തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ താരപുത്രി; ഷനായ കപൂറിന്റെ ആദ്യ ചിത്രം മോഹൻലാലിനൊപ്പം
ബോളിവുഡ് നടൻ സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ മലയാളത്തിലേക്ക്. ഏക്താ കപൂർ നിർമിക്കുന്ന മോഹൻലാൽ ചിത്രം വൃഷഭയിലൂടെയാണ് ഷനായ തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോറാണ്.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയാണ് വൃഷഭ പറയുന്നതെന്നാണ് സൂചന. ഭൂതകാലത്തിലൂടെയും വർത്തമാന കാലത്തിലൂടെയും കഥ പറയുന്ന ചിത്രം വ്യത്യസ്ത കാലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ രണ്ട് കാലങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്ന കഥാപാത്രമായാണ് ഷനായ സ്ക്രീനിൽ എത്തുകയെന്നാണ് റിപ്പോർട്ട്. ആക്ഷൻ ഡ്രാമ ത്രില്ലർ ജോണറിലാണ് ചിത്രമെത്തുക
സംവിധായകൻ എസ് എസ് രാജമൗലിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രമായ മഗധീരയോട് സാമ്യമുള്ളതാണ് വൃഷഭയുടെ പ്ലോട്ടെന്ന് പറയപ്പെടുന്നു. പ്രണയത്തെയും പ്രതികാരത്തെയും ചുറ്റിപ്പറ്റിയാണ് വൃഷഭയുടെ കഥ വികസിക്കുന്നത്. പ്രതികാരത്തിന് മേൽ വിജയം നേടുന്നത് പ്രണയമാണോ അതോ മറിച്ചാണോ എന്നാണ് വൃഷഭ പറയുന്നത്. പാൻ-ഇന്ത്യൻ റിലീസിനായി ഒരുങ്ങുന്ന ചിത്രം തെലുങ്ക് മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ മോഹന്‍ലാലുമായി ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്.
റോഷൻ മേക്ക, ഗരുഡ റാം, സിമ്രാൻ, ശ്രീകാന്ത് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ് ഒരുക്കുന്നത്. ക്രിഷ്, കുച്ച് കുച്ച് ഹോത്താ ഹേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. മോഹൻ ബി കേരെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കെ എം പ്രകാശാണ്. കണക്ട് മീഡിയയുടെയും എവിഎസ് സ്റ്റുഡിയോയുടെയും സഹകരണത്തോടെ ബാലാജി ടെലിഫിലിംസിന്റെ ഏകതാ കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോട് കൂടി തന്നെ ആരംഭിക്കും.