'പിരിയുമ്പോൾ ഒരു സങ്കടമുണ്ടാവും, അല്‍പം സങ്കടത്തോടെ ഞാനും പോകുന്നു'; L360 ക്ക് ഷെഡ്യൂൾ ബ്രേക്ക്, വീഡിയോ
ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം. 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ചു. ഷെഡ്യൂൾ ബ്രേക്ക് പ്രഖ്യാപിക്കുന്ന വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ഷെഡ്യൂൾ അവസാനിച്ചതിന്റെയും താൽക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടമാണ് മോഹൻലാൽ അടക്കമുള്ളവർ പങ്കുവെച്ചത്. 47 വർഷമായി അഭിനയിക്കാൻ തുടങ്ങിയിട്ടെന്നും എല്ലാ സിനിമകളും ആദ്യ സിനിമ പോലെയാണെന്നും മോഹൻലാൽ പറഞ്ഞു. പിരിയുമ്പോൾ ഒരു സങ്കടമുണ്ടാവും ഈ സങ്കടത്തോടെ താനും പോവുകയാണെന്നും വൈകാതെ വീണ്ടും കണ്ടുമുട്ടാമെന്നും മോഹൻലാൽ പറഞ്ഞു.
കൂടെയുള്ള എല്ലാവരും നന്നായി വർക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞതിൽ നിന്ന് ഒന്നും കുറഞ്ഞുപോകുകയോ അധിക ദിവസത്തിലേക്ക് പോവുകയോ ചെയ്തിട്ടില്ലെന്നും സംവിധായകൻ തരുൺമൂർത്തി പറഞ്ഞു.
ശോഭനയും മോഹൻലാലും 20 വർഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എൽ 360'. കഴിഞ്ഞ ഏപ്രിലിലാണ് 'എൽ 360'യുടെ ചിത്രീകരണം ആരംഭിച്ചത്. ടാക്‌സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ കെ ആർ സുനിലിന്റേതാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ഷാജികുമാർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്‌സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനാണ്' മോഹൻലാലിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കാര്യത്തിൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.