'അമ്മ'യുടെ ചരിത്രത്തിലെ നാണംകെട്ട പടിയിറക്കം; പ്രസിഡന്റ് പദവിയിൽ മോഹൻലാൽ നേരിട്ടത് വൻ പ്രതിസന്ധി
അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം (18 വര്‍ഷം) പ്രസിഡന്‌റ് കസേരയിലിരുന്ന ഇന്നസെന്‌റ് പോലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് അഞ്ച് വര്‍ഷമെന്ന കുറഞ്ഞ കാലയളവില്‍ മോഹന്‍ലാലിനു നേരിടേണ്ടിവന്നത്. നടി ആക്രമിക്കപ്പെട്ടത് മുതല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ അമ്മയെ നയിക്കാനെത്തിയ മോഹന്‍ലാലിന് ഒടുവില്‍ നാണംകെട്ട് പടിയിറങ്ങേണ്ടിവന്നതും ചരിത്രം. അമ്മയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടിവന്ന ഏക പ്രസിഡന്റ് കൂടിയാണ് മോഹൻലാൽ.
സംഘടന രൂപീകരിച്ച 1994 ല്‍ എം ജി സോമന്‍ പ്രസിഡന്‌റായപ്പോള്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്‌റ് സ്ഥാനം പങ്കിട്ടുകൊണ്ടായിരുന്നു മോഹന്‍ലാല്‍ അമ്മയ്ക്കൊപ്പം യാത്ര തുടങ്ങിയത്. 2000 ല്‍ ആദ്യമായി ഇന്നസെന്‌റ് പ്രസിഡന്‌റായപ്പോഴും മോഹന്‍ലാല്‍ സുരേഷ് ഗോപിക്കൊപ്പം വൈസ് പ്രസിഡന്‌റായി പ്രവര്‍ത്തിച്ചു. 2003 ലാണ് മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2015 വരെ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു.
തിലകനെതിരെ അമ്മ ഒറ്റക്കെട്ടായി നിന്നപ്പോള്‍ 'താങ്കള്‍ക്കു പറ്റിയ ഇരയല്ല ഞാൻ' എന്നായിരുന്നു സുകുമാര്‍ അഴീക്കോടിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി
ഇതിനിടയില്‍ 2010 ലാണ് തിലകന്‍ അമ്മ എന്ന സംഘടയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തൊഴില്‍ നിഷേധം, മാഫിയ പ്രവര്‍ത്തനം, ജാതിവിവേചനം തുടങ്ങിയ എണ്ണമറ്റ ആരോപണങ്ങള്‍ കൊണ്ട് തിലകന്‍ അമ്മയെ കടന്നാക്രമിച്ചു. അമ്മയെ പ്രതിരോധത്തിലാക്കി മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനുമെതിരെ . തിലകന്‍ പരസ്യനിലപാടെടുത്തു. തിലകനുവേണ്ടി രംഗത്തെത്തിയ സുകുമാര്‍ അഴിക്കോട് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. താരങ്ങള്‍ ചാരമാകുന്നുവെന്ന് പറഞ്ഞ സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വ്യക്തി അധിക്ഷേപവും നടത്തി. മോഹന്‍ലാലിനറെ വിഗ്ഗും പരസ്യചിത്രങ്ങളിലെ അഭിനയവുമാണ് വിമര്‍ശനവിധേയമായതെങ്കില്‍ പ്രായത്തിനു ചേരാത്ത റോളുകള്‍ സ്വീകരിക്കുന്നുവെന്നതായിരുന്നു മമ്മൂട്ടിക്കെതിരായ സുകുമാര്‍ അഴീക്കോടിന്‌റെ ആയുധം.
തിലകനെതിരെ അമ്മ ഒറ്റക്കെട്ടായി നിന്നപ്പോള്‍ 'താങ്കള്‍ക്കു പറ്റിയ ഇരയല്ല ഞാൻ' എന്നായിരുന്നു സുകുമാര്‍ അഴീക്കോടിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി. സാംസ്‌കാരിക നായകന്‍ നീതിക്കൊപ്പം നില്‍ക്കണമെന്ന് മമ്മൂട്ടിയും പറഞ്ഞു. അവിടെ കൊണ്ടും തീര്‍ന്നില്ല. അമ്മയുടെ യോഗത്തിലേക്കു പോലീസ് സംരക്ഷണത്തിലെത്തിയ തിലകനെ ഒടുവില്‍ സംഘടനയില്‍നിന്ന് പുറത്താക്കിയായിരുന്നു അമ്മയുടെ പ്രശ്‌നപരിഹാരം.
2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ എന്ത് നിലപാടെടുക്കുമെന്നതായിരുന്നു തിലകനുശേഷം അമ്മ നേരിട്ട പ്രതിസന്ധി. ആദ്യം ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അമ്മ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹാസ്യരായി. നിരന്തര സമ്മർദങ്ങള്‍ക്കു പിന്നാലെ ദിലീപില്‍നിന്ന് രാജിവാങ്ങി അമ്മ മുഖം രക്ഷിച്ചു. 'എന്നും ഇരയ്‌ക്കൊപ്പമാണ്. പക്ഷേ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു' എന്ന മോഹന്‍ലാലിന്‌റെ പ്രതികരണം വ്യാപക ട്രോളിന് ഇടവരുത്തി. തിലകന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രസിഡന്‌റായ ഇന്നസെന്‌റിന് പിന്നില്‍ അമ്മ സംഘടന കെട്ടുറപ്പോടെ ഒറ്റക്കെട്ടായിനിന്നു.
2018 ലാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്‌റായി ചുമതലയേല്‍ക്കുന്നത്. 2018 ജൂണ്‍ 24 ന് ചുമതലയേറ്റ മോഹന്‍ലാലിന്‌റെ ഭരണസമിതി ജൂണ്‍ 28 ന് ദിലീപിനെ തിരിച്ചെടുക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, റിമ കല്ലിങ്കില്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജിവെച്ചു. അമ്മ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ കത്തും നല്‍കി. കത്ത് നല്‍കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥീരികരിച്ച മോഹന്‍ലാല്‍ മൂന്ന് നടിമാര്‍ എന്ന് വിളിച്ചതും വിവാദമായി. ചര്‍ച്ചയില്‍ പരിഹാരമായില്ലെന്നു മാത്രമല്ല, മൂന്നുപേരും പലപ്പോഴായി അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്ന് പുറത്തുപോവുകയും ചെയ്തു.
കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഇനി പ്രസിഡന്‌റ് സ്ഥാനത്തേക്കില്ലെന്നായിരുന്നു മോഹന്‍ലാലിന്‌റെ ആദ്യ നിലപാട്. എന്നാല്‍ മോഹന്‍ലാല്‍ പിന്‍മാറിയാല്‍ പ്രസിഡന്‌റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം വേണ്ടിവരുമെന്ന സാഹചര്യം മുന്നില്‍ കണ്ട ഒരു വിഭാഗം നടത്തിയ ശ്രമത്തിന്‌റെ ഫലമായാണ് മോഹന്‍ലാല്‍ സ്ഥാനത്ത് തുടര്‍ന്നത്. മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് മൊത്തത്തില്‍ വിവാദമായി. സംവരണ സീറ്റില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചതിനെതിരെ ചില അംഗങ്ങളുയര്‍ത്തിയ എതിര്‍പ്പായിരുന്നു വിവാദത്തിനാധാരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്നതിലെ നിലപാട് പറയുകയെന്നതായിരുന്നു രണ്ടാമത്തെ പ്രതിസന്ധി. സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന അഴകൊഴമ്പന്‍ മറുപടിയില്‍ ജനറല്‍ സെക്രട്ടറി സിദ്ധിഖ് അമ്മയുടെ നിലപാടില്ലായ്മ വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടപ്പോഴും അമ്മ ആശയക്കുഴപ്പത്തിലായി. സ്വകാര്യതസംരക്ഷണത്തിനുശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിലപാട് പറയാന്‍ അമ്മ ഒരാഴ്ച സമയമെടുത്തു. ജനറല്‍ സെക്രട്ടറി വിളിച്ച വാര്‍ത്താസമ്മേളനം സംഘടനയുടെ ആത്മവിശ്വാസമില്ലായ്മ വെളിവാക്കുന്നതായിരുന്നു. അമ്മയെ തിരുത്തി ജഗദീഷും ഉര്‍വശിയും നിലപാടെടുത്തോടെ സംഘടന പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ വന്ന ലൈംഗികാരോപണത്തില്‍ ആദ്യം സിദ്ധിഖ് സ്ഥാനം ഒഴിഞ്ഞു. ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്... ഒന്നിന് പിറകെ ഒന്നൊന്നായി ഭരണസമിതിയിലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നു തുടങ്ങിയതോടെ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ടതില്ലെന്ന് യുവതാരങ്ങളും നിലപാടെടുത്തു. മാത്രമല്ല കൂടുതല്‍ പേര്‍ക്കെതിരെ ആരോപണം വരാനുള്ള സാധ്യതയും കൂടി ഉണ്ടെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെയാണ് ഈ സമയമത്രയും മൗനത്തിലായിരുന്ന മോഹന്‍ലാല്‍ ആദ്യം സ്വയം രാജിവെയ്ക്കാന്‍ തീരുമാനിക്കുകയും പിന്നീട് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.
അമ്മയുടെ ചരിത്രത്തിലെ ആദ്യ കൂട്ടരാജിയും ഭരണസമിതി പിരിച്ചുവിടലും അങ്ങനെ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അമ്മ എന്ന സംഘടനയുടെ നാല് പ്രസിഡന്‌റുമാരില്‍ ഏറ്റവും നാണംകെട്ട് പടിയിറങ്ങേണ്ടി വരുന്ന ഭാരവാഹിയായി മാറുകയാണ് മോഹന്‍ലാല്‍. അമ്മ എന്ന സംഘടനയോട് കലഹിച്ചപ്പോഴും എതിര്‍ക്കുന്നവരെയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന മോഹന്‍ലാലിനെ തിലകന്‍ അംഗീകരിച്ചിരുന്നു. ആ നയതന്ത്രം പക്ഷേ പ്രസിഡന്‌റ് കസേരയില്‍ മോഹന്‍ലാലിന് ഒരിക്കല്‍ പോലും തുണയായില്ല.