75 വയസ്സ്, 25 മേളകൾ; ജമീല എന്ന സിനിമാ പ്രേമി!
രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങി വരുന്ന ആൾക്കൂട്ടത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ടതാണ് പ്രായമായ ഈ ഉമ്മയെ. വലിയ ചിരിയൊന്നുമില്ല, സിനിമ കണ്ട് ഗൗരവത്തിൽ നടന്നു പോകുന്നയാള്‍ക്ക് എന്തെങ്കിലും കഥ പറയാന്‍ കാണുമെന്നുറപ്പായിരുന്നു. പുറകെ ഓടിച്ചെന്ന് കൈ പിടിച്ചപ്പോള്‍ ആളൊന്ന് ഞെട്ടി, പക്ഷെ പെട്ടെന്നു തന്നെ മുഖത്തെ ഗൗരവമൊക്കെ മാഞ്ഞു, നിറചിരിയോടെയാണ് കാര്യമെന്തെന്ന് തിരക്കിയത്.
ഒറ്റയ്ക്ക് നടന്ന് പോകുന്നത് കണ്ടതുകൊണ്ട് തന്നെ ആദ്യം ചോദിക്കാൻ തോന്നിയത് കൂടെ ആരുമില്ലേ എന്നായിരുന്നു. മരുമകളെ ചൂണ്ടിക്കാണിച്ച് അവരൊരുമിച്ചാണ് സിനിമ കാണാൻ വന്നതെന്ന് പറഞ്ഞു. തുടർന്ന് കുട്ടിക്കാലം മുതലുള്ള സിനിമാ ബന്ധത്തെപ്പറ്റി ജമീല പറഞ്ഞു തുടങ്ങി
തിരുവനന്തപുരം വണ്ടിത്തടം സ്വദേശിയായ ഈ 74 കാരി രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങിയ കാലം മുതൽ സ്ഥിരം പ്രേക്ഷകയാണ്. പക്ഷെ മേള കണ്ട് തുടങ്ങിയതല്ല സിനിമയോടുള്ള ഇഷ്ടം. സിനിമ കാണുന്നത് ഹറാമാണെന്ന് കണക്കാക്കുന്ന ഒരു മുസ്ലീം കുടുംബത്തിലാണ് ജമീല ജനിച്ചത്. പക്ഷെ പിതാവ് സിനിമയെ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് ജമീലയ്ക്കും കിട്ടി ആ സിനിമാ പ്രേമം
തിരുവനന്തപുരത്തെ പഴയ തീയേറ്ററുകളായ ശ്രീകുമാർ, ന്യൂ എന്നിവയുടെ ഉടമസ്ഥൻ പി. സുബ്രമണ്യം അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അത്കൊണ്ട് തന്നെ അവിടെയൊക്കെ സൗജന്യമായി പോയി സിനിമ കാണാനുള്ള അവസരം കുട്ടിക്കാലം മുതലേ ജമീലയ്ക്ക് കിട്ടി. അങ്ങനെ നാലാം വയസ്സ് മുതൽ അച്ഛന്റെ കയ്യും പിടിച്ച് തീയേറ്ററിൽ പോയി തുടങ്ങിയ ജമീലയ്ക്ക് സിനിമ ജീവിതത്തിന്റെ ഭാഗമായി
എന്നാൽ സിനിമയോടുള്ള അടുപ്പം അവിടം കൊണ്ടും അവസാനിച്ചില്ല. തലമുറകളായി കൈമാറി വന്ന ജമീലയുടെ സിനിമാപ്രേമം മകനും കിട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ മകൻ മുഹമ്മദ് റാസി സിനിമയിൽ സജീവമാണ്. രാജീവ് രവി, മധു നീലകണ്ഠൻ എന്നിവരുടെ സഹപാഠിയായിരുന്ന അദ്ദേഹം 2015 ൽ സംവിധാനം ചെയ്ത വെളുത്ത രാത്രികൾ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള (അഡാപ്റ്റഡ്) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോൾ ചലച്ചിത്ര മേളകളിൽ കാണേണ്ട സിനിമകൾ തിരഞ്ഞെടുക്കാൻ ജമീലയെ സഹായിക്കുന്നത് റാഫിയുടെ ഭാര്യ കലിതയാണ്. മരുമകൾ ഷെഡ്യൂളിൽ അടയാളപ്പെടുത്തിക്കൊടുത്ത ചിത്രങ്ങൾ മാത്രമാണ് ജമീല കാണുന്നത്. കണ്ണിന് തിമിരത്തിന്റെ ഓപ്പറേഷൻ നടത്തിയ കാരണം രണ്ട് വർഷം ചലച്ചിത്ര മേളയില്‍ പങ്കെടുക്കാൻ സാധിച്ചില്ലെന്ന വിഷമമുണ്ട് ജമീലയ്ക്ക്. ഡിസംബർ 16 വരെ മേളയിലെ എല്ലാ ദിവസവും സിനിമ കാണാൻ മരുമകളുടെ കൈപിടിച്ച് ഈ ഉമ്മയുണ്ടാകും.