'അടുത്ത സിനിമയിലും നന്ദി പറയില്ലെ'ന്ന്
മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ ; വിമർശനത്തെ ജനാധിപത്യരീതിയിൽ കാണും

'അടുത്ത സിനിമയിലും നന്ദി പറയില്ലെ'ന്ന് മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ ; വിമർശനത്തെ ജനാധിപത്യരീതിയിൽ കാണും

കർമ്മ , സക്സസ് എന്നീ ചിന്തകളിൽ നിന്നാണ് ഈ സിനിമ ഉണ്ടായത്
Updated on
2 min read

നടപ്പു രീതികളിൽ നിന്ന് വഴിമാറി ,പ്രേക്ഷകരെ ഞെട്ടിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ടൈറ്റിൽ കാർഡിൽ നന്ദി ഒഴിവാക്കിയതിനെ കുറിച്ചും സംവിധായകൻ അഭിനവ് സുന്ദർ നായക് ദ ഫോർത്തിനോട്

ചിത്രത്തിനെതിരെ സിനിമയിലുളളവർ തന്നെ ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നോ ?

സത്യത്തിൽ അതൊന്നും ഒരു ചർച്ച പോലും ആക്കരുതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്തു. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിനെ ചോദ്യം ചെയ്യേണ്ടതില്ല. ഇത് ഒരു ജനാധിപത്യരാജ്യമല്ലേ? ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറയുന്നുവെന്ന നിലയ്ക്ക് മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ.

'നന്ദി പറയാനില്ല' എന്ന നിലപാട് ഈ സിനിമയുടെ കഥാപാത്രത്തിന് വേണ്ടി മാത്രമുള്ളതാണോ ? ഇനി വരുന്ന സിനിമകൾക്ക് കൂടി ബാധകമാണോ?

മുകുന്ദൻ ഉണ്ണിയിൽ അങ്ങനെ ഒരു നിലപാട് തീർച്ചയായും കഥാപാത്രത്തിന്റെ സ്വഭാവം എന്ന നിലയ്ക്കുള്ള ആലോചനയായിരുന്നു. എന്നാൽ ഇനിയുള്ള സിനിമകളിലും നന്ദി പറച്ചിലിന്റെ ആവശ്യമില്ലെന്ന് തന്നെയാണ് അഭിപ്രായം. കാരണം പ്രേക്ഷകനെന്ന നിലയിൽ സിനിമയിലെ അനാവശ്യ നന്ദി പറച്ചിൽ കാർഡുകൾ എന്നെ ബോറടിപ്പിക്കാറുണ്ട്. അതുകൊണ്ട് എന്റെ സിനിമയിൽ അതുണ്ടാകരുത് എന്നാണ് ആഗ്രഹം. നിർമ്മാതാവ് അനുവദിച്ചാൽ ആ നിലപാട് തുടരും. നന്ദി കാർഡ് എപ്പോഴും ഒരു സിനിമയെ സംബന്ധിച്ച് നിർമ്മാതാവിന്റെ തീരുമാനമാണ്.

മുകുന്ദൻ ഉണ്ണിയെ അവതരിപ്പിക്കാൻ പല മുൻനിര നായകൻമാരെയും സമീപിച്ചിരുന്നില്ലേ ?

സമീപിച്ചിരുന്നു … പക്ഷെ നെഗറ്റീവ് കഥാപാത്രമായത് കൊണ്ടാണ് അവർ ചെയ്യാതിരുന്നതെന്ന് കരുതുന്നില്ല . എനിക്ക് ആ കഥാപാത്രത്തെ പറഞ്ഞ് ഫലിപ്പിക്കാൻ പറ്റിയില്ലെന്നാണ് തോന്നുന്നത്. കാരണം ഇവിടെ എല്ലാവരും നെഗറ്റീവ് ഷെയ്ഡ്സുള്ള കഥാപാത്രങ്ങൾ ചെയ്യുന്നവരാണ്. വാക്കുകൾ കൊണ്ട് വിശദീകരിച്ച് ബോധ്യപ്പെടുത്താൻ സാധിക്കാത്തത് കൊണ്ടാണെന്നാണ് മനസിലാക്കുന്നത്

വിനീത് ശ്രീനിവാസനെ മുകുന്ദൻ ഉണ്ണിയായി തിരഞ്ഞെടുക്കാനുള്ള കാരണം ...

വിനീതേട്ടൻ ( വിനീത് ശ്രീനിവാസൻ) ഇങ്ങനെ ഒരു വില്ലൻ വേഷം മുൻപ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ചെയ്താൽ വലിയൊരു ഇമേജ് ചെയ്ഞ്ച് ആകും എന്ന് തോന്നിയിരുന്നു. ഇതുമായി ബന്ധമുള്ള ഏതെങ്കിലും തരത്തിലുള്ള വേഷം ചെയ്ത ഒരാളാകരുത് എന്ന് നിർബന്ധവുമുണ്ടായിരുന്നു. വിനീതേട്ടൻ കുറച്ചെങ്കിലും നെഗറ്റീവ് ചെയ്തിട്ടുള്ളത് തണ്ണീർമത്തൻ ദിനങ്ങളിലാണ് . അതുപക്ഷെ ഒരു കോമഡി ജോണറിലും കൂടിയുള്ളതാണ് . മുകുന്ദൻ ഉണ്ണി പക്ഷെ എക്സ്ട്രീം ഡാർക്ക് ആണ്.

ആദ്യഘട്ടത്തിൽ വിനീതേട്ടനെ തീരുമാനിക്കാതിരുന്നതിനുള്ള പ്രധാന കാരണം ബജറ്റ് ആയിരുന്നു. നായകന് അനുസരിച്ചാണ് നിർമ്മാതാക്കൾ പണം മുടക്കുക. മുൻനിര നായകൻമാർ ആരെങ്കിലുമാണെങ്കിൽ കുറച്ച് കൂടി മികച്ച ബജറ്റിൽ സിനിമ ചെയ്യാമല്ലോ എന്ന് കരുതി. അത് നടക്കാത്തതിനാൽ ബജറ്റ് കുറക്കാൻ ചില കോപ്രമൈസുകൾ വേണ്ടി വന്നു

നായകന് തിരിച്ചടി ലഭിക്കാത്തതിൽ നിരാശരായ പ്രേക്ഷകരുമുണ്ട് …

കർമ്മ , സക്സസ് എന്നീ ചിന്തകളിൽ നിന്നാണ് ഈ സിനിമ ഉണ്ടായത്. കൺസീവ് ചെയ്യുന്ന സിനിമ നമ്മളെ അത്രത്തോളം എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക എന്നതിനപ്പുറത്ത് മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. പ്രേക്ഷകരെ പരിഗണിക്കേണ്ടന്നല്ല അതിന് അർത്ഥം. നമ്മുടെ സിനിമ എങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാമെന്നാണ് നോക്കേണ്ടത്. അതിന് കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്.

കഥാപാത്രത്തിന്റെ ചിന്തകൾക്ക് വോയിസ് ഓവർ ഉപയോഗിക്കാനുള്ള തീരുമാനം ?

സ്ക്രിപ്റ്റ് എഴുതുമ്പോൾ അങ്ങനെയൊരു ആലോചനയുണ്ടായിരുന്നില്ല. നമ്മുടെ ഇഷ്ടത്തിനാണ് നമ്മൾ സ്ക്രിപ്റ്റ് എഴുതുന്നത് . പക്ഷെ ഷൂട്ട് ഷെയ്ത് എഡിറ്റിങ് ടേബിളിൽ എത്തിയാൽ പിന്നെ പ്രേക്ഷകന്റെ പോയിന്റ് ഓഫ് വ്യൂ ൽ ആണ് ചിന്തിക്കേണ്ടത്. അങ്ങനെ എഡിറ്റ് ചെയ്യുമ്പോൾ ഈ ഒരു രീതി കുറച്ച് കൂടി കണക്ട് ആവും, രസകരമായിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെയൊരു സമീപനം സ്വീകരിച്ചത്.

മുകുന്ദൻ ഉണ്ണി ത്രില്ലറല്ല , പക്ഷെ ത്രില്ലിങ് എക്സ്പീരിയൻസാണ് …

അതിലെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഇമോഷൻസ് ഒന്നുമില്ലാത്തതിനാൽ ആ രീതിയിൽ പ്രേക്ഷകർക്ക് കണക്ട് ചെയ്യാനോ, സഹാനുഭൂതിയോ, ഇഷ്ടമോ ഒന്നും തോന്നാനിടയില്ല. അതുകൊണ്ട് തന്നെ ഒരു ത്രില്ലർ മോഡിൽ ചെയ്താൽ മാത്രമേ പ്രേക്ഷകനെ പിടിച്ചിരുത്താനാകൂ .

രണ്ടാംഭാഗം പ്രഖ്യാപിച്ചിട്ടുണ്ട് … അതായിരിക്കുമോ അടുത്ത സിനിമ ?

അല്ല , വേറെ ഒരു സിനിമ കൂടി ചെയ്തിട്ടേ അതിന്റെ എഴുത്തിലേക്ക് കടക്കൂ. ഒന്നുരണ്ട് പ്രമേയങ്ങൾ പരിഗണനയിലുണ്ട് . പ്രഖ്യാപിക്കാറായിട്ടില്ല

logo
The Fourth
www.thefourthnews.in