'മരുഭൂമിയുടെ സംഗീതവുമായി മദ്രാസിലെ മൊസാർട്'; എ ആർ റഹ്‌മാന് ജന്മദിനാശംസകൾ നേർന്ന് ടീം ആടുജീവിതം
സംഗീത സാമ്രാട്ട് എ ആർ റഹ്‌മാന് ജന്മദിനാശംസകൾ നേർന്ന് ആടുജീവിതം അണിയറ പ്രവർത്തകർ. ഒരിടവേളക്ക് ശേഷം എആർ റഹ്‌മാൻ മലയാളത്തില്‍ സംഗീതസംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. റഹ്‌മാന്റെ 57 -ാം ജന്മദിനമാണിന്ന്. എ ആർ റഹ്‌മാൻ ആട്ജീവിതത്തിനായി ചെയ്ത സംഗീതം ഉപയോഗിച്ചു കൊണ്ടുള്ള വീഡിയോയിലൂടെയാണ് 'മദ്രാസിലെ മൊസാർടിന്' അണിയറ പ്രവർത്തകർ ജന്മദിനാശംസകൾ നേർന്നത്.
ഏപ്രിൽ 10നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ മുൻനിർത്തി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നജീബ് എന്ന നായകകഥാപാത്രമായി എത്തുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക.
നജീബ് ആവുന്നതിന് വേണ്ടി പൃഥ്വിരാജ് ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക. എ ആർ റഹ്‌മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്.
ജിമ്മി ജീൻ ലൂയിസ്, റിക്ക് അബി, താലിബ് അൽ ബലൂഷി, കെആർ ഗോകുൽ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.