ആദ്യ ചിത്രം എന്തുകൊണ്ട് തമിഴിൽ? മറുപടിയുമായി ധോണി
മഹേന്ദ്രസിങ് ധോണി നിർമാതാവാകുന്ന ആദ്യ ചിത്രം എൽജിഎം (ലൈറ്റ്സ് ഗെറ്റ് മാരീഡ്) റിലീസിന് തയാറെടുക്കുകയാണ്. ചലച്ചിത്രമേഖലയിലെ അരങ്ങേറ്റത്തിനായി എന്തുകൊണ്ട് തമിഴ് സിനിമ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണി. തമിഴ്‌നാടിനോടുള്ള സ്നേഹവും അടുപ്പവുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഓഡിയോ ലോഞ്ചിൽ ധോണി പ്രതികരിച്ചു
' ആദ്യ ടെസ്റ്റ് അരങ്ങേറ്റം ചെന്നൈയിലായിരുന്നു, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയതും ചെന്നൈയില്‍ തന്നെ. ആദ്യ ചിത്രവും തമിഴില്‍ തന്നെ'. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ തമിഴ് മണ്ണും ജനതയും മികച്ച പിന്തുണയാണ് നൽകിയത് . '2008 ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോള്‍ തമിഴ്മണ്ണ് തന്നെ ദത്തെടുക്കുകയായിരുന്നു. ഈ നാടിനോടുള്ള സ്‌നേഹമാണ് ആദ്യ സിനിമ തമിഴില്‍ നിര്‍മ്മിക്കാന്‍ കാരണമായതെന്നും ധോണി പറയുന്നു.
എല്‍ജിഎം ഏറ്റവും വേഗത്തില്‍ ഷൂട്ട് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ഒന്നാണെന്നും റെക്കോര്‍ഡ് വേഗത്തിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നു കൂട്ടിചേര്‍ത്തു.
എല്‍ജിഎം കുടുംബത്തോടൊപ്പം കാണാന്‍ സാധിക്കുന്ന ചിത്രമാണെന്നും, കാമുകിയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു പുരുഷൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയുടെ പശ്ചാത്തലം എന്നും അദ്ദേഹം പറയുന്നു. രണ്ട് ഐപിഎല്ലുകള്‍ക്കിടയിലായി ചിത്രീകരണം നടന്നതിനാല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടിട്ടില്ലെന്നും ധോണി വ്യക്തമാക്കി
ഹരീഷ് കല്യാണും ഇവാനയും നദിയാ മൊയ്തുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രം ഈ മാസം റിലീസിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രമേശ് തമില്‍മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും അദ്ദേഹം തന്നെയാണ്.
ഐപിഎല്ലില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് എംഎസ് ധോണി. ക്രിക്കറ്റ് സൂപ്പര്‍താരത്തെ തമിഴ്‌നാട്ടില്‍ 'തല ധോണി' എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ധോണിക്ക് ആരാധകരെ സൃഷ്ടിച്ചതും ഐപിഎല്ലിന് വലിയ പങ്കുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയതും ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു.