കലോത്സവത്തിലെ കോഴിക്കോടൻ അട്ടിമറിയുടെ ഓർമ്മയുമായി ഗായിക അരുന്ധതി
''എന്റെ അന്നത്തെ രൂപഭാവങ്ങളും വിറച്ചുകൊണ്ടുള്ള നിൽപ്പും ഒക്കെ കണ്ടാവണം, കൂവിക്കൊണ്ടായിരുന്നു സദസ്സിന്റെ വരവേൽപ്പ്.'' കോഴിക്കോട്ട് 1976 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തെ കുറിച്ച് അരുന്ധതിയുടെ ഓർമ്മ. ''ചെറുതായൊന്നു പകച്ചു എന്നത് സത്യം. സകല ദൈവങ്ങളെയും ധ്യാനിച്ച് പല്ലവി പാടിത്തുടങ്ങിയതോടെ സ്വിച്ചിട്ട പോലെ കൂവൽ നിന്നു. സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയായിരുന്നു പിന്നെ. പാടി നിർത്തിയപ്പോൾ കേട്ട കയ്യടി ഇതാ ഇപ്പോഴുമുണ്ട് കാതിൽ...''
ഓർമ്മയിൽ നിന്ന് ആ ഗാനത്തിന്റെ ഈരടികൾ മൂളുന്നു അരുന്ധതി: ''ഒരു പാട്ടു പാടുവാൻ വന്നവൾ നീ സഖി ഒരായിരം പാട്ട് പാടിയാലോ...''പാട്ട് നന്നായിത്തന്നെ പാടിയെങ്കിലും വിജയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മത്സരിക്കുന്നത് സുജാതയെപ്പോലുള്ള പ്രശസ്തരോടാണ്. 'ഓടക്കുഴൽ വിളി'യും ടൂറിസ്റ്റ് ബംഗ്ളാവ് (1975) എന്ന സിനിമയിലെ 'കണ്ണെഴുതി പൊട്ടുതൊട്ടും' ഒക്കെ പാടി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് അന്ന് എറണാകുളം സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന ബേബി സുജാത. സുജാതയുടെ മധുരശബ്ദത്തിൽ ഓടക്കുഴൽ വിളി ഒഴുകിയെത്തുന്നത് കേൾക്കാൻ വലിയൊരു പുരുഷാരം തന്നെ തടിച്ചുകൂടിയിരുന്നു മാനാഞ്ചിറ മൈതാനത്ത്.
''വലിയ പ്രതീക്ഷയൊന്നും ഇല്ലാത്തതിനാൽ മത്സരം കഴിഞ്ഞയുടൻ ഞാൻ സ്ഥലം വിട്ടു''- തിരുവനന്തപുരത്തെ സെനാന മിഷൻ സ്കൂളിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുത്ത അരുന്ധതി ഓർക്കുന്നു. ''വൈകുന്നേരം ഭക്ഷണശാലയിൽ ഇരിക്കുമ്പോഴാണ് ആരോ വന്നു പറഞ്ഞത് ഒന്നാം സ്ഥാനം എനിക്കാണെന്ന്. സുജാതയ്ക്ക് രണ്ടാം സ്ഥാനവും. ശരിക്കും ഞെട്ടിപ്പോയി. ഒട്ടും വിശ്വാസം തോന്നിയില്ല. മാധ്യമ പ്രതിനിധികൾ കാണാൻ വന്നപ്പോഴേ കേട്ടത് സത്യമാണെന്ന് ബോദ്ധ്യം വന്നുള്ളൂ..''
ഇന്നോർക്കുമ്പോൾ അഭിമാനം മാത്രം. കാരണം ചില്ലറക്കാരല്ലായിരുന്നു വിധികർത്താക്കൾ: രാഘവൻ മാസ്റ്റർ, കുമാരകേരള വർമ്മ, മാവേലിക്കര പ്രഭാകരവർമ്മ, കമല കൈലാസനാഥൻ. നാല് പേരും അതിപ്രഗത്ഭർ. മറ്റൊരു കൗതുകം കൂടിയുണ്ട്. പ്രണയഗാനത്തിന്റെ കെട്ടും മട്ടുമാണെങ്കിലും സംസ്ഥാന സർക്കാരിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടിക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണത്. കെ ജി സേതുനാഥ് എഴുതി ആർ സോമശേഖരൻ ഈണമിട്ട് ഉദയഭാനു പാടിയ പാട്ടിന്റെ പല്ലവിയിലെ 'ഒരു പാട്ടു പാടുവാൻ വന്നവൾ നീ ഒരായിരം പാട്ട് പാടിയാലോ, പാട്ടിന്റെ രാഗം മനോഹരമെങ്കിലും കേട്ടിരിക്കാനെന്ത് ക്ലേശം' എന്ന വരിയിൽ തന്നെയുണ്ട് കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വ്യംഗ്യമായ സൂചന. ''വരികളുടെ അർത്ഥവും വ്യംഗ്യാർത്ഥവും ഒന്നും ആഴത്തിൽ മനസ്സിലാക്കാവുന്ന പ്രായമല്ലല്ലോ. പാട്ട് ഒരിക്കൽ ഏതോ വേദിയിൽ ജാനകീദേവി എന്ന ഗായിക പാടിക്കേട്ടപ്പോൾ ഇഷ്ടം തോന്നി. അത് പഠിച്ചെടുക്കുകയും ചെയ്തു. അത്രേയുള്ളൂ.'' അരുന്ധതിയുടെ വാക്കുകൾ.
സംഗീത ഗുണം തന്നെയാണ് ആ ഗാനം പാടാൻ തിരഞ്ഞെടുത്തതിന് പിന്നിൽ എന്ന് പറയും അരുന്ധതി. പാട്ട് ചിട്ടപ്പെടുത്തിയ ആർ സോമശേഖരൻ (പിൽക്കാലത്ത് പുളിയിലക്കരയോലും പുടവ ചുറ്റി പോലുള്ള സിനിമാഗാനങ്ങളിലൂടെ പ്രശസ്തനായ സോമശേഖരനല്ല; ആകാശവാണിയിലെ വയലിനിസ്റ്റും കമ്പോസറുമായിരുന്ന ആൾ) കല്യാണി, കാപി നാരായണി, കാംബോജി, ആനന്ദഭൈരവി, ആരഭി, മോഹനം എന്നീ രാഗങ്ങളെ തന്മയത്വത്തോടെ വിളക്കിച്ചേർത്തിട്ടുണ്ട് ചരണത്തിൽ. അതിനും രണ്ടു വർഷം മുൻപ് 1974 ലെ മാവേലിക്കര സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അതേ ഗാനം പാടി രണ്ടാമതെത്തിയ ജാനകീദേവിക്കും ഇല്ല മറിച്ചൊരു അഭിപ്രായം.
ആകാശവാണിയിലൂടെ പ്രശസ്തമാകും മുൻപ് തന്നെ ഈ ഗാനം കലോത്സവ വേദിയിൽ അവതരിപ്പിച്ച ചരിത്രമാണ് ജാനകീദേവിയുടേത്. ''ജില്ലാ യുവജനോത്സവത്തിൽ പാടാൻ വേണ്ടി ഉദയഭാനു സാർ തന്നെയാണ് പാട്ട് പഠിപ്പിച്ചത്. ഹോളി ഏഞ്ചൽസ് കോൺവെന്റിനു വേണ്ടി മത്സരിച്ച എനിക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സംസ്ഥാന കലോത്സവത്തിൽ നേരിയ വ്യത്യാസത്തിൽ രണ്ടാമതായി. അന്ന് ആറിലോ ഏഴിലോ പഠിച്ചിരുന്ന സുജാതയാണ് ഒന്നാം സ്ഥാനം നേടിയത്...'' രണ്ടു വർഷം കഴിഞ്ഞു വിമൻസ് കോളേജിനെ പ്രതിനിധീകരിച്ചു കേരള സർവകലാശാല കലോത്സവത്തിൽ ഒന്നാമതെത്തിയപ്പോഴും ജാനകീദേവി പാടിയത് 'ഒരു പാട്ടു പാടുവാൻ വന്നവൾ നീ' തന്നെ. സുജാതയും അരുന്ധതിയും ജാനകീദേവിയും പിൽക്കാലത്ത് പിന്നണിഗാന രംഗത്തെത്തി എന്നത് വിധി
സുജാതയും അരുന്ധതിയും ജാനകീദേവിയും പിൽക്കാലത്ത് പിന്നണിഗാന രംഗത്തെത്തി എന്നത് വിധി നിയോഗമാകാം. 'എത്ര പൂക്കാലമിനി' (രാക്കുയിലിൻ രാഗസദസ്സിൽ) എന്ന ഗാനമായിരുന്നു അരുന്ധതിയുടെ മാസ്റ്റർപീസ്. ജാനകീദേവിയെ പ്രശസ്തയാക്കിയത് ഏപ്രിൽ 18 ലെ കാളിന്ദീതീരം തന്നിൽ (യേശുദാസിനൊപ്പം) എന്ന ഗാനവും. പക്ഷെ ഇരുവരും പല കാരണങ്ങളാലും സിനിമയിൽ സജീവമായില്ല. സുജാതയാകട്ടെ തെന്നിന്ത്യൻ ചലച്ചിത്രഗാനലോകത്ത് താരമായി ജ്വലിച്ചുയരുകയും ചെയ്തു.