'കീരവാണി സാര്‍ മഹാനായ സംഗീത സംവിധായകന്‍, ഞാന്‍ എക്കാലവും അദ്ദേഹത്തിന്റെ ആരാധകന്‍ : എം ജയചന്ദ്രന്‍
ഓസ്‌കറില്‍ ഇന്ത്യന്‍ യശസുയര്‍ത്തിയ സംഗീത സംവിധായകന്‍ കീരവാണിയെക്കുറിച്ച് സംഗീത മേഖലയിലെ പ്രശസ്തര്‍ പ്രതികരിക്കുന്നു
'വളരെ അധികം സന്തോഷം ഉണ്ട്. ഞാനും കീരവാണിയും ഒരുമിച്ച് ഒരു പാട്ട് ചെയ്തു. ആ ചിത്രം ഒരു വര്‍ഷത്തിനകം ഇറങ്ങും. അതിന്റെ റെക്കോഡിങ് കഴിഞ്ഞ സമയത്താണ് ചിത്രം കോവിഡിന്റെ പ്രശ്‌നങ്ങള്‍ കാരണം നിന്നുപോയത്. അത് പുറത്ത് വരും. എന്റെ പാട്ടുകള്‍ നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത് കീരവാണിക്ക് ഓസ്‌കാര്‍ ലഭിച്ച ശേഷമാണെന്നതില്‍ വളരെ സന്തോഷം ഉണ്ട്' - പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി
മലയാളത്തില്‍ ആദ്യമായി നീലഗിരി എന്ന സിനിമയിലാണ് കീരവാണി പാട്ടുകള്‍ ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചയാളാണ് പി കെ ഗോപി. സംഗീത പ്രേമികള്‍ക്കും ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും, ഭാരതത്തിന് മുഴുവനും അഭിമാന നിമിഷമാണ് ഇതെന്ന് പികെ ഗോപി. സംഗീതത്തിലൊഴികെ മറ്റൊന്നിലും ശ്രദ്ധിക്കാത്ത ആളാണ് മരഗതമണി കീരവാണി എന്നയാള്‍. സൂക്ഷ്മമായ നിശ്ചയങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതത്തിലുണ്ട്. താളമോ ഈണമോ അഴിച്ച് പണിയാന്‍ മറ്റൊരാള്‍ക്കും ഇടം കൊടുക്കാത്ത തരത്തില്‍ ഭദ്രമാണത്.
'ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ വളരെ അഭിമാനമുള്ള നിമിഷമാണ്. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത് കീരവാണി സാറിന്റെ സംഗീതത്തിലാണ്. അദ്ദേഹത്തിന് ഇത്ര വലിയ അംഗീകാരം കിട്ടുന്നു എന്നത് വ്യക്തിപരമായ സന്തോഷം തരുന്ന കാര്യമാണ്' - കെ എസ് ചിത്ര
എല്ലാവര്‍ക്കും സന്തോഷിക്കാനും അഭിമാനിക്കാനും സാധിക്കുന്ന മുഹൂര്‍ത്തമാണിതെന്ന് വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മെജോ ജോസഫ്. വാരിക്കുഴിയിലെ കൊലപാതകത്തില്‍ കീരവാണിസാറിനെകൊണ്ട് പാടിക്കാന്‍ സാധിച്ചത് ഒരു അനുഗ്രഹമായി കരുതുന്നു. 21 വര്‍ഷത്തിന് ശേഷം മറ്റൊരു സംഗീത സംവിധായകന് വേണ്ടി ആദ്യമായാണ് അദ്ദേഹം പാടിയതെന്നും മെജോ.
ഒരു ഭാരതീയന്‍ എന്ന നിലയിലും ഒരു സംഗീത സംവിധായകന്‍ എന്ന നിലയിലും ഇത് അഭിമാന നിമിഷമാണെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. നമ്മുടെ നാടിന്റെ ഒരു പാട്ടിന് ഒരു ഗ്ലോബല്ർ സ്‌റ്റേജില്‍ ഒരു സൂര്യത്തിളക്കം വരുന്നു എന്നുള്ളത് വളരെ അഭിമാനമാണ്. നമുക്ക് ഒരുപാട് നല്ല സംഗീത സംവിധായകര്‍ ഉണ്ട്. എന്നാല്‍ കീരവാണി സാര്‍ മഹാനായ സംഗീത സംവിധായകനാണ്. ആ മഹത്വം ഓസ്കര്‍ പോലുള്ള വേദിയില്‍ അംഗീകരിക്കപ്പെടുമ്പോള്‍ എക്കാലത്തും അദ്ദേഹത്തിന്റെ ആരാധകനാണെന്നതില്‍ അഭിമാനമുണ്ടെന്നും ജയചന്ദ്രന്‍ കൂട്ടിചേര്‍ത്തു.
സുവര്‍ണ നിമിഷമാണിത്. അദ്ദേഹത്തോടൊപ്പവും രാജമൗലി സാറിനൊപ്പവും മൂന്ന് സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. കീരവാണി സാറിനെ 1991 മുതലുള്ള പരിചയമാണെന്നും അദ്ദേഹമാണ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ അവസരം നല്‍കുന്നതെന്നും ഗായിക മിന്‍മിനി. അത് ഓര്‍ക്കുമ്പോള്‍ വളരെയധികം സന്തോഷമാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് ഇത്രവലിയ അംഗീകാരം ലഭിക്കുന്നത് നമുക്ക് കൂടി ലഭിക്കുന്ന അംഗീകാരം പോലെയാണെന്നും മിന്‍മിനി പറഞ്ഞു