ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, പൃഥ്യിരാജ്, മുരളി ഗോപി എന്നിവര്‍
ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, പൃഥ്യിരാജ്, മുരളി ഗോപി എന്നിവര്‍

ലൂസിഫറിനും മുകളില്‍ നില്‍ക്കണമെന്ന് മോഹന്‍ലാല്‍; എമ്പുരാന്‍ പ്രീ പ്രൊഡക്ഷന്‍ തുടങ്ങുന്നു

എമ്പുരാന്‍ മലയാളത്തില്‍ മാത്രമാകില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
Updated on
2 min read

മോഹല്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തുടങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. പ്രീപ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ ഒരുമിച്ചെത്തിയാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ് നേരത്തെ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ പ്രീമിയര്‍ ചെയ്ത വീഡിയോയില്‍ ചിത്രത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എമ്പുരാന്‍ ടീം അറിയിക്കുകയും ചെയ്തു. ചിത്രം എന്ന് റിലീസ് ചെയ്യാനാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ചിത്രീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും പ്യഥിരാജ് അറിയിച്ചു.

ലൂസിഫറിനെ വച്ച് ചിന്തിക്കുമ്പോള്‍ എമ്പുരാന്‍ അതിന് മുകളില്‍ നില്‍ക്കണമെന്നും അതിന് സാധിക്കട്ടെയെന്നും മോഹല്‍ലാല്‍ പറഞ്ഞു. എമ്പുരാന്‍ മലയാളത്തില്‍ മാത്രമാകില്ല. അതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

സിനിമയുടെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ലാലേട്ടനെ സന്ദര്‍ശിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. ടീം L2E ( ലൂസിഫര്‍ 2) എന്ന് കുറിച്ച് കൊണ്ടാണ് മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിത്രത്തിലുണ്ട്.

ആഗസ്റ്റ് 17 ന് വൈകുന്നേരം 4 മണിക്ക് ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എമ്പുരാന്‍ ടീമിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായതുകൊണ്ടുതന്നെ വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റംകുറിച്ച ചിത്രമായിരുന്നു ലൂസിഫര്‍. 'ലൂസിഫറി'ന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമെ അറിയാമായിരുന്നു. ലൂസിഫര്‍ വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാകുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി അറിയിച്ചത്.

logo
The Fourth
www.thefourthnews.in