന്ധമുണ്ടെങ്കിലും ആ അഭിനന്ദനം ഒരു സന്തോഷമാണ്.
അടുത്തത് എമ്പുരാന്‍ ...
അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രം എമ്പുരാന്‍ ആണ്. ലൂസിഫറിന്റെ കലാസംവിധാനവും ചെയ്തിരുന്നു. എമ്പുരാന്റെ ജോലികള്‍ ഒക്കെ തുടങ്ങിയിട്ടുണ്ട്. കൂടുതലൊന്നും ഇപ്പോൾ പറയാനാകില്ല