ഉച്ചമയക്കത്തിലെ വെളിപാട്;
മാനസിക വ്യാപാരങ്ങളെ കൂട്ടുപിടിച്ച് 'നന്‍പകല്‍ നേരത്ത് മയക്കം'

ഉച്ചമയക്കത്തിലെ വെളിപാട്; മാനസിക വ്യാപാരങ്ങളെ കൂട്ടുപിടിച്ച് 'നന്‍പകല്‍ നേരത്ത് മയക്കം'

സിനിമയുടെ വേള്‍ഡ് പ്രീമിയർ കഴിഞ്ഞദിവസം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ നടന്നു
Updated on
1 min read

ഉത്തരം കിട്ടാത്ത മാനസിക വ്യാപാരങ്ങളെ ഉച്ചമയക്കത്തില്‍ കൂട്ടിക്കെട്ടിയുള്ള പരീക്ഷണം. അതാണ് ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ നല്‍പകല്‍ നേരത്ത് മയക്കം. വിഭ്രാന്തിയുടെ വിവിധ തലങ്ങള്‍ അഭ്രപാളിയിലേയ്ക്ക് ആവാഹിച്ച് പ്രേക്ഷകനെ വിസ്മയിപ്പിച്ച ലിജോക്കൊപ്പം അഭിനയ മികവിന്റെ ഇതിഹാസമായ മമ്മൂട്ടി കൂടി ചേര്‍ന്നപ്പോള്‍ ലോക സിനിമയില്‍ മലയാളത്തിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍ കൂടിയായി നന്‍പകല്‍ നേരത്ത് മയക്കം. സിനിമയുടെ വേള്‍ഡ് പ്രീമിയറാണ് കഴിഞ്ഞദിവസം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ നടന്നത്.

ഈ.മ.യൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മനുഷ്യ മനസിന്റെ മറ്റൊരു പ്രതിഭാസമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ലിജോ വിഷയമാക്കിയത്. മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന വിഭ്രാന്തിയാണ് സിനിമ. ജെയിംസിന് അറിയാത്ത നാട്ടില്‍ ജെയിംസിന് അറിയാത്ത 'സുന്ദര'മായി അയാള്‍ മാറുകയാണ്. ഭക്തിയും വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ജെയിംസിനൊപ്പമുള്ളവരും സുന്ദരത്തിന്റെ നാട്ടുകാരും ചേരുന്നു.

കുടുംബസ്ഥനായ മൂവാറ്റുപുഴക്കാരന്‍ ജെയിംസ് തമിഴ്‌നാട്ടില്‍ സുന്ദരമായി മാറുന്നതാണ് കഥാതന്തു. മൂവാറ്റപുഴയില്‍ നിന്ന് വേളാങ്കണ്ണിക്കു പോയ നാടകവണ്ടിയുടെ മടക്കയാത്രക്കിടയില്‍ ജെയിംസ് ഇറങ്ങിനടക്കുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അയാളെ കാണാതാകുമ്പോള്‍ ഭാര്യയും മകനും ഭാര്യയുടെ അച്ഛനും പിന്നെ അടുത്ത സുഹൃത്തുക്കളുമായ യാത്രക്കാര്‍ അയാളെ തേടി ഇറങ്ങുന്നു.  അത് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് അവര്‍ക്കു സമ്മാനിക്കുന്നത്. സുന്ദരം എന്നയാള്‍ രണ്ടു വര്‍ഷം മുമ്പാണ് തമിഴ്നാട്ടിലെ ഒരു വീട്ടില്‍ നിന്ന് ചന്തയ്ക്കു പോയത്. എന്നാല്‍ അയാള്‍ പിന്നീട് മടങ്ങിവന്നിട്ടില്ല.

അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങുന്ന കുടുംബം അന്നുമുതല്‍ സുന്ദരത്തിൻ്റെ ദുരൂഹമായ തിരോധാനത്തിന്റെ ആഘാതത്തിലാണ്. ഇനി അയാള്‍ തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ലെന്നു കരുതിയിരിക്കുമ്പോഴാണ് സുന്ദരം എന്ന മനുഷ്യന്‍ പുനരവതരിക്കുന്നത്. മറ്റൊരാളുടെ രൂപത്തില്‍. എന്നാല്‍ സംസാരവും പ്രവൃത്തിയും വസ്ത്രധാരണവും മറ്റെല്ലാം സുന്ദരത്തെപ്പോലെ തന്നെ. അതാണ് ജെയിംസ്.

മനസ്സിന്റെ ഏറ്റവും വിചിത്രമായ വഴികളിലൂടെയാണ് എസ് ഹരീഷ് സഞ്ചരിച്ചിരിക്കുന്നത്. അസാധ്യവും ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയ്ക്കാണ് തിരക്കഥയിലൂടെ യാഥാര്‍ഥ്യ പ്രതീതി ഉണ്ടാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നം ആരുടെയും ജീവിതം മാറ്റിമറിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിക്കാനുമാവില്ല. അവിടെയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്ന സിനിമയുടെ സ്ഥാനം.  

logo
The Fourth
www.thefourthnews.in