"സിനിമ മാത്രമാണോ നമ്മുടെ സൗഹൃദം? ":ബീസ്റ്റിന്റെ പരാജയത്തിന് ശേഷമുള്ള വിജയ്‌യുടെ പ്രതികരണം പങ്കുവെച്ച് നെൽസൺ
ബീസ്റ്റിന്റെ പരാജയത്തെക്കുറിച്ചും ചിത്രം പുറത്തിറങ്ങിയതിന് ശേഷമുള്ള വിജയിയുടെ പ്രതികരണത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ച് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ചിത്രത്തിൽ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചുപോയി എന്നാണ് നെൽസൺ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിന്റെ പരാജയപ്പെട്ടതിനാൽ ദേഷ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ വിജയ് നൽകിയ ഹൃദയസ്പർശിയായ മറുപടിയും നെൽസൺ പങ്കുവെച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങിയത്. തുടർച്ചയായ വിജയങ്ങൾക്ക് ശേഷമുള്ള നെൽസന്റെ പരാജയ ചിത്രമായിരുന്നു ബീസ്റ്റ്.
ബീസ്റ്റ് റിലീസിന് ശേഷം വിജയ് എങ്ങനെ പ്രതികരിച്ചുവെന്ന് നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നെൽസൺ സംസാരിച്ചിരുന്നു. “സത്യം പറഞ്ഞാൽ, സിനിമ റിലീസ് ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'നമ്മൾ ഒരു സിനിമ ചെയ്തു. നിങ്ങൾ എന്നോട് പറഞ്ഞ തരത്തിൽ തന്നെ ഒരു സിനിമ നിർമ്മിച്ചു. നമ്മൾ പരമാവധി പരിശ്രമിച്ചു. ചിലർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. അതിൽ ഇപ്പോൾ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. അടുത്ത തവണ നന്നായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം.' " ചിത്രത്തിന്റെ പരാജയത്തെ സംബന്ധിച്ച് എന്തെങ്കിലും തന്നോട് പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വിജയ് നൽകിയ മറുപടി എന്താണെന്നും നെൽസൺ പറഞ്ഞു.
"ചിത്രത്തിന്റെ പരാജയത്തിൽ എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാൻ എന്തിനാണ് നിങ്ങളോട് ദേഷ്യപ്പെടുന്നത്? എന്നദ്ദേഹം അത്ഭുത്തോടെ ചോദിച്ച് പുറത്തേക്ക് പോയി. പിന്നെ തിരിച്ച് വന്ന് നമ്മുടെ സൗഹൃദം സിനിമ മാത്രമാണോ, നിന്റെ ചോദ്യം എന്നെ വേദനിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. " നെൽസൺ കൂട്ടിച്ചേർത്തു. ജയ്‌ലറിന്റെ വിജയത്തിന് ശേഷം വിജയ് വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും നെൽസൺ പറഞ്ഞു.
ബീസ്റ്റിൽ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചുപോയെന്നാണ് നെൽസൺ പറഞ്ഞത്. "ഒരു ആറോ ഏഴോ മാസം കൂടി ഉപയോഗപ്പെടുത്തുകയും സൂക്ഷ്മതയോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ ചിത്രത്തോടുള്ള പ്രതികരണങ്ങൾ ഇങ്ങനെ ആകില്ലായിരുന്നു." ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ എനിക്ക് സിനിമ പൂർത്തിയാക്കാൻ കഴിയുമെന്ന് ആദ്യം ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു, ” മറ്റൊരു ഓൺലൈൻ ചാനലുമായുള്ള സംഭാഷണത്തിൽ നെൽസൺ പറഞ്ഞു. " കോവിഡ് ഞങ്ങളുടെ ഷൂട്ടിങ് പ്ലാനുകളെ തടസപ്പെടുത്തി. അത് ഉദ്ദേശിച്ച രീതിയിൽ പ്രൊഡക്ഷൻ വർക്കുകൾ മുന്നോട്ട് പോയില്ല. വിഎഫ്‌എക്‌സിൽ ചില മെച്ചപ്പെടുത്തലുകൾ വരുത്തണമായിരുന്നു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു."