രവീന്ദ്രൻ സംഗീതത്തിലെ  മാസ്റ്ററല്ല; അദ്ദേഹം പാട്ടുകളെ സങ്കീർണമാക്കി: പി ജയചന്ദ്രൻ

രവീന്ദ്രൻ സംഗീതത്തിലെ മാസ്റ്ററല്ല; അദ്ദേഹം പാട്ടുകളെ സങ്കീർണമാക്കി: പി ജയചന്ദ്രൻ

ജോൺസൻ്റെ കാലശേഷം മാസ്റ്ററെന്ന് വിളിക്കാവുന്നവർ ഇല്ലെന്നും ജയചന്ദ്രൻ
Updated on
1 min read

സംഗീത സംവിധായകൻ രവീന്ദ്രനെക്കുറിച്ച് വിവാദമായേക്കാവുന്ന അഭിപ്രായം പങ്കുവെച്ച് ഗായകൻ പി ജയചന്ദ്രൻ. സഹപ്രവര്‍ത്തകരായ സംഗീത സംവിധായകരെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ, രവീന്ദ്രനെ മാസ്റ്ററെന്ന് വിളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ തൻ്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

രവീന്ദ്രന്‍ മാഷ് മികച്ച സംഗീതജ്ഞനാണ്, എന്നാല്‍ മാസ്റ്ററെന്ന് അദ്ദേഹത്തെ വിളിക്കാൻ കഴിയില്ല. സംഗീതത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കാനാണ് രവീന്ദ്രന്‍ ശ്രമിച്ചതെന്നും ജയചന്ദ്രന്‍ വിശദീകരിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം മഹാനായ ഗായകൻ മുഹമ്മദ് റഫിയാണ്. പി സുശീലയെയാണ് ഏറ്റവും മികച്ച ഗായികയായി കാണുന്നത്

പി ജയചന്ദ്രൻ

ജി ദേവരാജനാണ് തന്റെ ഗുരു. അദ്ദേഹത്തിന്റെ പാട്ടുകള്‍ വ്യത്യസ്തങ്ങളായിരുന്നു. ഇന്ന് അത്തരത്തിലുള്ള പ്രതിഭകളെ കാണുന്നില്ല. ഏറ്റവും മഹാനായ സംഗീതജ്ഞന്‍ എം എസ് വിശ്വനാഥനാണ്. അദ്ദേഹത്തിന് ശേഷം ജോണ്‍സണ് മാത്രമെ മാസ്റ്റര്‍ എന്ന വിളിക്ക് അര്‍ഹതയുള്ളൂ. ജോണ്‍സണ് ശേഷം മാസ്റ്റര്‍ എന്ന വിളിക്ക് ആരും അര്‍ഹനല്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.

എസ് പി ബാലസുബ്രഹ്മണ്യം നല്ല ഗായകനെക്കാൾ നല്ല അഭിനേതാവാണ്. ശങ്കരാഭരണത്തിലെ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ മികച്ചതാണെന്ന് ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യമുള്ള ആരും പറയില്ല. ദ്രുതഗതിയിലുള്ള പാട്ടുകൾ അദ്ദേഹം നന്നായി പാടും. എന്നാൽ സൌന്ദർരാജൻ്റെയും പി ബി ശ്രീനിവാസിൻ്റെയും ഗഹനത അദ്ദേഹത്തിനില്ല. യേശുദാസിൻ്റെ ആരാധകനാണ് താനെന്നും അദ്ദേഹത്തിൻ്റെ കാലത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യമാണെന്നും ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.

"എന്നെ സംബന്ധിച്ചിടത്തോളം മഹാനായ ഗായകൻ മുഹമ്മദ് റഫിയാണ്. പി സുശീലയെയാണ് ഏറ്റവും മികച്ച ഗായികയായി കാണുന്നത്" -പി ജയചന്ദ്രൻ പറഞ്ഞു.

രവീന്ദ്രന്‍ മാഷ്
രവീന്ദ്രന്‍ മാഷ്

എം എസ് വിശ്വനാഥനും ദേവരാജന്‍ മാസ്റ്ററുമായും ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ കാലത്തെ പാട്ടുകളില്‍ വരികളേക്കാള്‍ പ്രാധാന്യം സംഗീതത്തിനാണ്. പുതിയ കാലത്തെ സംഗീത സംവിധായകരും ആ രീതിയോടിണങ്ങിയാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത്. ബിജിപാലിന്റെയും എം ജയചന്ദ്രന്റെയും ഗാനങ്ങള്‍ നല്ലതാണ്. എന്നാല്‍ ഗോപി സുന്ദറിന് എന്താണ് ജനങ്ങള്‍ക്കാവശ്യമുള്ളതെന്ന് മനസ്സിലാക്കി പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in