മൂന്നു പതിറ്റാണ്ട് പിന്നിട്ട 'മജെസ്റ്റിക് വാക്'
വിന്റേജ് ലുക്കിൽ തോൾ ചെരിച്ചുളള ലാൽ നടത്തം 'മജെസ്റ്റിക് വാക്ക്' എന്ന് വിശേഷിപ്പിക്കുന്ന കമന്റുകളിൽ നിന്ന് വ്യക്തം, നെൽസൺ നൽകിയ ആ പത്തുമിനിറ്റിലെ കാമിയോ റോളിൽ മോഹൻലാൽ ആരാധകർ സംതൃപ്തരാണ്. കേരളത്തിലെ ആദ്യദിന ഫാൻസ് ഷോകളിൽ പോലും രജനിയോളം കയ്യടി വാങ്ങി ജയിലറിലെ മോഹൻലാലിന്റെ മാസ് എൻട്രി. 'ഇതിപ്പോ ആദ്യമൊന്നുമല്ലല്ലോ കേരളത്തിന് പുറത്തുപോയി നമ്മുടെ ലാലേട്ടൻ കയ്യടി വാങ്ങുന്നത്. ഇതൊക്കെ എന്ത്?' എന്ന സലിം കുമാർ ടോണിൽ ഒരു നെടുവീർപ്പിനും പുറകെ ഒരു പൊങ്ങച്ച ചിരിക്കും സാധ്യത കാണുന്നുണ്ട്. An Earth Shattering Finale Shot. പത്തെങ്കിൽ പത്തുമിനിറ്റ്, തിയേറ്ററിൽ ഭൂമികുലുക്കം എന്നാണ് വിശേഷണങ്ങൾ. ഒപ്പം വിനായകന്റെ വില്ലനിസം കൂടി കേരളത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട്.
മലയാളത്തോടൊപ്പം മറ്റു ഭാഷകളിലും പേര് പതിപ്പിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചു നടത്തിയ പോരാട്ടങ്ങൾ എന്നും ഇന്ത്യൻ സിനിമയ്ക്ക് തന്നെ നേട്ടമായിട്ടേ ഉള്ളു. ചെയ്തുവെച്ച കഥാപാത്രങ്ങൾ ഓരോ തലമുറക്കും പ്രേരണയായിട്ടേ ഉള്ളു. ഒടുവിലെ ഫഹദിന്റെ രത്നവേൽ പോലും മുൻമാതൃകകളെ ചുവടുപിടിച്ച ഉറച്ച തിരഞ്ഞെടുപ്പായിരുന്നു. 'നീങ്ക എന്ന പണ്ണി വെച്ചിറുക്കേൻ സാമി' എന്ന മട്ടിൽ തമിഴന്റെ കണ്ണു മിഴിപ്പിക്കാനും കന്നടികന്റെ നെഞ്ചിടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ അവിടെയാണല്ലോ മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചത്.
പണ്ട് 1991ൽ പ്രിയദർശന്റെ 'ഗോപുര വാസലി'ലെ 'കേലഡീ എൻ പാവയെ' എന്ന പാട്ടിലൂടെയായിരുന്നു ആദ്യമായി ലാൽ തമിഴിലൊരു കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടത്. കാർത്തിക്കും ഭാനുപ്രിയയും ഒന്നിച്ചെത്തിയ ഗാനരംഗത്തിൽ വളരെ ചെറിയ നേരത്തേയ്ക്ക് അക്കോർഡിയൻ (ഹാർമോണിയത്തിന് സമാനമായ സംഗീതോപകരണം) വായിച്ചെത്തുന്ന ലാൽ പിന്നീട് തമിഴിൽ നായകവേഷം വരെ ചെയ്തു ഫലിപ്പിച്ചു. 1997ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ഇരുവർ' ഇന്നും മോഹൻലാൽ എന്ന നടനെ വാഴ്ത്തുന്ന വേഷങ്ങളിൽ ഒന്നാണ്. തമിഴർക്കുമുന്നിൽ അടയാളപ്പെടുത്തിയ ആനന്ദൻ എന്ന എംജിആർ വേഷം, ലാലിന്റെ കരിയറിൽ അതൊരു വിജയകരമായ റിസ്ക് തന്നെ ആയിരുന്നു. ആനന്ദൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുഭാഷാ നായക വേഷവും. എന്റെ സിനിമാറ്റിക് യാത്രയിലെ ഏറ്റവും മോഹിപ്പിക്കുന്ന അനുഭവങ്ങളിലൊന്നെന്ന് ലാൽ തന്നെ ഒരിക്കൽ 'ഇരുവറി'നെ വിശേഷിപ്പിച്ചതും വെറുതെയല്ല. സീനുകൾ കരുതിയതുപോലെ തന്നെ നടക്കണമെന്ന വാശി ഒരു സംവിധായകന് പാടില്ലെന്നും 'ഹാപ്പി ആക്സിഡന്റുകളോ'ട് പൊരുത്തപ്പെടാനാവണമെന്നും തന്നെ പഠിപ്പിച്ചത് 'ഇരുവർ' സെറ്റിൽ ലാൽ ആണെന്ന് മണിരത്നം ഒരിക്കൽ പറഞ്ഞിരുന്നു. അങ്ങനെ പലതും പഠിപ്പിക്കാനും പഠിക്കാനും മോഹൻലാലിന് ഉതകിയ വേഷമായി ആനന്ദൻ.
കാമിയോ റോളിൽ ഇടയിലൊരിക്കൽ കൂടി ഒരു തെലുങ്ക് ചിത്രത്തിൽ വന്നുപോയത് ലാലിന്റെ മറുഭാഷാ ചിത്രങ്ങളെ ഓർക്കുമ്പോൾ വിട്ടുപോകരുതല്ലോ. 1994ലെ 'ഗന്ധീവം' എന്ന തെലുങ്ക് ചിത്രം. ആദ്യ ഗസ്റ്റ് റോളിൽ മിനിറ്റുകൾ പോലും തികയ്ക്കാതെ വന്നു മറഞ്ഞെങ്കിൽ 'ഗന്ധീവ'ത്തിലെ ഗാനരംഗത്തിൽ കപ്പലിലെ ക്യാപ്റ്റന്റെ വേഷത്തിൽ കുറച്ചധികം നേരം ലാൽ ഉണ്ടായിരുന്നു. തമിഴും തെലുങ്കും വിട്ട് 2002ൽ ഹിന്ദിയിലൊരു വേഷം. ഗാങ്സ്റ്റർ മൂവിയായ 'കമ്പനി'യിലെ വീരപ്പള്ളി ശ്രീനിവാസൻ ഐ പി എസ് എന്ന കഥാപാത്രം. ആ പ്രകടനത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള പുരസ്കാരവും ലഭിച്ചു. 'ഇരുവർ'ക്ക് ശേഷം വീണ്ടും 2003ൽ തമിഴിൽ സിമ്രാനൊപ്പം 'പോപ്കോൺ'. ശേഷം 2004 ൽ 'ലവ്' എന്ന കന്നഡ ചിത്രം. 2007-ൽ ഹിന്ദി ചിത്രം 'രാം ഗോപാൽ വർമ്മാ കി ആഗി'ൽ അമിതാബ് ബച്ചനും അജയ് ദേവ്ഗണിനുമൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തി. പക്ഷെ ഈ ചിത്രം സാമ്പത്തികമായും നിരൂപകർക്കിടയിലും പരാജയമായി. മോഹൻലാലും വിമർശിക്കപ്പെട്ടു.
2009ൽ ഐ ജി രാഘവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആദ്യമായി കമൽഹാസനൊപ്പം, ചിത്രം 'ഉന്നയ് പോൽ ഒരുവൻ'. ശേഷം 2012ൽ പ്രിയദർശന്റെ സംവിധാനത്തിൽ 'തേസ് ' എന്ന ഹിന്ദി ചിത്രം. 2014ലെ പ്രീറീലീസ് ആഘോഷങ്ങളിൽ മുന്നിൽ നിന്ന ചിത്രം 'ജില്ല'യിലായിരുന്നു തമിഴരും മലയാളിയും ഒരുപോലെ കൊണ്ടാടിയ അടുത്ത മോഹൻലാൽ വേഷം. വിജയുടെ അച്ഛനായ ശിവ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ റിലീസിന് മുന്‍പേ ചിത്രത്തിന് ലഭിച്ചത് ലാൽ-വിജയ് ഫാൻസിന്റെ ജില്ലയും സംസ്ഥാനവും കടന്നുളള ആരവം.
അതിന് ശേഷം 'മൈത്രി' എന്ന കന്നഡ ചിത്രത്തിലും 'മനമന്ദ' എന്ന തമിഴ് ചിത്രത്തിലും ഭാഗമായി. 2016ൽ ഇറങ്ങിയ ചിത്രം പിന്നീട് 'വിസ്മയം' എന്ന പേരിൽ മലയാളത്തിലുമെത്തി. അതേ വർഷം ജൂനിയർ എൻ ടി ആറിനൊപ്പം 'ജനത ഗാരേജി'ൽ ചെയ്ത വേഷത്തിന് 64-ാമത് ദേശീയ ചലചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2019ൽ റിലീസിനെത്തിയ സൂര്യയുടെ 'കാപ്പാൻ' ആയിരുന്നു മോഹൻലാൽ ഭാഗമായ മറ്റൊരു മറുഭാഷാ ചിത്രം. 'കാപ്പാന്' ശേഷം ലാലിന്റെ ഏറെ കാത്തിരുന്ന വേഷമായിരുന്നു 'ജയ്ലറി'ലേത്. 1978ൽ തുടങ്ങിയ അഭിനയ നാൾവഴിയിൽ രജനിക്കൊപ്പം ഇതാദ്യം. മുൻ ചിത്രം 'ബീസ്റ്റ്' തന്ന നിരാശയിൽ ഭയന്നിരുന്ന പ്രേക്ഷകർക്കുമുന്നിലേയ്ക്ക് രജനിയെ പഴയ അതേ പ്രൗഢിയോടെ തിരിച്ചെത്തിച്ചതിനൊപ്പം അൽപം പോലും നിരാശപ്പെടുത്താതെ മോഹൻലാലിനും കയ്യടി വാങ്ങിക്കൊടുത്തു സംവിധായകൻ നെൽസൺ.