അന്നബെന്നിന്റെ 'കൈറ' വീണ്ടും വന്നേക്കും; കൽക്കിയുടെ സ്പിന്നോഫ് സാധ്യതകൾ പറഞ്ഞ് നാഗ് അശ്വിൻ
പ്രഭാസും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തി തിയേറ്ററുകളിൽ എത്തിയ കൽക്കി വൻ വിജയമാകുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ നിരവധി ഘടകങ്ങളുണ്ട്. ശോഭന, ദുൽഖർ സൽമാൻ, മാളവിക നായർ, അന്നബെൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഇതിൽ തന്നെ അന്നയുടെ റോൾ ഏറെ ചർച്ചയായിരുന്നു. കൈറ എന്ന വിമത പോരാളിയായിട്ടായിരുന്നു അന്നബെൻ ചിത്രത്തിൽ എത്തിയത്. അന്നയുടെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ സിനിമയിൽ അന്ന ആക്ഷൻ ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കൈറയ്ക്ക് ഒരു സ്പിന്നോഫ് വന്നേക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് സ്പിന്നോഫുകൾ വരുന്നതെന്നെത്തും പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ നാഗ് അശ്വിൻ പറഞ്ഞു.
നിലവിൽ ബുജ്ജിയും ഭൈരവയും തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുന്ന അനിമേറ്റഡ് സീരിസ് പുറത്തിറങ്ങിയിട്ടുണ്ട്. സമാനമായ രീതിയിൽ അനിമേറ്റഡ് സീരിസോ കൈറയുടെ മാത്രം സ്പിന്നോഫ് സീരിസോ ആയിട്ടായിരിക്കും എത്തുകയെന്നും നാഗ് അശ്വിൻ പറഞ്ഞു.
കൽക്കി 2898 എഡി തുടക്കത്തിൽ ഒരു ഭാഗമായിട്ടാണ് പദ്ധതിയിട്ടിരുന്നതെന്നും പിന്നീട് സ്‌ക്രിപ്റ്റ് വികസിച്ചതോടെ രണ്ട് ഭാഗങ്ങളായി ഒരുക്കുകയായിരുന്നെന്നും നാഗ് അശ്വിൻ പറഞ്ഞു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒരുങ്ങുകയാണെന്നും നാഗ് അശ്വിൻ പറഞ്ഞു.
വൈജയന്തി മൂവീസ് നിർമിച്ച 'കൽക്കി 2898 എ.ഡി' തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.
മഹാനടിക്കുശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.