നെറ്റ്ഫ്ലിക്സിൽ തരംഗമായി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'; 2.6 മില്യൺ കാഴ്ചക്കാരുമായി ഒന്നാമത്
നെറ്റ്ഫ്ലിക്സിൽ ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ ആദ്യ പത്തിൽ ഒന്നാമതെത്തി പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി'. 1000 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടിയ ചിത്രത്തിന് ഒടിടിയിലും നിറഞ്ഞ കാഴ്ച്ചക്കാരാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്.
2024 ഓഗസ്റ്റ് 22നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. 2.6 മില്യൺ കാഴ്ച്ചക്കാരുമായി ചിത്രമിപ്പോൾ ഒന്നാം സ്ഥാനത്താണ്. 'Untamed Royals', '(Un)lucky Sisters' 'Nice Girls' തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് 'കൽക്കി 2898 എഡി' ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2024 ജൂൺ 27നായിരുന്നു കൽക്കിയുടെ തിയറ്റർ റിലീസ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസായിരുന്നു.
റിലീസ് ദിനത്തിൽ തന്നെ 'കെ.ജി.എഫ്. ചാപ്റ്റർ 2' (159 കോടി രൂപ), 'സലാർ' (158 കോടി രൂപ), 'ലിയോ' (142.75 കോടി രൂപ) എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോർഡുകളെ തകർത്തുകൊണ്ടായിരുന്നു 'കൽക്കി 2898 എഡി'യുടെ വരവ്. വെറും 15 ദിവസങ്ങൾ കൊണ്ട് 'ബാഹുബലി 2: ദ കൺക്ലൂഷൻ'ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയും 'കൽക്കി 2898 എഡി' സ്വന്തമാക്കി. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, ശോഭന, പശുപതി തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. നായിക കഥാപാത്രമായ 'സുമതി'യായ് ദീപിക പദുക്കോൺ വേഷമിട്ടപ്പോൾ മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. മലയാളത്തിൽ നിന്നും അന്ന ബെന്നും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു.