ഒടുവില്‍ റാം വരുന്നു; ആദ്യ ഭാഗം ഡിസംബറില്‍ തിയേറ്ററുകളില്‍
ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം ആരംഭിച്ചിട്ട് നാലുവര്‍ഷത്തോളമായി. കോവിഡ് ഉയര്‍ത്തിയ ഭീഷണിയും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് സംഭവിച്ച അപകടവും കാരണമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയത്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും ബാക്കി നില്‍ക്കുന്നുണ്ട്.ഇതിനിടെ റാം സിനിമയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ചിത്രം നിര്‍ത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങള്‍ ഉണ്ടായി. ബഡജറ്റ് പ്രശ്നങ്ങള്‍ കൊണ്ടാണ് ചിത്രം നിര്‍ത്തിവെച്ചതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകളില്‍ ഒന്ന്. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രമേശ് പി പിള്ള.
രമേശ് നിര്‍മിക്കുന്ന പുതിയ ചിത്രം ലെവല്‍ ക്രോസിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍. ചിത്രം ആഗസ്റ്റില്‍ ചിത്രീകരണം പുനരാരംഭിക്കും. ഇത് കൂടാതെ ചിത്രത്തിന്റെ ആദ്യഭാഗം 2024 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നം പ്രൊഡ്യൂസര്‍ വ്യക്തമാക്കി. 126 ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി 50 ദിവസത്തോളമുള്ള ചിത്രീകരണം ബാക്കിയുണ്ട്.
ഓഗസ്റ്റ് ആദ്യം വാരം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളില്‍ 22 ദിവസത്തെ ഷൂട്ട് ടുണീഷ്യയിലാണ്. തുടര്‍ന്ന് 15 ദിവസത്തെ ഷൂട്ട് ലണ്ടനിലും നടത്തും. തുടര്‍ന്ന് മുംബൈയിലും ചെന്നൈയിലും കേരളത്തിലുമായി ചിത്രീകരണം നടക്കും. നേരത്തെ സിനിമയുടെ ചിത്രീകരണം നീളുന്നതിന്റെ കാരണം ജീത്തു ജോസഫും വെളിപ്പെടുത്തിയിരുന്നു. യുകെയില്‍ വെച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തില്‍ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്നങ്ങള്‍ ഉണ്ടായി. ഇതോടെ മൊറോക്കയിലേക്ക് ചിത്രീകരണം മാറ്റാന്‍ തീരുമാനിച്ചെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
നിലവില്‍ മൊറോക്കോയിലെ സീനുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ യുകെയിലെ വനമേഖലയില്‍ ചിത്രീകരിച്ച സീനുകളുടെ തുടര്‍ച്ചയില്‍ ആശങ്കകളുണ്ട്. അവിടുത്തെ സീസണുകള്‍ മാറി മാറി വരുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ആണെന്നും ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാല്‍ മുമ്പ് ചിത്രീകരിച്ച സീനുകള്‍ ഒഴിവാക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
മോഹന്‍ലാലിനെ തന്നെ നായകനാക്കി നേര് എന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയത്. ബേസില്‍ ജോസഫ് നായകനാവുന്ന നുണക്കുഴിയാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. ഇതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രവും ജീത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു.
മോഹന്‍ലാലിനും തൃഷയ്ക്കും പുറമെ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് റാമില്‍ മറ്റു പ്രധാന റോളുറകള്‍ അവതരിപ്പിക്കുന്നത്.