അനുഭവ തീവ്രതയിൽ പ്രേക്ഷകരെ മയക്കി ലിജോ ജോസ്

അനുഭവ തീവ്രതയിൽ പ്രേക്ഷകരെ മയക്കി ലിജോ ജോസ്

വിസ്മയിപ്പിക്കുന്ന ഒരു സൃഷ്ടിയായി ഈ ചിത്രം എന്നും മലയാള സിനിമയിൽ വേറിട്ട് നിൽക്കും
Updated on
2 min read

എപ്പോഴെങ്കിലും ഒരു ഗ്രെഗർ സാംസ ആകാൻ ആഗ്രഹിക്കാത്തവരുണ്ടാവുമോ. നൈരാശ്യങ്ങളുടെ പരമകോടിയിൽ പുറന്തോട് പൊളിച്ച് ഒരു പുഴുവായെങ്കിലും  പുറത്ത് വന്നാൽ എങ്ങനെയിരിക്കും. എവിടെയോ ജീവിക്കുന്ന അല്ലെങ്കിൽ കണ്മുന്നിലുള്ള ഒരാളായി ജീവിക്കാനുള്ള ത്വര ഒരു പക്ഷെ എല്ലാവരുടെ ഉള്ളിലും  ഉണ്ടായേക്കാം. ഇതിന് അസ്തിത്വവാദവുമായൊന്നും ബന്ധം  കല്പിക്കേണ്ടതില്ല. ഒരു സ്വപ്നം മാത്രമാണത്.

ലിജോ ജോസ്  പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം വിട്ടുണർന്ന   പ്രേക്ഷകലക്ഷങ്ങൾ പങ്കുവെക്കുന്നത് ഈ അനുഭവ തീവ്രതയാണ്. ക്ലോസ്‌  ഷോട്ടുകൾ കുറച്ച്  ലോങ്ങ് ഷോട്ടുകളിലൂടെ പുരോഗമിക്കുന്ന ചിത്രത്തിൽ പതിയുന്ന ഓരോ ഇടവും  അതിലെ മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാം  ആ അനുഭവത്തിന്റെ ഭാഗമാവുകയാണ്.  

ഭൗതിക തലത്തെ കവച്ചു നിൽക്കുന്ന അനുഭവ തലമാണ് ലിജോ ജോസ് ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്

ഇനി ചിത്രത്തിന്റെ മറ്റൊരടരിലേക്ക് ഇറങ്ങിയാൽ  തിരുക്കുറൾ ദർശനങ്ങളുടെ ചുവടുപിടിച്ച് മനുഷ്യ ജീവിതത്തിന്റെ പൊരുൾ തേടലിലാണ്  എത്തിപ്പെടുക. എല്ലാം വേഷപ്പകർച്ചകളെയും ഒറ്റ സ്റ്റേജിലൊതുക്കി ഒടുവിൽ കർട്ടൻ താഴ്ത്തുമ്പോൾ വലിയൊരു ജീവിത നാടകം കണ്ട പ്രതീതിയാണ് പ്രേക്ഷകർക്ക്. മറ്റു ലിജോ ചിത്രങ്ങളിൽ ക്യാമറ ഒഴുകി നടക്കുമ്പോൾ  ഇവിടെ ഒരു അരങ്ങിനെ  അഭിമുഖീകരിച്ച് നിൽക്കുകയാണത് .

ആശയക്കുഴപ്പങ്ങളില്ലാതെ  ഭംഗിയിൽ അടുക്കിയ യുക്തി  ചിത്രത്തിൽ തിരയുന്നവർക്ക് ഒരു പക്ഷെ ഈ സംവേദനം സാധ്യമായെന്നു വരില്ല. പലതരം  അയുക്തികളിലാണ്  ജീവിതത്തിന്റെ സാരാർത്ഥവും മനോഹാരിതയും  എന്ന് പിടികിട്ടുന്നവർക്കുള്ളതാണ് ഈ ചിത്രം. ജെയിംസിനെയും മുത്തിനെയും കറുത്ത കണ്ണടയിട്ട പാട്ടിയമ്മയെയും  ഒടുവിൽ വാഹനത്തിനു പിറകെ പോകുന്ന നായയെ വരെ കോർത്തിണക്കികൊണ്ടുള്ള സ്നേഹത്തിന്റെ/  മനുഷ്യ ബന്ധങ്ങളുടെ  നൂൽപ്പാലമാണ്  പ്രേക്ഷക മനസ്സുകളിലേക്ക് സംവിധായകൻ വലിച്ച് കെട്ടുന്നത്

ഈ മ യൗ വിലായാലും ജെല്ലിക്കെട്ടിലായാലും ഭൗതിക തലത്തെ കവച്ചു നിൽക്കുന്ന അനുഭവ തലമാണ് ലിജോ ജോസ് ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. വിഷയത്തോടുള്ള വ്യത്യസ്തമായ സമീപനം എന്നതുപോലെ ആവിഷ്കാരത്തിലും ലിജോ  പുതുമകൾ സൂക്ഷിക്കുന്നു. നൻ പകൽ നേരത്ത് മയക്കത്തിൽ കഥാസന്ദർഭത്തിനനുയോജ്യമായി ടി വിയിലൂടെയും റേഡിയോയിലൂടെയും കേൾപ്പിക്കുന്ന സംഭാഷണ ശകലങ്ങൾ , ഗാനങ്ങൾ ലോക സിനിമയിൽ തന്നെ അപൂർവമായി മാത്രം പരീക്ഷിക്കപ്പെട്ട ഒന്നാണ്.

ലോകത്തിലെ എല്ലാ ദേശവും എന്റെ ദേശമാണ്, ഓരോരുത്തരും ഉള്ളുകൊണ്ടടുക്കുമ്പോൾ അവിടെ അതിർത്തികൾ ഇല്ലാതെയാകുന്നു എന്ന തിരിച്ചറിവ് കൂടി ഈ ചിത്രം അനുഭവിപ്പിക്കുന്നു . അതോടൊപ്പം  ഒരു നാടിന്റെ സംസ്കാരത്തെ, അവിടത്തെ ജീവനോപാധികളെ, വിനോദോപാധികളെയെല്ലാം  പച്ചയായി പകർത്തിവെച്ചത് കാണാം.

നമ്മുടെ ചിന്തകളിൽ ഏറ്റവും വലിയ ശതമാനം ഉണ്ടാകുന്നത് നമ്മുടെ പേഴ്സണൽ സ്പേസിൽ നിന്നായിരിക്കുമെന്ന്‌ ലിജോ ജോസ്  ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.  ലിജോയുടെ അമ്മയുടെ അച്ഛന്റെ പേര് ജെയിംസ് എന്നായിരുന്നു . അദ്ദേഹത്തിന്റെ തമിഴ് ബന്ധവും അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടുവിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ചാലക്കുടി സാരഥി തിയറ്റേഴ്സ് എന്ന ബോർഡ് കാണാം. ലിജോയുടെ പിതാവും  അഭിനേതാവുമായിരുന്ന ജോസ് പെല്ലിശ്ശേരി സജീവമായി പ്രവർത്തിച്ചിരുന്ന  ചാലക്കുടി സാരഥി തീയേറ്റേഴ്‌സും  സംവിധായകന്റെ ഒരു കണ്ടെത്തലിന്റെയോ, ഉയിർപ്പിക്കലിന്റെയെയോ, കടമയുടെയോ ഭാഗമായി ചിത്രത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു.

ഒരു മികച്ച തിരക്കഥയില്ലായിരുന്നുവെങ്കിൽ തികച്ചും പരാജയപ്പെട്ടുപോകുമായിരുന്ന ചിത്രത്തെ നല്ല ഒരു അനുഭവമാക്കിയതിൽ  എഴുത്തുകാരൻ എസ് ഹരീഷിൻറെ പങ്ക് ചെറുതല്ല .  അഭിനേതാക്കളുടെ സൂക്ഷ്മ ചലനങ്ങൾ പോലും ഒപ്പിയെടുത്ത ഛായാഗ്രാഹകൻ തേനി ഈശ്വർ, അസാധ്യ പ്രകടനത്തിലൂടെ ജെയിംസിൽ നിന്ന്  നിഷ്പ്രയാസം സുന്ദരത്തിലേക്ക് പരകായം ചെയ്ത നടൻ മമ്മൂട്ടിയുമെല്ലാം ചിത്രത്തിന്റെ സത്ത ചോർന്നു പോകാതെ തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി

ചാലക്കുടി സാരഥി തിയറ്റേഴ്സ് അവതരിപ്പിച്ച നാടകമായും, നായകന്റെ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ആയും, ആത്മാവിന്റെ പരകായ പ്രവേശനമായുമെല്ലാം  വിലയിരുത്തുമ്പോഴും ഇനിയും അനേകം സാധ്യതകൾ  ഈ ചിത്രം അവശേഷിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഒരു അബ്‌സ്ട്രാക്ട് ചിത്രമായോ  വിവിധ മാനങ്ങളുള്ള ഒരു കവിതയായോ അനേകം അടരുകളുള്ള ഒരു കഥയായോ അനുഭവിപ്പിച്ച് വിസ്മയിപ്പിക്കുന്ന  സൃഷ്ടിയായി  ഈ ചിത്രം  എന്നും മലയാള സിനിമയിൽ  വേറിട്ട് നിൽക്കും

logo
The Fourth
www.thefourthnews.in