മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി നേടിയിട്ടില്ലേ ? എന്താണ് യാഥാര്‍ത്ഥ്യം
മലയാളത്തിൽ ഒരു സിനിമയും നൂറുകോടി കളക്ഷൻ നേടിയിട്ടില്ല പ്രസ്താവന നിർമാതാവ് ജി സുരേഷ് കുമാറിൽ നിന്നുണ്ടായത് കഴിഞ്ഞ ദിവസമാണ്. രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്മൃതി സന്ധ്യ'യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങൾ ശരിയാണ്. മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കളക്ഷൻറെ കാര്യമാണെന്നായിരുന്നു സുരേഷ് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെ ചില ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി. മലയാളത്തിൽ 100, 200 കോടി ക്ലബുകളിൽ ചില ചിത്രങ്ങൾ കയറിയെന്ന് വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളിലെ സത്യമെന്താണ്, എന്താണ് കോടി ക്ലബ്, എന്താണ് ഗ്രോസ് കളക്ഷൻ, 100 കോടി ക്ലബിൽ കയറിയാൽ നിർമാതാവിന് അത്ര തന്നെ തുക ലഭിക്കുമോ എന്നിങ്ങനെയായിരുന്നു ഉയർന്ന ചോദ്യങ്ങൾ.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ജി സുരേഷ് കുമാർ തന്നെ പറയുന്നു.
മലയാളത്തിൽ നൂറ് കോടി കളക്ഷൻ ഇല്ല ?, എന്താണ് ഗ്രോസ് കളക്ഷൻ?
മലയാളത്തിൽ ഒരു സിനിമയ്ക്കും നൂറ് കോടി കളക്ഷൻ ഇല്ല എന്നതിന്റെ അര്‍ത്ഥം നിർമാതാവിന് ഒരിക്കലും അത്ര തുക ലഭിക്കുന്നില്ല എന്നതാണെന്ന് ജി സുരേഷ് കുമാർ ദ ഫോർത്തിനോട് പറഞ്ഞു. '50 ലക്ഷം പേരാണ് കൂടി പോയാൽ കേരളത്തിൽ തിയേറ്ററുകളിൽ പോയി സിനിമകൾ കാണുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ സ്‌ക്വാഡും 100 നേടിയെന്ന് പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ഈ തുക നിർമാതാവിന് ലഭിക്കില്ല. ഇതെല്ലാം ഗ്രോസ് കളക്ഷനാണ്. സിനിമയുടെ പ്രെമോഷനുവേണ്ടി ഗ്രോസ് കളക്ഷനെ സിനിമയുടെ കളക്ഷനായി അവതരിപ്പിക്കുകയാണ് പലരും. ഇനി 100 കോടി രൂപ തിയേറ്ററുകളിൽ നിന്ന് കിട്ടിയാലും നിർമാതാവിന്റെ കൈവശമെത്തുന്നത് മാക്‌സിമം പോയാൽ 30 മുതൽ 35 കോടി രൂപവരെയാണ് ബാക്കി തുക നികുതിയിനത്തിലും എക്‌സിബിറ്റേഴ്‌സിനുള്ള വിഹിതമായും വിതരണക്കാർക്കുള്ള വിഹിതമായും പോകും.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും നന്നായി പോയി കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിജയ് ചിത്രം ലിയോ ഈ ചിത്രത്തിന് വിതരണക്കാരനായ ഗോകുലം ഗോപാലന് നിലവിലെ അവസ്ഥയിൽ കൈയ്യിൽ കിട്ടുക 25 കോടി രൂപ മാത്രമാണ്. മലയാളത്തിൽ ആദ്യമായി 100 കോടി നേടിയെന്ന് പറയുന്ന പുലി മുരുകന്റെ നിർമാതാവിന് കൈയിൽ കിട്ടിയത് 27-28 കോടി രൂപ മാത്രമാണ്. ഗ്രോസ് കളക്ഷനെ സിനിമയുടെ കളക്ഷനായി കാണിക്കുമ്പോൾ സിനിമയുടെ നിർമാതാവിന് ലഭിക്കുന്ന തുകയായി ആളുകൾ വിലയിരുത്താറുണ്ട്.
ഒരു സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് ടിക്കറ്റ് വിറ്റുകിട്ടിയ തുകയാണ് ഗ്രോസ് കളക്ഷൻ. ഈ തുകയിൽ നിന്ന് നികുതി കഴിച്ചുള്ള തുകയെ നെറ്റ് കളക്ഷൻ എന്ന് വിളിക്കും ഈ തുകയാണ് പിന്നീട് എക്‌സിബിറ്റേഴ്‌സും നിർമാതാക്കളും വിതരണക്കാരും ഷെയർ അടിസ്ഥാനത്തിൽ വിതം വെയക്കുന്നത്'. എന്നും സുരേഷ് കുമാർ ദ ഫോർത്തിനോട് പറഞ്ഞു.
'മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നിലവിൽ വന്ന ചിത്രം 2018 -ആണ് 42 ലക്ഷത്തോളം ആളുകളാണ് കേരളത്തിൽ അത് തിയേറ്ററുകളിൽ നിന്ന് കണ്ടത്. സമീപകാലത്ത് തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ 2018, ആർഡിഎക്‌സ്, കണ്ണൂർ സ്‌ക്വാഡ് തമിഴിൽ നിന്നുള്ള ജയിലർ, ലിയോ എന്നിവയൊക്കെയാണ്' എന്നും സുരേഷ് കുമാർ ദ ഫോർത്തിനോട് പറഞ്ഞു.
അതേസമയം, ഒരു മലയാള സിനിമയും നൂറ് കോടി രൂപ നേടിയിട്ടില്ലെന്ന് പറയാനാവില്ലെന്ന് മുക്കം പിസി തിയേറ്റർ ഉടമയും ഫിയോക്ക് എക്‌സിക്യൂട്ടീവ് മെമ്പറുമായ ഷിംജി പിസി ദ ഫോർത്തിനോട് പറഞ്ഞു. 100 രൂപ ടിക്കറ്റ് വെച്ചു ഒരു കോടി ആളുകൾ സിനിമ കണ്ടാൽ 100 കോടി ആയി. അതിൽ ഒരു 40 കോടി രൂപയോളം പ്രൊഡ്യൂസർ/ വിതരണക്കാരന് ലഭിക്കും . ലോകം മുഴുവൻ ഉള്ളവരിൽ ഒരു കോടി പേര് കണ്ട മലയാള സിനിമ ഉണ്ടാവില്ലേ? എന്ന് ഷിംജി ചോദിച്ചു.
പുതിയ കാലത്ത് തിയേറ്റർ കളക്ഷന് പുറമെ ഒടിടി, ഓഡിയോ, റീമേക്ക് റൈറ്റുകൾ, സാറ്റ്‌ലൈറ്റ് വരുമാനം എന്നിങ്ങനെയുള്ള വരുമാനവും സിനിമകൾക്ക് ലഭിക്കുന്നുണ്ട്. കേരളത്തിൽ ടിക്കറ്റിന് നൂറ് രൂപയാണെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് എ്ത്തുമ്പോൾ ഈ ടിക്കറ്റ് നിരക്ക് പിന്നെയും വർധിക്കും. അപ്പോൾ ഒരു സിനിമയ്ക്ക് 100 കോടി രൂപ ലഭിച്ചിട്ടില്ല എന്നുപറയാൻ സാധിക്കില്ല. ഒരു മലയാള സിനിമയുടെ നിർമാതാവിന് ഒരു മലയാള സിനിമയിൽ നിന്ന് നൂറ് കോടി രൂപ ലഭിച്ചിട്ടില്ല എന്നതായിരിക്കും ജി സുരേഷ് കുമാർ ഉദ്ദേശിച്ചത് എന്നും ഷിംജി പറഞ്ഞു.
എന്താണ് ശരിക്കും നൂറ് കോടി ക്ലബ്?
ഒരു സിനിമയുടെ ടോട്ടൽ ഗ്രോസ് കളക്ഷൻ അതായത് തിയേറ്ററിൽ നിന്ന് ടിക്കറ്റിലൂടെ പിരിഞ്ഞു കിട്ടുന്ന ആകെ തുക നൂറ് കോടി എത്തുമ്പോഴാണ് ആ സിനിമ നൂറു കോടി ക്ലബ്ബിലെത്തിയെന്ന് പറയുന്നത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും റെസ്റ്റ് ഓഫ് ഇന്ത്യ റിലീസുകളിലെയും എല്ലാം കണക്കുകൾ ഉൾപ്പെടുന്നതാണ് ഒരു സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ.
ഒരു സിനിമ നൂറ് കോടി ക്ലബിൽ കയറിയാൽ അതിൽ നിന്ന് എത്രയായിരിക്കും നിർമ്മാതാവിന് ലഭിക്കുന്ന ലാഭം ?
ഒരു സിനിമയുടെ ടോട്ടൽ ഗ്രോസ് നൂറ് കോടി വന്നാൽ, ആ നൂറ് കോടിയിൽ 23 ശതമാനം ടാക്സും സ്റ്റാറ്റിയൂട്ടറി ഡിഡക്ഷനുമാണ്. ബാക്കി വരുന്ന 77 ശതമാനം നിർമ്മാതാവും തിയേറ്റർ ഉടമകളും കൂടി ഷെയർ ചെയ്യുകയാണ് ചെയ്യുന്നത്. ഈ തുകയെയാണ് ഒരു സിനിമയുടെ നെറ്റ് കളക്ഷൻ എന്ന് പറയുന്നത്. അതായത് ഒരു സിനിമ വേൾഡ് വൈഡ് തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്യുന്ന തുകയെ ഗ്രോസ് കളക്ഷൻ എന്നും അതിൽ നിന്ന് ടാക്സ് കഴിഞ്ഞ് വരുന്ന തുകയെ നെറ്റ് കളക്ഷൻ എന്നും പറയുന്നു.
100 കോടി രൂപ ഒരു സിനിമ കളക്റ്റ് ചെയ്താൽ അതിൽ നിന്ന് ഏകദേശം 77 കോടിയായിരിക്കും നെറ്റ് കളക്ഷൻ, അത് നിർമാതാക്കളും തിയേറ്റർ ഉടമകളും ഷെയർ ചെയ്യുന്നു. ഈ ഷെയർ പേർസന്റേജ് വ്യത്യസ്ത രീതികളിലായിരിക്കും. ഉദാഹരണത്തിന് സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ച 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയേറ്ററുടമകൾക്കും ലഭിക്കുമ്പോൾ, രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും നാൽപ്പത്തിയഞ്ചാവും പിന്നീട് അമ്പത് അമ്പത് എന്ന രീതിയിലുമൊക്കെയാവാം.
നെറ്റ് കളക്ഷനിൽ നിർമ്മാതാവിന്റെ ഷെയറിൽ നിന്ന് സിനിമയുടെ പബ്ലിസിറ്റി, ഡിജിറ്റൽ സർവീസ് പ്രൊവൈഡേഴ്സ് എന്നീ ചിലവുകൾ എന്നിവയും ഉണ്ടാവും.
100 കോടി ക്ലബില്‍ കയറിയാല്‍ ലാഭം ലഭിച്ചോ ?
സിനിമയുടെ നിര്‍മാണ ചിലവ് കണക്കാക്കിയാണ് സിനിമയുടെ ലാഭം കണക്കാക്കുന്നത്. ഒരു സിനിമ നൂറ് കോടി ക്ലബില്‍ കയറിയത് കൊണ്ട് ലാഭമാകണമെന്നില്ല. നിര്‍മാണ ചിലവിനെക്കാള്‍ എത്ര രൂപ ലഭിക്കുന്നുവോ അതാണ് നിര്‍മാതാവിന്റെ ലാഭം. ഉദാഹരണത്തിന് ഗ്രോസ് കളക്ഷനായി 50 കോടി രൂപ ലഭിച്ചു എന്നുവെയ്ക്കുക. സിനിമയുടെ നിര്‍മാണ ചിലവ് 45 കോടി രൂപയാണെങ്കില്‍ ആ സിനിമ പരാജയമായിരിക്കും കാരണം. 50 കോടിയില്‍ നിന്ന് 20 മുതല്‍ 23 കോടി രൂപ മാത്രമായിരിക്കും വിഹിതം ലഭിക്കുക. അതേസമയം ഈ ചിത്രത്തിന്റെ നിര്‍മാണ ചിലവ് 2 കോടി രൂപയാണെങ്കില്‍ ഇരുപത് കോടിയോളം രൂപ നിര്‍മാതാവിന് ലാഭമായിരിക്കും.