കലോത്സവത്തിനെത്തിയ എത്രപേർ കലയിൽ തുടരുന്നുണ്ട്: ഗോപിനാഥ് മുതുകാട്
കലോത്സവത്തിന് തിരശീല വീഴുമ്പോൾ പങ്കെടുത്തവരിൽ എത്രപേർ കലാരംഗത്ത് തുടരും. ഈ ചോദ്യത്തെക്കുറിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. കോഴിക്കോട് നടന്ന സ്കൂൾ കലോത്സവം കാണാനായി മുതുകാടും എത്തിയിരുന്നു. അദ്ദേഹം ഏറെ നേരം കലാപരിപാടികൾ ആസ്വദിക്കുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. സംസാരിച്ച പലരും പറഞ്ഞത് ഭാവിയിൽ ഗായകർ ആവാനും നർത്തകർ ആവാനുമുള്ള സ്വപ്നത്തെക്കുറിച്ചാണ്. എന്നാൽ ഇവരിൽ എത്ര പേർക്ക് ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കും. ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്.
സ്കൂൾ കാലയളവ് കഴിഞ്ഞാൽ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയും ഒരു ജോലി മുന്നിൽ കണ്ടും പലരും പല വഴിയിൽ പോകും. ഇത് പറയുമ്പോൾ മോഹൻ ലോറൻസിനെക്കുറിച്ച് പരാമർശിക്കാൻ അദ്ദേഹം മറന്നില്ല. 1978 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിലെ വിജയിയായിരുന്നു മോഹൻ ലോറൻസ്. അന്ന് അദ്ദേഹത്തോടൊപ്പം മത്സരിച്ച ചിത്ര എന്ന പെൺകുട്ടി ഇന്ന് മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയായി. എന്നാൽ അന്നത്തെ മത്സരത്തിൽ വിജയിയാണ് താനെന്ന് പോലും അദ്ദേഹം ഇപ്പോൾ ഓർക്കുന്നില്ല.
കോഴിക്കോട് 61 -ാമത് കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ മോഹൻ ലോറൻസിനെ തേടിയുള്ള രവി മേനോന്റെ റിപ്പോർട്ടായിരുന്നു ആ പ്രതിഭയെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. കലയൊക്കെ ഉപേക്ഷിച്ച് ദുബായിൽ ടാലന്റ് ഗ്രൂപ്പ് ഡയറക്ടറാണ് അദ്ദേഹം ഇപ്പോൾ .