കുടുംബത്തിനും സുഹൃത്തുക്കൾക്കും എതിർപ്പ്; മോഹൻലാൽ ഇനി 'അമ്മ' തലപ്പത്തേക്ക് ഇല്ല
താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനി മോഹൻലാൽ ഇല്ല. അമ്മ ഭാരവാഹിയാകാൻ താത്പര്യമില്ലെന്ന് താരം അഡ്ഹോക് കമ്മിറ്റിയിൽ അറിയിച്ചു. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും നിർദേശം അനുസരിച്ചാണ് മോഹൻലാലിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാൽ പ്രസിഡന്‍റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന അമ്മ ഭരണസമിതി, ഹേമ കമ്മിറ്റി റിപ്പോർട്ടിനും നടന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾക്കും പിന്നാലെ രാജിവെച്ചിരുന്നു. താത്കാലിക ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
അമ്മയുടെ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടാകില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ജൂണിൽ മാത്രമേ അമ്മ ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളൂ. താല്‍ക്കാലിക കമ്മിറ്റി ഒരു വർഷം ചുമതല വഹിക്കും.
മൂന്ന് വർഷത്തിലൊരിക്കലാണ് സാധാരണ അമ്മ ഭാരവാഹികളെ തിരഞ്ഞെടുക്കാറുള്ളത്. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡിയിൽ മോഹൻലാൽ എതിരില്ലാതെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
2021ൽ മോഹൻലാലിന്റേയും ഇടവേള ബാബുവിന്റേയും നേതൃത്വത്തിലായിരുന്നു അമ്മ ഭരണസമിതി. ഇത്തവണ ഇടവേള ബാബു ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞു. മോഹൻലാൽ കൂടി മാറിയാൽ സംഘടനയുടെ പ്രവർത്തനങ്ങൾ താറുമാറാകുമെന്ന സഹപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു താരം പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നത്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സാഹചര്യങ്ങൾ മാറിമറിഞ്ഞു. ജനറൽ സെക്രട്ടറി സിദ്ദിഖിന് നേരെ കൂടി ആരോപണം ഉയർന്നതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
പുതിയ ഭാരവാഹികൾ വരുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം മോഹൻലാൽ അടക്കമുള്ളവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികൾ വൈകാതെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഴയ ഭരണസമിതി വീണ്ടും അധികാരത്തൽ വരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ നിലപാട് അറിയിച്ചത്.