അതേ മഴ, അതേ മുംബൈ; ഒരു ഹിറ്റ്  ഗാനം ഇങ്ങനേയും പുനർജനിക്കാം

അതേ മഴ, അതേ മുംബൈ; ഒരു ഹിറ്റ് ഗാനം ഇങ്ങനേയും പുനർജനിക്കാം

വൈറൽ ആയി മാറിയ "രിംജിം ഗിരെ സാവൻ" എന്ന ഗാനത്തിന്റെ വീഡിയോയെ കുറിച്ച്
Updated on
2 min read

അതേ മഴ; അതേ മുംബൈ; പശ്ചാത്തലത്തിൽ അതേ മധുരപ്രണയഗീതം. നനഞ്ഞു കുതിർന്ന് പാടി അഭിനയിക്കാൻ അമിതാഭ് ബച്ചനും മൗഷ്‌മി ചാറ്റർജിയും ഇല്ല എന്നൊരു കുറവ് മാത്രം.

അതൊരു കുറവല്ലല്ലോ എന്ന് തോന്നും മഴയിൽ മുങ്ങിയ നഗരവീഥികളിലൂടെ യുവമിഥുനങ്ങളെപ്പോലെ ആടിപ്പാടി കൈകോർത്ത് ഒഴുകിപ്പോകുന്ന ദമ്പതിമാരുടെ വീഡിയോ കാണുമ്പോൾ. അവരുടെ കൗമാര-യൗവന കാലത്തെ പ്രണയസുരഭിലമാക്കിയ ലതാ മങ്കേഷ്കറുടെ "രിംജിം ഗിരെ സാവൻ" എന്ന ഗാനത്തിന്റെ ശീലുകളാണ് പശ്ചാത്തലത്തിൽ. നാലര പതിറ്റാണ്ടിന് ശേഷം ആ കാലവും ഗാനരംഗവും പുനഃസൃഷ്ടിക്കുകയാണ് മുംബൈ സ്വദേശികളായ ശൈലേഷ് ഇനാംദാറും ഭാര്യ വന്ദനയും.

യൂട്യൂബിൽ ദശലക്ഷങ്ങൾ കണ്ടുകഴിഞ്ഞ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര കുറിച്ചു: "സിനിമയിലെ അതേ ലൊക്കേഷനുകളിലൂടെ സഞ്ചരിച്ച് ഇഷ്ട ഗാനം സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്കരിക്കുന്ന ഈ ദമ്പതിമാരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. സ്വന്തം ഭാവനയെ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ജീവിതം എത്ര സുന്ദരമാക്കാൻ കഴിയും എന്ന് തെളിയിക്കുന്നു അവർ.."

അതേ മഴ, അതേ മുംബൈ; ഒരു ഹിറ്റ്  ഗാനം ഇങ്ങനേയും പുനർജനിക്കാം
'2018' ന് ശേഷം തീയേറ്ററിൽ പ്രളയം; ബോക്സ് ഓഫീസിൽ കരതൊടാനാകാതെ പുതിയ മലയാള ചിത്രങ്ങൾ

മൻസിൽ (1979) എന്ന ചിത്രത്തിൽ യോഗേഷ് എഴുതി ആർ ഡി ബർമ്മൻ ചിട്ടപ്പെടുത്തിയ ഈ ഗാനം അതേ സിനിമയിൽ കിഷോർ കുമാറിന്റെ സ്വരത്തിൽ ആവർത്തിക്കപ്പെട്ടിട്ടുമുണ്ട്. കുറേക്കൂടി ഭാവദീപ്തമാണ് കിഷോറിന്റെ ആലാപനം എന്ന് തോന്നും. പക്ഷേ ചിത്രീകരണ മികവ് ലതാജിയുടെ പാട്ടിന് തന്നെ. ഇന്ത്യൻ സിനിമയിലെ മഴയുടെ പശ്ചാത്തലത്തിലുള്ള ഗാനരംഗങ്ങളിൽ ഏറ്റവും ഹൃദ്യമായ ദൃശ്യാനുഭവം. അതുകൊണ്ടു തന്നെ ജീവിതസായാഹ്നത്തിലെത്തിയ ദമ്പതിമാർ മഴപ്പാട്ടിൽ കുതിർന്നൊഴുകുമ്പോൾ മാഞ്ഞുപോയ ഒരു യുഗം മുഴുവൻ പുനർജ്ജനിക്കുന്നു മനസ്സിൽ.

തോരാത്ത മഴപ്പെയ്ത്തിലേക്ക് ഇറങ്ങിനിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു പ്രണയഗീതം; "മൻസിലി"ന്റെ സംവിധായകൻ ബസു ചാറ്റർജിക്ക് വേണ്ടത് അതായിരുന്നു. സിനിമയിൽ രണ്ടു വ്യത്യസ്ത കഥാമുഹൂർത്തങ്ങളിൽ, പുരുഷ ശബ്ദത്തിലും സ്ത്രീശബ്ദത്തിലും കടന്നുവരേണ്ട പാട്ട്. ഈണത്തിലും പല്ലവിയിലും മാറ്റം വേണ്ട. പക്ഷേ മറ്റ് വരികൾ വ്യത്യസ്തമാകണം. "മഴയെക്കുറിച്ചോർത്തപ്പോഴേ ആദ്യം മനസ്സിൽ തടഞ്ഞ വാക്കാണ് രിംജിം. പിന്നെയെല്ലാം എളുപ്പമായിരുന്നു. കഥാപാത്രങ്ങളുടെ മാനസികനില രണ്ടു പാട്ടുകളിലും കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം,"- പാട്ടെഴുതിയ യോഗേഷിന്റെ വാക്കുകൾ.

അതേ മഴ, അതേ മുംബൈ; ഒരു ഹിറ്റ്  ഗാനം ഇങ്ങനേയും പുനർജനിക്കാം
ഏകാന്തതയുടെ അപാരതീരം... ബേപ്പൂര്‍ സുല്‍ത്താന്റെ പാട്ട്

ലതാജിയുടെ ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ ചരണം ഇങ്ങനെ: "പഹ്‌ലേ ഭി യൂ തോ ബരസേ ഥേ ബാദൽ, പഹ്‌ലേ ഭി യൂ തോ ഭീഗാ ഥാ ആഞ്ചൽ, അബ്‌കെ ബരസ് ക്യോ സജൻ, സുലഗ് സുലഗ് ജായേ മൻ.." (മുൻപും മേഘജാലം മഴ ചൊരിഞ്ഞിട്ടുണ്ട്, എന്റെ വസ്ത്രങ്ങളെ ഈറനണിയിച്ചിട്ടുമുണ്ട്; ഈ ഋതുവിന് മാത്രമെന്ത് പ്രത്യേകത? ഹൃദയം ആളിക്കത്തുന്നു ഇപ്പോഴും.)

ലതാജിയുടെ ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ ചരണം ഇങ്ങനെ: "പഹ്‌ലേ ഭി യൂ തോ ബരസേ ഥേ ബാദൽ, പഹ്‌ലേ ഭി യൂ തോ ഭീഗാ ഥാ ആഞ്ചൽ, അബ്‌കെ ബരസ് ക്യോ സജൻ, സുലഗ് സുലഗ് ജായേ മൻ.." (മുൻപും മേഘജാലം മഴ ചൊരിഞ്ഞിട്ടുണ്ട്, എന്റെ വസ്ത്രങ്ങളെ ഈറനണിയിച്ചിട്ടുമുണ്ട്; ഈ ഋതുവിന് മാത്രമെന്ത് പ്രത്യേകത? ഹൃദയം ആളിക്കത്തുന്നു ഇപ്പോഴും.) പശ്ചാത്തലം മഴ തന്നെയെങ്കിലും കിഷോർ ഗാനത്തിന്റെ ചരണം വേറെയാണ്: "ജബ് ഗുംഗ്രൂവോം സി ബജ്ത്തീ ഹേ ബൂന്ദേ, അർമാൻ ഹമാരെ പൽക്കേ ന മൂന്ദേ, കൈസേ ദേഖേ സപ്നേ നയൻ, സുലഗ് സുലഗ് ജായേ മൻ.." (കിലുങ്ങുന്ന കാൽത്തളകൾ പോലെ മഴത്തുള്ളികൾ പൊഴിയുമ്പോൾ, ഉള്ളിലെ മോഹങ്ങൾക്ക് ഉറങ്ങാൻ മടി; പിന്നെങ്ങനെ എന്റെ കണ്ണുകൾക്ക് കിനാവ് കാണാനും ഹൃദയം ആളിക്കത്തിക്കാനുമാകും?)

ഇനാംദാർ ദമ്പതിമാർ ആർത്തുല്ലസിച്ചു നടക്കുന്ന പുതിയ മുംബൈയ്ക്ക് എഴുപതുകളിലെ മുംബൈയുമായി താരതമ്യം പോലുമില്ല. കെട്ടിടങ്ങളും വാഹനങ്ങളും തെരുവോരങ്ങളും വിളക്കുമരങ്ങളും മുതൽ മനുഷ്യരുടെ രൂപഭാവങ്ങൾ വരെ മാറി. എങ്കിലും പഴയ ശാന്തസുന്ദരമായ മുംബൈ നഗരത്തിന്റെ ചിന്തുകൾ മിന്നിമറയുന്നത് കാണാം പുതിയ വീഡിയോയിലും. മഴയുടെ ഭാവപ്പകർച്ചകൾക്കുമില്ല വലിയ മാറ്റം.

അമിതാഭിനൊപ്പമുള്ള ഗാനചിത്രീകരണത്തിന്റെ രസകരമായ ഓർമ്മകൾ ഈയിടെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു മൗഷ്‌മി ചാറ്റർജി. "കോരിച്ചൊരിയുന്ന മഴയിലാണ് ഷൂട്ടിംഗ്. പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്ന പാട്ട് മഴയുടെ ശബ്ദം കാരണം പലപ്പോഴും കേൾക്കാതെ വന്നു. ദൂരെ നിന്നുകൊണ്ട് ആരോ തൂവാല വീശേണ്ടിവന്നു, ഷോട്ടുകൾ തുടങ്ങാനും നിർത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകാൻ."

അതേ മഴ, അതേ മുംബൈ; ഒരു ഹിറ്റ്  ഗാനം ഇങ്ങനേയും പുനർജനിക്കാം
ചരിത്രത്തിന്റെ ഭാഗമായ ഒരു സുവര്‍ണനിമിഷത്തിന്റെ ക്ലിക്ക്; അറിയുമോ ആ അപൂര്‍വ ചിത്രത്തിന്റെ കഥ?

നായകൻ ആറടി രണ്ടിഞ്ചുകാരൻ; നായികയാകട്ടെ അഞ്ചടി മൂന്നിഞ്ചുകാരിയും. "അമിതാഭ് കാലുകൾ നീട്ടിവെച്ചു നടന്നാൽ ഞാൻ ഏറെ പിന്നിലായിപ്പോകും. അതറിഞ്ഞുകൊണ്ട്, വളരെ സൂക്ഷിച്ച്‌ കൊച്ചുകൊച്ചു ചുവടുകൾ വെക്കാൻ ശ്രദ്ധിച്ചു അദ്ദേഹം." -- മൗഷ്‌മി ഓർക്കുന്നു. മറ്റൊരു പ്രശ്നം മേക്കപ്പായിരുന്നു. "വാട്ടർ പ്രൂഫ് മേക്കപ്പ് ഇല്ല അന്ന്. മഴയിൽ ഒരു ഷോട്ട് ചിത്രീകരിച്ചു കഴിഞ്ഞാൽ കണ്മഷി കവിളിൽ പടർന്നിട്ടുണ്ടാകും. അതു കണ്ട് അമിതാഭ് ഉൾപ്പെടെയുള്ളവർ കളിയാക്കി ചിരിക്കുന്നത് ഓർമ്മയുണ്ട്. തുടർച്ചയായ മഴയിൽ എന്റെ സാരിയുടെ നിറമിളകി പച്ചനിറം ശരീരത്തിൽ പടർന്നത് മറ്റൊരു കൗതുകമുള്ള ഓർമ്മ."

ബംഗാളി ചിത്രമായ "ബാലികാബധു" (1967) വിലായിരുന്നു മൗഷ്‌മിയുടെ അരങ്ങേറ്റം. ഹിന്ദിയിൽ തുടക്കം കുറിച്ചത് ശക്തി സാമന്തയുടെ "അനുരാഗി"ൽ. തുടർന്ന് രോട്ടി കപ്ഡാ ഔർ മകാൻ, സ്വർഗ് നരക്, കച്ചേ ദാഗേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ. സിനിമയോട് വിടപറഞ്ഞ ശേഷം രാഷ്ട്രീയത്തിലും പയറ്റി മൗഷ്‌മി. കോൺഗ്രസ്സിലായിരുന്നു തുടക്കം. 2004 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2019 മുതൽ ബി ജെ പിയിൽ.

logo
The Fourth
www.thefourthnews.in