എം എം കീരവാണി
എം എം കീരവാണി

'നാട്ടു നാട്ടു' ശ്രദ്ധ നേടാന്‍ കാരണമെന്ത്? കാരണം പറഞ്ഞ് കീരവാണി

ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് നാട്ടു നാട്ടുവിൻ്റെ വിജയത്തെ കുറിച്ച് സംസാരിച്ചത്
Updated on
1 min read

'നാട്ടു നാട്ടു' എന്ന തെലുങ്ക് ഗാനം ലോക ശ്രദ്ധ നേടിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് കീരവാണി മനസ്സ് തുറന്നത്. സിനിമയില്‍ ഗാനത്തിനായി നായകന്‍മാരായ രാംചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിച്ച നൃത്തമാണ് 'നാട്ടു നാട്ടു'' വിന് ലോകശ്രദ്ധ നേടികൊടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഗാനത്തിന്റെ വരികളെഴുതിയ സംഗീത രചയിതാവ് ചന്ദ്രബോസിനും ക്രെഡിറ്റ് നല്‍കാന്‍ അദ്ദേഹം മറന്നില്ല. ഗാനത്തിലെ ആദ്യ രണ്ട് വരികൾ പ്രാസം ഒപ്പിച്ചുകൊണ്ടുള്ളതും വളരെ രസകരവുമായിരുന്നത് തന്നെയാണ് ആരാധകരെ ആകര്‍ഷിച്ചതെന്നും അതിന് അഭിനന്ദനം അർഹിക്കുന്നത് ഗാനരചനയിതാവാണെന്നും കീരവാണി പറയുന്നു.

സിനിമ ആരംഭിക്കുമ്പോള്‍ സംവിധായകന്‍ രാജമൗലിയ്ക്ക് ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടായിരിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം 'നാട്ടു നാട്ടു' തന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

2022 മാര്‍ച്ച് 25ന് റിലീസ് ചെയ്ത ആര്‍ആര്‍ആര്‍ ഇന്ത്യയില്‍ വലിയ വിജയമാണ് നേടിയത്. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ സിനിമ അഞ്ച് ഭാഷകളിലായിട്ടാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യയിലെ വിജയത്തെ തുടര്‍ന്ന് സിനിമ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്യുകയായിരുന്നു. സിനിമയെ അക്കാദമിയുടെ മുന്നില്‍ എത്തിച്ചത് യുഎസില്‍ ആര്‍ആര്‍ആറിന് കിട്ടിയ പ്രേക്ഷക പിന്തുണയായിരുന്നു. വൈകാതെ സിനിമയെ പ്രശംസിച്ച് ഹോളിവുഡ് താരങ്ങളും രംഗത്തെത്തി. സിനിമയോടൊപ്പം, ഒരു പക്ഷേ സിനിമയേക്കാളേറെ പ്രേക്ഷകരിലേക്കെത്തിയത് നാട്ടു നാട്ടു എന്ന ഗാനവും അതിന്റെ കൊറിയോഗ്രഫിയുമാണ്.

യുഎസ്, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും നാട്ടു നാട്ടുവിലെ നൃത്തം അനുകരിച്ചുകൊണ്ടുള്ള ഡാന്‍സ് വീഡിയോകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. 95-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ എംഎം കീരവാണിയും ചന്ദ്രബോസും സ്വന്തമാക്കിയത്. ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു

logo
The Fourth
www.thefourthnews.in