ആദിപുരുഷിലെ സംഘട്ടന രംഗം 'അവഞ്ചേഴ്‌സിന്റെ കോപ്പിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ്. സിനിമയിലെ സംഘട്ടന രംഗമാണിപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിയിച്ചിരിക്കുന്നത്. രാമനും രാവണനും തമ്മിലുള്ള സിനിമയിലെ സംഘട്ടനരംഗങ്ങള്‍ക്ക് മാര്‍വലിന്റെ സൂപ്പര്‍ഹീറോ ചിത്രമായ 'ദി അവഞ്ചേഴ്‌സു'മായി സാമ്യമുണ്ടെന്നാണ് പുതിയ ആരോപണം.
സിനിമയില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ശ്രീരാമന്‍ സഹോദരനായ ലക്ഷ്മണനും ഹനുമാനും സുഗ്രീവനും ഒപ്പം ശത്രുവായ രാവണനെതിരെ യുദ്ധം ചെയ്യുന്നതാണ് രംഗം. ക്യാമറ പാന്‍ ചെയ്യുന്നതിന് അനുസരിച്ച് കഥാപാത്രങ്ങള്‍ ഓരോരുത്തരായി ആയുധങ്ങള്‍ പുറത്ത് എടുക്കുന്നുണ്ട്. സുഗ്രീവനാകട്ടെ ശത്രുക്കള്‍ക്ക് നേരെ അലറുന്നുമുണ്ട്.
ഈ രംഗത്തിന് ദി അവഞ്ചേഴ്‌സില്‍ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന സൂപ്പര്‍ഹീറോസിന്റെ രംഗവുമായി സാമ്യമുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ പുതിയ കണ്ടുപിടിത്തം. ക്യാമറ പാന്‍ ചെയ്യുന്നതിന് അനുസരിച്ച് സൂപ്പര്‍ ഹീറോകളായ ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, ഹോക്കി, അയണ്‍മാന്‍, ഡോക്ടര്‍ സ്‌ട്രേഞ്ച്, ഹള്‍ക്ക് എന്നിവര്‍ ആയുധങ്ങൾ പുറത്തെടുക്കുന്നതായി കാണാം. ഇതോടെ ആദിപുരുഷിലെ മറ്റ് രംഗങ്ങളും കോപ്പി അടിച്ചതാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.
രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസിന് എത്തിയത്. വലിയ പ്രചാരണങ്ങളോടെ എത്തിയ ചിത്രം ആദ്യ ദിവസം വന്‍ കളക്ഷനാണ് നേടിയത്. എന്നാല്‍ ചിത്രത്തിലെ നിലവാരം കുറഞ്ഞ ഗ്രാഫിക്‌സും സിനിമയിലെ പുരാണ കഥാപാത്രങ്ങളുടെ അവതരണവും വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.
സിനിമയില്‍ രാവണന്‍ ആയി അഭിനയിച്ചത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. രാവണൻ്റെ മുടിയും താടിയും ഭീകരമായ മുഖവും എല്ലാം ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സിനിമയിലെ ആക്ഷേപകരമായ സംഭാഷണങ്ങള്‍ ആളുകളെ പ്രകോപിപ്പിക്കുന്നതാണെന്നും നീക്കം ചെയ്യണം എന്നുമായിരുന്നു പലരുടെയും ആവശ്യം.
അഞ്ചാം ദിവസമായപ്പോഴേക്കും ആദിപുരുഷിൻ്റെ തീയേറ്റർ കളക്ഷനിൽ വന്‍ ഇടിവാണ് വന്നിട്ടുള്ളത്. സിനിമയ്ക്കെതിരെ പുതിയ ആരോപണങ്ങൾ ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമ വിജയകരമായാണ് തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദംം