'തിരക്കഥയാണ് താരം'; മോൺസ്റ്റർ മലയാളത്തിലെ ഇതുവരെ കാണാത്ത പ്രമേയമെന്ന് മോഹന്‍ലാല്‍

'തിരക്കഥയാണ് താരം'; മോൺസ്റ്റർ മലയാളത്തിലെ ഇതുവരെ കാണാത്ത പ്രമേയമെന്ന് മോഹന്‍ലാല്‍

ഒക്ടോബർ 21നാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്
Updated on
1 min read

നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോൺസ്റ്റർ'. ചിത്രത്തിലെ നായകനും വില്ലനും തിരക്കഥ തന്നെയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മോഹന്‍ലാല്‍. മലയാളത്തില്‍ ഇതുവരെ പറയാത്ത പ്രമേയമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലാല്‍ പറഞ്ഞു. ഒക്ടോബർ 21നാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്.

'ഒരു നടനെന്ന നിലയില്‍ വളരെ വിശേഷതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സർപ്രൈസ് എലമെന്റ് ഉണ്ട്. പ്രമേയമാണ് പ്രത്യേകത. മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ, വില്ലന്‍ കോൺസപ്റ്റ്സ് ഉണ്ടോയെന്ന് ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. വളരെ അപൂര്‍വമാണ് ഒരു നടനെന്ന നിലയില്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്'. മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

പൂർണമായും ഒരു ക്രൈം ത്രില്ലറായ മോൺസ്റ്ററിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സുദേവ് നായർ, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ലെന, ഹണി റോസ്, ജോണി ആന്റണി, കൈലാഷ്, ഗണേഷ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ദീപക് ദേവാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

ചിത്രത്തില്‍ എല്‍ജിബിടി ഉളളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും ഗള്‍ഫില്‍ സെന്‍സറിങ്ങിന് അയക്കും. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ 21ന് ഗള്‍ഫില്‍ റിലീസ് ചെയ്തേക്കില്ല.

logo
The Fourth
www.thefourthnews.in