നൻപകൽ നേരത്ത് മയക്കം
ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ

നൻപകൽ നേരത്ത് മയക്കം ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ

ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം
Updated on
1 min read

ന്യൂയോർക്ക് ടൈംസിൻ്റെ ഈ മാസത്തെ പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി 'നൻപകൽ നേരത്ത് മയക്കം'. ഈ മാസം ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്ന പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ ഒപ്പമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന വിഭ്രാന്തിയാണ് പെല്ലിശേരി ചിത്രത്തിലൂടെ പറയുന്നത്. ജെയിംസിന് അറിയാത്ത നാട്ടില്‍ ജെയിംസിന് അറിയാത്ത 'സുന്ദര'മായി അയാള്‍ മാറുകയാണ്. ഭക്തിയും വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള മുഖാമുഖത്തിൽ ജെയിംസിനൊപ്പമുള്ളവരും സുന്ദരത്തിൻ്റെ നാട്ടുകാരും ഒരുമിക്കുന്നു. കുടുംബസ്ഥനായ മൂവാറ്റുപുഴക്കാരന്‍ ജെയിംസ് തമിഴ്‌നാട്ടില്‍ സുന്ദരമായി മാറുന്നത് സ്വപ്നമാണോ നാടകമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത കടങ്കഥയിൽ പ്രേക്ഷകനും കുടുങ്ങും.നെറ്റ്ഫ്ലിക്സിലാണ് നൻപകൽ നേരത്ത് മയക്കം സ്ട്രീം ചെയ്യുന്നത്.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിലുള്ള മറ്റു ചിത്രങ്ങൾ

ജംബോ

അമ്മയ്‌ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന ജിയാനി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ജംബോ എന്ന സിനിമ കടന്നു പോകുന്നത്. അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ജിയാനിയുടെ ജോലി. സമപ്രായക്കാരുടെ ഭീഷണികളിൽ നിന്നും മോശമായി പെരുമാറുന്ന ബോസിൽ നിന്നുമുള്ള അഭയമായിട്ടാണ് ജിയാനി പാർക്കിലെ ജോലി സമയത്തെ കാണുന്നത്. സോ വിറ്റോക്കാണ് ചിത്രത്തിൻ്റെ സംവിധാനം. ടുബി പ്ലാറ്റ്‌ഫോമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

എ ഹ്യൂമൻ പൊസിഷൻ

അമാലി ഇബ്‌സൻ ജെൻസൺ എന്ന പേരുള്ള ആസ്തയെന്ന യുവതിയുടെ കഥ പറയുകയാണ് എ ഹ്യൂമൻ പൊസിഷൻ. ആസ്ത ഒരു യുവ പത്രപ്രവർത്തകയാണ്. ഒരുമിച്ച് താമസിച്ചു കൊണ്ടിരുന്ന ആസ്‌തയ്‌ക്കും തൻ്റെ പെൺപങ്കാളിക്കും ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തുടങ്ങുകയാണ്. അതിനിടയിൽ ചില കാരണങ്ങൾ കാരണം നാടുകടത്തപ്പെട്ട ഒരു കുടിയേറ്റ തൊഴിലാളിയുടെ കഥയെ പറ്റി ആസ്ത അന്വേഷിച്ചു തുടങ്ങുന്നു. അവിടെയാണ് കഥയുടെ ആരംഭം. ആൻഡേർസ് എമ്ബ്ലെമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുബിയിലാണ് ചിത്രമുള്ളത്.

ഡൊമസ്റ്റിക്

ഒരു അപ്പാർട്മെൻ്റിൽ താമസിക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറർ പശ്ചാത്തലത്തിലുള്ള സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് അപ്പാർട്മെൻ്റിലാണ്.ആദം സെഡ്‌ലാക് ആണ് ചിത്രത്തിൻ്റെ സംവിധാനം. ടുബിയിലും ആമസോൺ പ്രൈമിലും ചിത്രം പ്രദർശിപ്പിക്കും.

ദി ഷോ

സ്റ്റീവ് ബോബ് എന്ന വ്യക്തി ദാരുണമായി മരിച്ച ഒരാളെപ്പറ്റി അന്വേഷിക്കാനായി നോർത്താംപ്ടണിലെ പട്ടണത്തിലെത്തുന്നു. പിന്നീട് ഇംഗ്ലണ്ടിലെ ചെറുപട്ടണത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മിച്ച് ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം.

logo
The Fourth
www.thefourthnews.in