മോഹൻലാലും 'AMMA' യും സെലിബ്രിറ്റി ക്രിക്കറ്റ് വിട്ടു; തന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് മോഹൻലാൽ
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി . സിസിഎൽ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടർന്നാണ് ഈ സീസണിൽ ഒഴിവായതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ദ ഫോർത്തിനോട് പറഞ്ഞു . നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചു. സിസിഎൽ 3 യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിന്റെ നിർദേശത്തെ തുടർന്ന് ടീം നീക്കം ചെയ്തു. നിലവിൽ മോഹൻലാലിന് ടീമിൽ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കി. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.
നിലവിൽ ടീമിലുളള കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങൾ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു .തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ
നേരത്തെ ടീമിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയിരുന്നു മോഹൻലാൽ . ടീം ഓർഗനൈസ് ചെയ്തിരുന്നത് താരസംഘടനയായ അമ്മയായിരുന്നു. അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വർഷം ടീം മാനേജർ. കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎൽ നടക്കുന്നത്.
2011 ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ആരംഭിക്കുന്നത്. മലയാളം , തമിഴ് , തെലുഗ് , കന്നഡ , ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിന്നായി 8 ടീമുകളാണ് ലീഗിലുണ്ടായിരുന്നത്. മോഹൻലാൽ , നിവിൻ പോളി, ഇന്ദ്രജിത്ത് തുടങ്ങിയ മുൻ നിര താരങ്ങളെല്ലാം അന്ന് സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. കളിക്കളത്തിന് പുറത്ത് പിന്തുണയുമായി മമ്മൂട്ടിയുമുണ്ടായിരുന്നു. ഭാവനയും ലക്ഷ്മിറായിയുമായിരുന്നു ബ്രാൻഡ് അംബാസിഡർമാർ. ലിസി പ്രിയദർശനായിരുന്നു ഉടമ
ഹൈദരാബാദിൽ നിന്നുള്ള ഒരു വ്യവസായിയുടെ നേതൃത്വത്തിലാണ് സിസിഎൽ എന്ന സംരംഭം . ഇതിന്റെ ഫ്രൊഞ്ചൈസികൾ വിവിധ മേഖലയിലുള്ളവർ സ്വന്തമാക്കിയും സ്പോൺസർഷിപ്പിലൂടെയുമാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്