പുലിമുരുകനെയും മറികടന്ന് 2018; ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ച് ജൂഡ് ആന്തണി
തുടർച്ചയായ പരാജയങ്ങളിൽ പഴി കേട്ടിരുന്ന മലയാള സിനിമയെ വിജയ വഴിയിലെത്തിച്ചതിനൊപ്പം പുതിയ റെക്കോർഡ് നേട്ടവുമായി ജൂഡ് ആന്തണിയുടെ 2018. ആഗോള തലത്തിൽ 137 കോടിയിലധികം കളക്ഷനുമായി, മൊത്തം വരുമാനത്തിൽ 2018, പുലിമുരുകനെ മറികടന്നുവെന്ന് അനലിസ്റ്റുകൾ പറയുന്നു. ഏഴ് വർഷം മുൻപ് പുലിമുരുകൻ കുറിച്ച ബോക്സ് ഓഫീസ് റെക്കോർഡാണ് 2018 മറികടന്നിരിക്കുന്നത്.
പത്ത് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം, 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്‍റെ റെക്കോർഡ് കളക്ഷൻ മറികടന്നത്. കേരളത്തിന് പുറമെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് 2018 ന്റെ ബോക്സ് ഓഫീസ് കുതിപ്പിന് വേഗം കൂട്ടിയത്.
64 കോടി രൂപയിലധികം രൂപയാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും. എന്നാല്‍ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമുള്ള കളക്ഷനിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകന്‍ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്‍റെ കേരളാ ബോക്സ് ഓഫീസ് നേട്ടം. എന്നാൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും തീയേറ്റിൽ വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ഈ ട്രെൻഡ് തുടർന്നാൽ ഏറെ വൈകാതെ കേരളത്തിലെ കളക്ഷനിലും ചിത്രം ഒന്നാമത് എത്തുമെന്നാണ് വിലയിരുത്തൽ