മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍

മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍

മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍ സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുള്ളത്. എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൊന്നമ്മ വേഷമിട്ട അമ്മ കഥാപാത്രങ്ങള്‍ പലപ്പോഴും വ്യത്യസ്ഥത പുലര്‍ത്തി
Updated on
2 min read

അച്ഛന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ എല്ലാമായിരുന്ന മേലേടത്ത് രാഘവന്‍ നായര്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഒപ്പമിറങ്ങാന്‍ തയ്യാറാവുന്ന ജാനകിയമ്മ, കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന എവര്‍ ഗ്രീന്‍ മലയാളം സിനിമയില്‍ മമ്മുട്ടിയുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്നതായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജാനകിയമ്മ എന്ന കഥാപാത്രം. നാലുമക്കളുടെ അമ്മയായ ജാനകിയമ്മയ്ക്ക് മൂത്ത മകനോടുള്ള സ്‌നേഹവും ബഹുമാനവും കൂടിയായിരുന്നു വാത്സല്യം എന്ന സിനിമയുടെ ഉള്ളടക്കം. ആ അമ്മ വേഷം മലയാളത്തില്‍ മറ്റാര് ചെയ്താലും കവിയൂര്‍ പൊന്നമ്മയോളം പൂര്‍ണത സാധിക്കുമോ എന്ന് സംശയമാണ്.

മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍ സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുള്ളത്. എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൊന്നമ്മ വേഷമിട്ട അമ്മ കഥാപാത്രങ്ങള്‍ പലപ്പോഴും വ്യത്യസ്ഥത പുലര്‍ത്തി. 1987 സിബി മലയില്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രം തനിയാവര്‍ത്തനം. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം. വി എം വിനു ഒരുക്കിയ പല്ലാവൂര്‍ ദേവനാരായണന്‍ എന്നിവ ഈ പട്ടികയില്‍ പ്രധാനമാണ്.

കുടുംബത്തിലെ പുരുഷന്മാര്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്ത് എന്ന അവസ്ഥയെ ഭയന്നു കഴിയുന്ന മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍മാഷിന്റെ അമ്മ വേഷവും കവിയൂര്‍ പൊന്നമ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു. മകനെ ഒരു ഭ്രാന്തന്‍ എന്ന് മുദ്ര കുത്തി വേട്ടയാന്‍ സമൂഹത്തിന് മുന്നിലേക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത അമ്മ ചോറില്‍ വിഷം നല്‍കി മാഷിന് നല്‍കുന്ന രംഗം കണ്ട് പൂര്‍ത്തിയാക്കാന്‍ മലയാളികള്‍ നന്നേ പാടുപെടും.

പൊന്നമ്മയുടെ കരിയറിലെ സ്‌നേഹ നിധിയായ അമ്മ എന്ന ഖ്യാതിയ്ക്ക് അപ്പുറം നില്‍ക്കുന്നതായിരുന്നു സുകൃതത്തിലെ ചെറിയമ്മ. കാന്‍സര്‍ ബാധിതനായി മരണം കാത്തുകഴിയുന്ന രവിശങ്കര്‍ എന്ന മമ്മുട്ടി കഥാപാത്രത്തോട് ചെറിയമ്മ കാണിക്കുന്ന അടുപ്പവും പിന്നീട് രോഗം ഭേദപ്പെടുമ്പോള്‍ കാണിക്കുന്ന അകല്‍ച്ചയും കവിയൂര്‍ പൊന്നമ്മയില്‍ ഭദ്രമായിരുന്നു. തന്റെ ഭാവങ്ങളില്‍ വാത്സല്യം മാത്രമല്ല എന്ന് കവിയൂര്‍ പൊന്നമ്മ തെളിയിക്കുന്നത് അമ്മ വേഷയങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ആയിരത്തിലേറെ ചിത്രങ്ങളിലായി നാനൂറിലധികം അമ്മവേഷങ്ങള്‍. ഓരോ മലയാളിയെയും തന്റെ 'അമ്മയെപ്പോലെ' എന്നു പറയിച്ച ഭാവാഭിനയം. എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നെങ്കിലും ഈ ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളുമായിരിക്കും ഇനിയെന്നും കവിയൂര്‍ പൊന്നമ്മ എന്ന പേരിലൂടെ മലയാളിയുടെ മനസില്‍ തെളിയുക.

കാണാമറയത്തായിപ്പോയാലും ഒരു മകനോടുള്ള മാതൃവാത്സല്യം അണയില്ലെന്നതിന്റെ നേര്‍ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭാഗീരഥി വലിയ തമ്പുരാട്ടി എന്ന കഥാപാത്രം. ഒരു നാട്ടുരാജ്യം തന്നെ ഭരിച്ചിരുന്ന, ഇന്ന് വലിയൊരു കുടുംബത്തിന്റെയും ആശ്രിതരുടെയും അവസാന വാക്ക് കൂടിയായ ഉദയവര്‍മ്മ തമ്പുരാന്റെ മനോനില തെറ്റിയ ഭാര്യയായിരുന്നു കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ച ആ കഥാപാത്രം. കുഞ്ഞുനാളിലെ മരിച്ചുപോയ മകന്റെ ഓര്‍മയില്‍ മനോനില തെറ്റി ചങ്ങലയില്‍ തളയ്ക്കപ്പെട്ട ജീവിതം.

ആ കൊട്ടാരത്തില്‍ അനന്തന്‍ നമ്പൂതിരി എന്ന പ്രച്ഛന്ന വേഷത്തില്‍ എത്തുന്ന അബ്ദുള്ള(മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം)യും ഭാഗീരഥി തമ്പുരാട്ടിയും തമ്മിലുള്ള രംഗങ്ങള്‍ കണ്‍കോണില്‍ നനവ് ചാലിക്കാതെ ഇന്നും മലയാളി കണ്ടുതീര്‍ക്കില്ല. ആയിരത്തോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'മരിച്ചുപോയ മകനെ അബ്ദുള്ളയില്‍ കാണുന്ന ഭാഗീരഥി തമ്പുരാട്ടി' എന്നും കവിയൂര്‍ പൊന്നമ്മയുടെ സിനിമ കരിയറില്‍ എന്നും തിളക്കമുള്ള കഥാപാത്രമായിരിക്കും. മലയാളികള്‍ ഉള്ളിടത്തോളം കാലം ഉള്ളുപൊട്ടി 'ഉണ്ണീ...' എന്ന ഭാഗീരഥി തമ്പുരായിട്ടിയുടെ വിളിയും മറക്കില്ല.

പത്തൊമ്പതാം വയസില്‍ തന്റെ സമപ്രായക്കാരിയായ ഷീലയുടെ 'അമ്മവേഷം' കെട്ടിയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ 'അമ്മ' എന്ന പേരിലേക്കുള്ള യാത്രതുടങ്ങുന്നത്. അതിനു ശേഷം ഇന്നുവരെ ആയിരത്തിലേറെ ചിത്രങ്ങളിലായി നാനൂറിലധികം അമ്മവേഷങ്ങള്‍. ഓരോ മലയാളിയെയും തന്റെ 'അമ്മയെപ്പോലെ' എന്നു പറയിച്ച ഭാവാഭിനയം. എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നെങ്കിലും ഈ ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളുമായിരിക്കും ഇനിയെന്നും കവിയൂര്‍ പൊന്നമ്മ എന്ന പേരിലൂടെ മലയാളിയുടെ മനസില്‍ തെളിയുക.

logo
The Fourth
www.thefourthnews.in