സിനിമ സെറ്റുകള്‍ സുരക്ഷ നല്‍കുന്നയിടം, മറിച്ച് തോന്നിയിട്ടില്ല: നിത്യ മേനൻ

സിനിമ സെറ്റുകള്‍ സുരക്ഷ നല്‍കുന്നയിടം, മറിച്ച് തോന്നിയിട്ടില്ല: നിത്യ മേനൻ

ലിംഗഭേദം, മതം അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേർതിരിച്ചു കാണുന്നതില്‍ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് നിത്യ
Updated on
1 min read

ഒരു സിനിമ സെറ്റും സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ലെന്ന് തെന്നിന്ത്യൻ അഭിനേത്രിയും ദേശീയ പുരസ്കാര ജേതാവുമായ നിത്യ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവിധ സിനിമ ഇൻഡസ്ട്രികളില്‍ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ മാധ്യമമായ എൻഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിത്യ തന്റെ അഭിപ്രായം പങ്കുവെച്ചത്.

"സിനിമ സെറ്റ് സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാൻ വരില്ല. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നിരവധി പേരുള്ളതിനാല്‍ സിനിമാ സെറ്റില്‍ സുരക്ഷിതരാണ്. ഞാൻ അഭിനയജീവിതം ആരംഭിച്ചപ്പോള്‍ ചുരുക്കം ചില സ്ത്രീകള്‍ മാത്രമായിരുന്നു സിനിമ സെറ്റുകളില്‍ ഉണ്ടായിരുന്നത്. ചിലപ്പോള്‍ മേക്കപ്പ് ചെയ്യുന്ന ഒരാള്‍ മാത്രമായിരിക്കും. ഇപ്പോള്‍, ഒരുപാട് സ്ത്രീകള്‍ സിനിമ മേഖലയുടെ ഭാഗമായിരിക്കുന്നു, അത് സന്തോഷം നല്‍കുന്ന ഒന്നാണ്," നിത്യ മേനൻ പറഞ്ഞു.

സിനിമ സെറ്റുകള്‍ സുരക്ഷ നല്‍കുന്നയിടം, മറിച്ച് തോന്നിയിട്ടില്ല: നിത്യ മേനൻ
'വിമർശിക്കാം, പക്ഷേ അരാഷ്ട്രീയവാദത്തെ ന്യായീകരിക്കാനാവില്ല'; ഷുക്കൂർ വക്കീൽ അഭിമുഖം

ലിംഗഭേദം, മതം അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേർതിരിച്ചുകാണുന്നതില്‍ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും കുറിച്ചും നിത്യ സംസാരിച്ചു. "മനുഷ്യരെ ലിംഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വേർതിരിച്ചുകാണാൻ എനിക്ക് സാധിക്കില്ല. ഞാൻ മനുഷ്യരെയാണ് കാണുന്നത്. ഇങ്ങനെ പെരുമാറരുത്, ഇത് ശരിയല്ല എന്നൊക്കെയാണ് ഞാൻ പറയാറുള്ളത്. ഇതുകൊണ്ട് എനിക്ക് സുരക്ഷയില്ലായ്‌മ തോന്നിയിട്ടില്ല," നിത്യ കൂട്ടിച്ചേർത്തു.

അടുത്തതായി പുറത്തിറങ്ങാനുള്ള നിത്യ മേനൻ ചിത്രം 'ഇഡ്‌ലി കടൈ'യാണ്. ധനുഷാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധാനം ചെയ്യുന്നതും.

"ധനുഷ് എനിക്ക് പരിചയമുള്ള വ്യക്തിയും സുഹൃത്തുമാണ്. ഒരു വേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെല്ലാം. ഒന്നിലധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ഞങ്ങളും. എല്ലാം മേഖലകളിലേക്ക് സംഭാവന ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതൊരു സ്വഭാവികമായ പ്രക്രിയയായിട്ടാണ് കാണുന്നത്," നിത്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in