മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം
മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം

ബാറോസില്‍ ഹോളിവുഡ് സംഗീത സംവിധായകനും ; ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമ പറയുന്നത്
Updated on
1 min read

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ബാറോസിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ മാര്‍ക്ക് കിലിയനായിരിക്കുമെന്നാണ് പുതിയ വാർത്ത. മാര്‍ക്ക് കിലിയനും സംവിധായകന്‍ രാജീവ് കുമാറിനുമൊപ്പമുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മാര്‍ക്ക് കിലിയനെ ടീം ബാറോസ് സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

2006ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ സോറ്റ്സി എന്ന ചിത്രത്തിനടക്കം സംഗീതമൊരുക്കി വ്യക്തി മുദ്രപതിപ്പിച്ചയാളാണ് മാര്‍ക്കി കിലിയന്‍. അദ്ദേഹം ബാറോസിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുകയാണ്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബാറോസിന്റെ ചിത്രീകരണം 2021 ഡിസംബര്‍ 26 നാണ് പുനഃരാരംഭിച്ചത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നിധി തേടി ഒരു കുട്ടി ബാറോസിന് മുന്നില്‍ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ ഇംഗ്ലീഷ് കഥ കേട്ടതില്‍ നിന്നാണ് ബാറോസ് എന്ന ആശയമുണ്ടായതെന്ന് മോഹാന്‍ലാല്‍ ബ്ലോഗില്‍ പങ്കുവച്ചിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബാറോസ് : ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ എന്ന നിഗൂഡ രചനയാണ് സിനിമയ്ക്ക് ആധാരം. ഇതൊരു മലബാര്‍ തീരദേശ മിത്താണെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ബാറോസിന്റെ ഛായാഗ്രാഹകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവയും പോര്‍ച്ചുഗീസുമാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍.

logo
The Fourth
www.thefourthnews.in