മലയാള സിനിമാ തലക്കെട്ടുകളുടെ പിന്നിലെ കഥയുമായി 'ടൈറ്റിൽ-ഒ-ഗ്രഫി'; പുസ്തകം പരിചയപ്പെടുത്തി മോഹന്‍ലാല്‍
വിഷ്വല്‍ ഡിസൈനറായ അനൂപ് രാമകൃഷ്ണന്റെ മലയാള സിനിമകളുടെ തലക്കെട്ടുകളെ കുറിച്ചുള്ള പുസ്തകം 'ടൈറ്റിൽ-ഒ-ഗ്രഫി' പ്രകാശനം ചെയ്ത് മോഹന്‍ലാല്‍. അകാലത്തില്‍ മരിച്ചുപോയ പ്രിയ സുഹൃത്തിനുള്ള സമര്‍പ്പണമായി മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുസ്തകം ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു.
എപ്പോഴും സിനിമകള്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞ് കിടക്കുന്നത് അതിന്റെ തലക്കെട്ടിലൂടെയാണ്. മലയാള സിനിമയിലെ ടൈറ്റിലുകളെ കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് അനൂപ് രാമകൃഷ്ണന്‍ രചിച്ച 'ടൈറ്റിൽ-ഒ-ഗ്രഫി'. സിനിമാ തലക്കെട്ടുകളുടെ പിന്നിലെ കഥകളാണ് പുസ്തകം പങ്കു വയ്ക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.
'ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിന്റെ ടൈറ്റില്‍ ആയിരിക്കും, അല്ലേ. ശില്പസൗന്ദര്യം പോലെ നമ്മുടെയൊക്കെ മനസില്‍ പതിഞ്ഞുകിടക്കുന്ന എത്രയെത്ര സിനിമ ടൈറ്റിലുകളാണുള്ളത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ എന്റെ പ്രിയ സുഹൃത്ത് അനൂപിന്റെ സ്വപ്നമായിരുന്നു മലയാളസിനിമയിലെ ടൈറ്റിലുകളുടെ പകര്‍ന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്തകം. ആ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് 'ടൈറ്റില്‍-ഒ-ഗ്രഫി' എന്ന് പുസ്തകം പിടിച്ച് കൊണ്ട് നില്‍ക്കുന്ന ചിത്രത്തിന് ഒപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
അനൂപ് രാമകൃഷ്ണനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്തകം മലയാളത്തിന് സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
പ്രമുഖ വിഷ്വല്‍ ഡിസൈനറും മൈന്‍ഡ് വേ ഡിസൈനിന്റെ ഡയറക്ടറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്ന അനൂപ് രാമകൃഷ്ണന്‍ 2021ഡിസംബറിലാണ് വിടവാങ്ങിയത്.
സിനിമയില്‍ ഏറെ താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അനൂപ്. മോഹന്‍ലാല്‍ അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരമായ 'വേഷങ്ങള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത് അനൂപ് രാമകൃഷ്ണനായിരുന്നു. ആപ്ലിക്കേഷന് മികച്ച പ്രതികരണമായിരുന്നു അന്ന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ സര്‍ഗാത്മക-സിനിമാ ജീവിതം വിവരിക്കുന്ന 'എം.ടി, അനുഭവങ്ങളുടെ പുസ്തകം' എഡിറ്റ് ചെയ്തതും അനൂപാണ്.