'അധിക്ഷേപിച്ചു, ആക്രമിക്കാന്‍ ശ്രമിച്ചു'; സംഘാടകർക്കെതിരെ ആരോപണവുമായി നീരജ് മാധവ്, ലണ്ടൻ പരിപാടിയിൽ നിന്ന് പിന്മാറി
യുകെയിലെ സംഗീത പരിപാടി പാതിവഴിയിൽ റദ്ദ് ചെയ്ത് നടനും റാപ്പറുമായ നീരജ് മാധവ്. സംഘാടകരിൽ നിന്നുള്ള മോശം അനുഭവത്തെ തുടർന്നാണ് പരിപാടി പാതിവഴിയിൽ റദ്ദാക്കിയതെന്ന് നീരജ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്ക് ജാക്ക് ഇവന്റ്‌സിനെതിരെയാണ് നീരജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെയും തന്റെ സംഘത്തിലുള്ളവരെയും അധിക്ഷേപിക്കുകയും ശാരീരിക ആക്രമണത്തിന് അടക്കം സംഘടകർ മുതിർന്നെന്നും പരിപാടിയുമായി സഹകരിക്കാനും തടസങ്ങൾ മറികടക്കാനും തങ്ങൾ പരമാവധി ശ്രമിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നെന്നും നീരജ് ആരോപിച്ചു. ഇതിനാലാണ് പാതിവഴിയിൽ വെച്ച് സന്ദർശനം അവസാനിപ്പിക്കുന്നതെന്നും നീരജ് പറഞ്ഞു.
അതേസമയം നീരജിന് വേണ്ടി നിശ്ചയിച്ച പരിപാടികളിൽ മറ്റൊരാളെ കൊണ്ടുവരാൻ തീരുമാനം ആയിട്ടുണ്ടെന്നും നീരജിനെയോ അദ്ദേഹത്തിന്റെ മാനേജറെയോ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പരിപാടിയുടെ സംഘാടകർ പറഞ്ഞു. ഷെഡ്യൂൾ ചെയ്ത ദിവസം പരിപാടി അവതരിപ്പിച്ചില്ല. ഈ സംഭവം തങ്ങളുടെ കമ്പനിയുടെ വിശ്വാസ്യത തകർക്കുകയും കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്‌തതായും സംഘാടകർ പറഞ്ഞു.
ഇതിനെ തുടർന്നാണ് മുൻനിശ്ചയിച്ച മാഞ്ചസ്റ്റർ, കവൻട്രി ഷോകൾക്കായി മറ്റൊരു കലാകാരനെ തീരുമാനിച്ചതെന്നും സംഘാടകർ വിശദീകരിച്ചു.
അതേസമയം തങ്ങളുടെ ടീമിന് തിരികെ വരാനുള്ള ടിക്കറ്റുകൾ സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് നീരജ് പറഞ്ഞു. ലണ്ടൻ പരിപാടിക്ക് ടിക്കറ്റ് വാങ്ങിയ ആരാധകരോട് സംഘാടകരിൽ നിന്ന് പണം തിരികെ വാങ്ങാനും നീരജ് മാധവ് നിർദ്ദേശിച്ചു.
ഏപ്രിൽ 18, 21, 27, 28 എന്നീ തീയതികളിലായിരുന്നു നീരജ് മാധവിന്റെ പ്രോഗ്രാം പലയിടങ്ങളിൽ നിശ്ചയിച്ചിരുന്നത്. നീരജ് പിൻമാറിയതോടെ ദാബ്‌സിയെയാണ് പരിപാടിക്ക് സംഘാടകർ എത്തിച്ചിരിക്കുന്നത്.